NEWS

നടിയെ ആക്രമിച്ച കേസ്; സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്. വിചാരണക്കോടതി മാറ്റണമന്നാവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുന്നത്. സി ആര്‍ പി സി 406 പ്രകാരം ഹൈക്കോടതി ഉത്തരവിന് എതിരെയാണ് സര്‍ക്കാര്‍ കോടതി മാറ്റത്തിനുളള ആവശ്യം ഹര്‍ജിയായി ഉന്നയിക്കുന്നത്.

ഹൈക്കോടതിയില്‍ ഉന്നയിച്ച വാദമുഖങ്ങള്‍ തന്നെയായിരിക്കും സുപ്രീംകോടതിയേയും സര്‍ക്കാര്‍ ബോദ്ധ്യപ്പെടുത്തുക. 2013ലെ ഭേദഗതിപ്രകാരമുളള മാറ്റങ്ങള്‍ക്ക് അനുസൃതമായല്ല ഹൈക്കോടതി വിധി എന്നതായിരിക്കും പ്രധാനപ്പെട്ട വാദം.ഹൈക്കോടതി ഉത്തരവ് നിയമപരമായ എല്ലാവശങ്ങളും പരിശോധിച്ചല്ല എന്ന് സര്‍ക്കാര്‍ അറിയിക്കും.

സുപ്രീംകോടതിയിലേക്കുളള ഹര്‍ജി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങളിലേക്ക് ഡല്‍ഹിയിലുളള അഭിഭാഷകരുമായി സര്‍ക്കാര്‍ കൂടിയാലോചനകള്‍ നടക്കുകയാണ്.

നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ഇതേ കാര്യവുമായി സമീപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ഫുള്‍ ബെഞ്ചിന്റെ ഉത്തരവ് ഇതിന് തടസമായതിനാലാണ് സി ആര്‍ പി സി 406 പ്രകാരം കോടതി മാറ്റം ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയിലേക്ക് പോകാനുളള തീരുമാനം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

അതേസമയം, ഹൈക്കോടതി വിധി വന്നതോടെ വിചാരണക്കോടതി നടപടികളുമായി മുന്നോട്ട് നീങ്ങുകയാണ്. ഫെബ്രുവരി നാലിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം ഉണ്ടായിരുന്നു. അതുകൊണ്ട് വേഗത്തില്‍ വിചാരണയുമായി മുന്നോട്ടുപോകാനാണ് വിചാരണക്കോടതിയുടെ ശ്രമം.

Back to top button
error: