NEWS

അപ്രഖ്യാപിത കറന്റ് കട്ടുമായി കെഎസ്ഇബി, കാരണമില്ലാതെ കറന്റ് പോകുന്നത് പതിവാകുന്നു

കെഎസ്ഇബിയിൽ ഇത് അപ്രഖ്യാപിത കറന്റ് കട്ടിന്റെ കാലമോ? കറന്റ്‌ കട്ടും ലോഡ് ഷെഡ്‌ഡിങ്ങുമില്ലാതെ നാലു വർഷം എന്നാണ് വൈദ്യുതി വകുപ്പ് മേനി പറയുന്നത്. എന്നാൽ ഒരു ദിവസം മൂന്നു തവണയെങ്കിലും കറന്റ് പോകുന്നത് പതിവാകുന്നു. കോട്ടയം അടക്കമുള്ള മധ്യകേരളത്തിൽ ഇപ്പോൾ വൈദ്യുതി മുടക്കം പതിവാകുന്നു. കെ എസ് ഇ ബിയിൽ വിളിച്ചന്വേഷിച്ചാൽ ചെറിയ എന്തെങ്കിലും പണിയാണ് പറയുക. എന്നാൽ ദിവസവും കറന്റ് കട്ട് ചെയ്ത് എന്താണ് ഇത്ര പണിയെന്നു ചോദിച്ചാൽ ഉത്തരമില്ല.

കോട്ടയത്താണ് ഏറ്റവുമധികം ഇത് അനുഭവപ്പെടുന്നത്. പത്ത് തവണയൊക്കെ കറന്റ് പോകുന്ന ദിവസങ്ങൾ ധാരാളമുണ്ട് കോട്ടയംകാർക്ക്. കൃത്യമായ കാരണം പറയാൻ ഇല്ല താനും.

സംസ്ഥാനത്ത് ഏതെങ്കിലും തരത്തിൽ വൈദ്യുതി ക്ഷാമം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ കറന്റ് കട്ട് പതിവാകുന്നു. അണക്കെട്ടുകളിലെ ജലനിരപ്പ് അത്ര കണ്ട് താഴാൻ സമയമായിട്ടില്ല. കേരളത്തിന്‌ ലഭിക്കേണ്ട വൈദ്യുതി കൃത്യമായി ലഭിക്കുന്നുണ്ട് താനും.

ചെറുകിട കച്ചവടങ്ങൾക്കും കറന്റിനെ മാത്രം ആശ്രയിച്ച് കഴിയുന്ന ചെറുകിട ബിസിനസുകൾക്കുമാണ് ഏറെ ബുദ്ധിമുട്ട്. ഇടക്കിടെ കറന്റ്‌ പോകുന്നത് കൊണ്ട് വലിയ നഷ്ടമാണ് ഇത്തരക്കാർക്ക് ഉണ്ടാകുന്നത്. അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും കറന്റ് കട്ട് മുടക്കം ഇല്ലാതെ തുടരുകയാണ്.

Back to top button
error: