LIFENEWS

കിഫ്ബിയ്ക്ക് പിന്നാലെ കെ എസ് എഫ് ഇയും ,ധനവകുപ്പിന് ആശങ്ക

കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് ധനവകുപ്പിനെ ആശങ്കയിൽ ആക്കുന്നു .കിഫ്ബിയും മസാല ബോണ്ടും സി എ ജി റിപ്പോർട്ടുമൊക്കെ ധനവകുപ്പിനെ പൊതുവിലും ധനകാര്യ മന്ത്രിയെ പ്രത്യേകിച്ചും പ്രതിസന്ധിയിലാക്കിയ സാഹചര്യത്തിൽ ധൃതി പിടിച്ച് ഉണ്ടായ വിജിലൻസ് റെയ്‌ഡിൽ സംശയം ഉന്നയിക്കുകയാണ് ധനമന്ത്രി .ആരുടെ തലയിൽ ഉദിച്ച മണ്ടൻ ആശയം എന്നാണ് ധനമന്ത്രി റെയ്‌ഡിനെ വിശേഷിപ്പിച്ചത് .

മുഖ്യമന്ത്രിയുടെ കീഴിലാണ് വിജിലൻസ് .കേന്ദ്ര ഏജൻസികൾ കേരള സർക്കാരിനെ വട്ടമിട്ട് പറക്കുമ്പോൾ എന്തിനാണ് ഈ അനാവശ്യ റെയ്ഡ് എന്നാണ് തോമസ് ഐസക് ചോദിക്കുന്നത് .ഐസക്കിന്റെ അനിഷ്ടം വ്യക്തം .രാഷ്ട്രീയ വരുംവരായ്കകൾ ഒന്നും ആലോചിക്കാതെ ആണ് ഈ നീക്കം എന്ന് ഐസക് വിലയിരുത്തുന്നു .

സംസ്ഥാനത്ത് ഏറ്റവുമധികം ലാഭമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമാണ് കെ എസ് എഫ് ഇ .എന്നാൽ നിലവിൽ ചില പദ്ധതികൾ പാളിക്കിടക്കുകയാണ് .അതിലൊന്നാണ് സ്‌കൂൾ കുട്ടികൾക്ക് ലാപ്ടോപ്പ് നൽകുന്ന പദ്ധതി .ധനമന്ത്രി അഭിമാനത്തോടെ പ്രഖ്യാപിച്ച പദ്ധതി ആണിത് .

കെ എസ് എഫ് ഇയെ പൊതുമധ്യത്തിലും അന്വേഷണ ഏജൻസികളുടെ മുന്നിലും സംശയത്തിന്റെ നിഴലിൽ നിർത്തുന്ന ധാരാളം കണ്ടെത്തലുകൾ വിജിലൻസിന്റെ റെയ്ഡിലൂടെ പുറത്ത് വന്നിട്ടുണ്ട് .പണയാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ വീഴ്ച വരുത്തിയിരിക്കുന്നത് 10 ശാഖകൾ ആണ് .ഇതിൽ നാല് ശാഖകളിൽ സ്വർണത്തട്ടിപ്പ് നടക്കുകയും ചെയ്തു .

ചിട്ടികളുടെ ആദ്യതവണ പൊതു മേഖല ബാങ്കുകളിലോ ട്രഷറിയിലോ നിക്ഷേപിക്കണം എന്നാണ് വ്യവസ്ഥ .എന്നാൽ മിക്ക ശാഖകളും ഇത് നടപ്പാക്കുന്നില്ലെന്ന് മാത്രമല്ല തുക വക മാറ്റുന്നുമുണ്ട് .വണ്ടി ചെക്ക് നല്കുന്നവരെയും നറുക്കിൽ ഉൾപ്പെടുത്തുകയും ചിട്ടി നൽകുകയും ചെയ്യുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് .

ആളിനെ തികയാതെ ചിട്ടി നടത്തുകയും പിന്നീട് കെ എസ് എഫ് ഇയുടെ തനത് ഫണ്ടിൽ നിന്ന് അതടക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ട് .ചില മേഖലകളിൽ ചിട്ടിയ്ക്ക് വലിയ ഡിമാൻഡ് ഉണ്ടാകുന്നതും സംശയ നിഴലിൽ ആണ് .10 ലക്ഷം വരെ തവണയടക്കുന്നവരിൽ കള്ളപ്പണം വെളുപ്പിക്കുന്നവർ ഉണ്ടോ എന്ന സംശയം നിലനിൽക്കുന്നുണ്ട് .

അതേസമയം കെ സി എഫ് ഇയുടെ നടപടികൾ സുതാര്യമാണ് എന്നാണ് ചെയർമാൻ പീലിപ്പോസ് തോമസിന്റെ വാദം .ഒന്നിലധികം ഓഡിറ്റുകൾ സ്ഥാപനത്തിൽ നടക്കുന്നുണ്ട് .ഈ വാദത്തെ ധനമന്ത്രിയും ശരിവെക്കുന്നു .

Back to top button
error: