കെ എസ് എഫ് ഇയിൽ ക്രമക്കേട് ഉണ്ടെങ്കിൽ തിരുത്തേണ്ടതല്ലേ ?അതിനു വിജിലൻസിനെ ചങ്ങലക്കിടണോ ?

അത്യന്തം ഗുരുതരമായ ക്രമക്കേടുകൾ ആണ് കെ എസ് എഫ് ഇ റെയ്ഡിൽ കണ്ടെത്തിയിട്ടുള്ളത് .റെയ്ഡിലെ വിവരങ്ങൾ സർക്കാരിനെ അറിയിക്കാനും ഉദ്യോഗസ്ഥ തല നടപടികളിലേയ്ക്ക് കടക്കാനുമായിരുന്നു വിജിലൻസിന്റെ ഉദ്ദേശം .ആഴ്ചകളോളം നിരീക്ഷിച്ചതിനു ശേഷമാണ് വിജിലൻസ് റെയ്‌ഡിലേയ്ക്ക് കടന്നതും .എന്നാൽ ധനമന്ത്രി തോമസ് ഐസക്ക് കണ്ണുരുട്ടിയതോടെ റിപ്പോർട്ടിന്റെ ഭാവി തുലാസിലായി, ഒപ്പം ക്രമക്കേട് തടയാൻ ഉള്ള അവസരവും .

കെ എസ് എഫ് ഇയിൽ ക്രമക്കേട് കണ്ടെത്തുന്നതിൽ ധനമന്ത്രിയ്ക്ക് എന്താണ് പ്രശ്നം ?സ്വന്തം ഓഡിറ്റിങ് മതി ,മറ്റൊരു ഏജൻസിയും ഓഡിറ്റ് ചെയ്യണ്ട എന്ന പിടിവാശി ആർക്കാണ് തുണയാകുക ?ആ സ്ഥാപനത്തിന്റെ നിലനില്പിനോ അതോ വെട്ടിത്തിന്നുന്ന ഉദ്യോഗസ്ഥർക്കോ ?

സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കെ എസ് എഫ് ഇക്കെതിരെ ഉയരുന്നത് അതീവ ഗുരുതരമായ ആരോപണങ്ങൾ ആണ് .കള്ളപ്പണം വെളുപ്പിക്കുന്നത് അടക്കമുള്ള ആരോപണങ്ങൾ ആണ് .
രണ്ടാഴ്ചയിലേറെ നീണ്ടു നിന്ന രഹസ്യാന്വേഷണത്തിനു ശേഷമാണ് കെ എസ് എഫ് ഇയിൽ പരിശോധന നടത്താൻ വിജിലൻസ് തയ്യാറാവുന്നത് .കള്ളപ്പണം വെളുപ്പിക്കുന്നു എന്നതടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം .

കഴിഞ്ഞ 10 നു ലഭിച്ച നിർദേശപ്രകാരം വിവിധ യൂണിറ്റുകൾ കെ എസ് എഫ് ഇക്കെതിരെ അന്വേഷണം ആരംഭിച്ചിരുന്നു .27 നു മിന്നൽ പരിശോധനയ്ക്ക് തയ്യാറെടുക്കാനുള്ള നിർദേശവും അന്ന് തന്നെ നൽകിയിരുന്നു .സ്ഥാപനത്തെ തന്നെ ഇല്ലാതാക്കും വിധമുള്ള പ്രവർത്തനങ്ങൾ ആണ് കെ എസ് എഫ് ഇയിൽ നടക്കുന്നത് എന്നായിരുന്നു പരാതി .

ചിട്ടിപ്പണം വകമാറ്റുന്നു എന്നതായിരുന്നു പ്രധാന പരാതി .ട്രഷറിയിലൊ ബാങ്കിലോ ആണ് ചിട്ടിപ്പണം ഡെപ്പോസിറ്റ് ഇടേണ്ടത് .എന്നാൽ ഈ തുക വക മാറ്റുകയാണ് ചെയ്യുന്നത് .

ബ്രാഞ്ച് മാനേജർമാരുടെ അറിവോടെ മൾട്ടി ഡിവിഷൻ ചിട്ടിയിൽ ചിലർ 100 നറുക്കുകൾ വരെ കൈവശം വെയ്ക്കുന്നു എന്ന ഗുരുതര പരാതിയും കെ എസ് എഫ് ഇയെ കുറിച്ചുണ്ട് .ലഭിച്ച ചിട്ടി ഇത്തരക്കാർ അടയ്ക്കുകയും മറ്റുള്ളവ വീഴ്ച വരുത്തുന്നതോടെ കെ എസ് എഫ് ഇ തനത് ഫണ്ടിൽ നിന്ന് അടയ്ക്കുകയും ചെയ്യുന്നു .

4 കോടി രൂപ വരെയുള്ള വാർഷിക ടാർഗറ്റ് തികയ്ക്കാൻ വലിയ പൊള്ളച്ചിട്ടികൾ തുടങ്ങി സ്ഥാപനത്തിന് വൻസാമ്പത്തിക നഷ്ടം വരുത്തുന്നു എന്ന പരാതിയും കെ എസ് എഫ് ഇയെ കുറിച്ച് ഉയരുന്നു .2 ലക്ഷത്തിനു മുകളിൽ അടവുള്ള ചിട്ടികളിൽ ചേർന്ന് ചിലർ കള്ളപ്പണം വെളുപ്പിക്കുന്നു എന്ന കാര്യവും വിജിലൻസ് പരിശോധിച്ചിരുന്നു .

ബിനാമി പേരിൽ ഉദ്യോഗസ്ഥർ ചിട്ടിയിൽ ചേർന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .തൃശൂരിലെ ഒരു ശാഖയിൽ രണ്ടു പേർ 20 ചിട്ടികളിലും മറ്റൊരാൾ 10 ചിട്ടിയിലും ചേർന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട് .എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് കെ എസ് എഫ് ഇ .

വിജിലൻസിനെ നിശബ്ദമാക്കുന്നതിനെതിരെ വിജിലൻസ് ഉദ്യോഗസ്ഥർക്കിടയിൽ തന്നെ കടുത്ത അതൃപ്തി ഉണ്ട് .സംസ്ഥാന സർക്കാർ വകുപ്പുകളിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തലാണ് വിജിലൻസിന്റെ ജോലി .എന്നാൽ വിജിലൻസ് ആ ജോലി എടുക്കേണ്ട എന്നാണ് ധനമന്ത്രി പറയുന്നത് .ഏത് മണ്ടന്മാരാണ് റെയ്ഡിന് തീരുമാനം എടുത്തത് എന്ന് ധനമന്ത്രി ചോദിക്കുമ്പോൾ ധനവകുപ്പിന് കീഴിൽ വരുന്ന ഒരു ഏജന്സിയ്ക്കും സ്ഥാപനത്തിനും സോഷ്യൽ ഓഡിറ്റിങ് വേണ്ടെന്നാണോ ധനമന്ത്രി പറയുന്നത് ?അങ്ങിനെയെങ്കിൽ ധനവകുപ്പിലെ സ്ഥാപനങ്ങൾ സുതാര്യമായി എങ്ങനെ മുന്നോട്ട് പോകും ?താൻ പരിശോധിച്ചാൽ മതി എന്ന് ഓരോ മന്ത്രിയും തീരുമാനം എടുത്താൽ പിന്നെ ജനാധിപത്യത്തിന് എന്ത് പ്രസക്തി ?ആരാണ് പൂച്ചയ്ക്ക് മണികെട്ടുക ?

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version