NEWS

സംസ്ഥാന ബിജെപിയിൽ കേന്ദ്ര ഇടപെടൽ ഉടൻ ,ശോഭ സുരേന്ദ്രന്റെ പ്രതിഷേധം ഫലം കാണുന്നു

ഇടഞ്ഞു നിൽക്കുന്ന ശോഭ സുരേന്ദ്രനെ മെരുക്കാൻ ബിജെപി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതാണ് .എന്നാൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിക്കാൻ ശോഭ സുരേന്ദ്രൻ ഉണ്ടാകും എന്ന ഒഴുക്കൻ പ്രസ്താവന മാത്രമാണ് സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ നടത്തിയത് .ഇക്കാര്യം ദേശീയ നേതൃത്വം ശ്രദ്ധിച്ചിട്ടുണ്ട് .

പ്രശ്നപരിഹാരം ഇല്ലെങ്കിൽ തദ്ദേശ ഭരണ തെരഞ്ഞെടുപ്പുമായി സഹകരിക്കേണ്ടതില്ല എന്ന നിലപാടാണ് ഇടഞ്ഞു നിൽക്കുന്നവർ സ്വീകരിച്ചിരിക്കുന്നത് .ഇത് പാർട്ടിക്കുണ്ടാക്കുന്ന പ്രശ്‍നങ്ങൾ ദേശീയ നേതൃത്വത്തിന് വ്യക്തമാണ് .എന്നാൽ സംസ്ഥാന നേതൃത്വത്തിന് ആ ബോധമില്ല എന്നതാണ് ദേശീയ നേതൃത്വത്തെ അമ്പരപ്പിക്കുന്നത് .അത്രമേൽ ഗ്രൂപ്പിസം ഇനി വച്ചുപൊറുപ്പിക്കേണ്ട എന്നതാണ് ദേശീയ നേതൃത്വത്തിന്റെ നിലപാട് .

കഴിഞ്ഞ ദിവസം മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ സംസ്ഥാനത്ത് എത്തിയിരുന്നു .ശോഭാ സുരേന്ദ്രന് അനുകൂലമായ പ്രസ്താവന ആണ് ഇവർ നടത്തിയത് .വീടിനകത്ത് അസംതൃപ്തി ഉണ്ടെങ്കിൽ അത് തുറന്നു പറയുന്നതിൽ എന്താണ് തെറ്റ് എന്നാണ് വാനതി ചോദിച്ചത് .ശോഭ ഉന്നയിച്ച കാര്യങ്ങൾ പാർട്ടി ശ്രദ്ധിക്കുന്നുണ്ട് .ശോഭയ്ക്ക് അർഹമായ സ്ഥാനം നൽകുമെന്നും വാനതി വ്യക്തമാക്കി .

ബിജെപിയുടെ കേരളത്തിലെ പ്രഭാരി സി പി രാധാകൃഷ്‌ണൻ ആദ്യമായി സംസ്ഥാനത്ത് എത്തിയപ്പോൾ ശോഭ സുരേന്ദ്രനുമായി ആശയവിനിമയം നടത്തിയിരുന്നു .പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമെന്നു അദ്ദേഹവും വ്യക്തമാക്കിയിരുന്നു .

ബിജെപി കോർ കമ്മിറ്റിയിൽ സംസ്ഥാനത്തെ ഏക വനിതാ സാന്നിധ്യം ശോഭ സുരേന്ദ്രൻ ആയിരുന്നു .എന്നാൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷൻ ആയപ്പോൾ ശോഭയെ കോർ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി .മാത്രമല്ല അപ്രധാനമായ ഉപാധ്യക്ഷ പദവിയിൽ ഒതുക്കി .ഇതോടെ ശോഭ സജീവ രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചു .സോഷ്യൽ മീഡിയയിൽ പോലും അപൂർവമായേ പ്രതികരിച്ചുള്ളൂ .

വി മുരളീധര വിഭാഗത്തിനെതിരെ സംസ്ഥാനത്തെ വിവിധ ഗ്രൂപ്പുകൾ ഒന്നിക്കാനുള്ള സാധ്യത ആണ് തെളിയുന്നത് .മുരളീധരന്റെ ആജ്ഞകൾ ആണ് കെ സുരേന്ദ്രൻ അനുസരിക്കുന്നത് എന്നതാണ് ഇവരുടെ പക്ഷം .നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ വലിയ പൊട്ടിത്തെറിയും നേതാക്കളുടെ കൂടുമാറ്റവും പ്രതീക്ഷിക്കാം .

Back to top button
error: