LIFETRENDING

മെഗാസ്റ്റാറിന്റെ മെഗാ പ്രോജക്ടുകള്‍

കോവിഡ് 19 കേരളത്തില്‍ ഏറ്റവുമധികം ബാധിച്ച ഒരു വിഭാഗമായിരുന്നു സിനിമാവ്യവസായം. മാസങ്ങളോളം സിനിമാ മേഖല നിശ്ചലമായപ്പോള്‍ സാമ്പത്തികമായും മാനസികമായും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തകര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി പതിയെ ചലച്ചിത്ര മേഖല പഴയ അവസ്ഥയിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുകയാണ്. സൂപ്പര്‍താരങ്ങളുടേതടക്കം ചിത്രങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടു തുടങ്ങിയത് വലിയ പ്രതീക്ഷയാണ് മലയാള സിനിമാ പ്രേക്ഷകര്‍ക്കും സിനിമയുടെ സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും നല്‍കിയത്.

പല ചിത്രങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളുടേതടക്കം ചിത്രങ്ങളുടെ പ്രഖ്യാപനവും ചിത്രീകരണവും ആരംഭിച്ചപ്പോഴും പലരും പ്രതീക്ഷയോടെ ഉറ്റുനോക്കിയത് മെഗാസ്റ്റാറിന്റെ മെഗാ എന്‍ട്രിക്ക് വേണ്ടിയാണ്. കോവിഡ് സംഭവിച്ച ശേഷം പൂര്‍ണമായും വീട്ടില്‍ തന്നെ ചിലവഴിക്കുന്ന മമ്മുക്കയുടെ പുതിയ പ്രോജക്ടുകളെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം ചലച്ചിത്ര താരം മംമ്ത മോഹന്‍ദാസ് ഒരു സൗകര്യ ചാനലിന് അഭിമുഖത്തില്‍ മമ്മുക്കയുടെ പുതിയ പ്രോജക്ടായ ബിലാലിനെക്കുറിച്ച് പറഞ്ഞ ഒരു വാചകം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്കാണ് വഴി തുറന്നത്. ബിലാല്‍ എന്ന ചിത്രത്തില്‍ മമ്മുയ്‌ക്കൊപ്പം ഒരു താരവും കൂടി ശ്രദ്ധേയമായ കഥാപാത്രമായി എത്തുമെന്ന വാര്‍ത്ത ആവേശത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. കോവിഡ് കാലത്ത് പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചില്ലെങ്കിലും അണിയറയില്‍ ഒരുങ്ങുന്നത് വലിയ പ്രോജക്ടുകളാണെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍

ബോബി-സഞ്ജയ് കൂട്ടുക്കെട്ടിന്റെ തിരക്കഥയില്‍ സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രമാണ് മമ്മുക്കയുടേതായി പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായിരിക്കുമെന്ന് സൂചിപ്പിക്കുന്ന ടീസറുകളാണ് പുറത്ത് വന്നത്. കേരളത്തിലെ പവര്‍ ഫുള്‍ മുഖ്യമന്ത്രിയായി മെഗാസ്റ്റാര്‍ എത്തുമ്പോള്‍ വലിയ പ്രതീക്ഷയാണ് ചിത്രത്തിനുള്ളത്. ബോബി-സഞ്ജയ് തിരക്കഥയിലെ മൂര്‍ച്ചയേറിയ സംഭാഷണങ്ങള്‍ തന്നെയാവും ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകതയിലൊന്ന്. കച്ചവട സിനിമ എന്നതിനപ്പുറത്തേക്ക് ശക്തമായൊരു രാഷ്ടീയ ചിത്രമായിരിക്കും വണ്‍ എന്നുറപ്പിക്കാം. മമ്മുട്ടിക്കൊപ്പം മലയാളത്തിലെ വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധി മാറി തീയേറ്ററുകള്‍ തുറന്നാല്‍ ആദ്യമെത്തുന്ന മമ്മുട്ടി ചിത്രം വണ്‍ ആയിരിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.

മമ്മുട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതയോടെയാണ് നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ദ് പ്രീസ്റ്റ് എന്ന ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു വൈദീകന്റ മേശത്തിലാണ് താരം പ്രത്യക്ഷപ്പെട്ടത്. ഹൊറര്‍ ത്രില്ലര്‍ വിഭാഗത്തിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വണ്‍ എന്ന ചിത്രത്തിന് ശേഷം പ്രീസ്റ്റും തീയേറ്ററുകളിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകനാണ് അമല്‍ നീരദ്. സംവിധാനം ചെയ്യുന്ന ചിത്രങ്ങളിലെല്ലാം തന്റേതായ ഒരു അടയാളം നല്‍കാന്‍ അമല്‍ നീരദ് ശ്രമിക്കാറുണ്ട്. മലയാള സിനിമയിലേക്ക് അമല്‍ നീരദ് കടന്നു വന്നത് ബിഗ്ബി എന്ന മമ്മുട്ടി ചിത്രത്തിലൂടെയായിരുന്നു. മേക്കിംഗില്‍ വളരെയധികം വ്യത്യസ്ത പരീക്ഷിച്ച ചിത്രം ഇറങ്ങിയ സമയത്ത് വലിയ വാണിജ്യ വിജയമായില്ലെങ്കിലും പില്‍ക്കാലത്ത് ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട മമ്മുട്ടി ചിത്രമായിരുന്നു. ഇപ്പോള്‍ ബിഗ്ബിയുടെ രണ്ടാം ഭാഗമാണ് വാര്‍ത്തകളില്‍ നിറയുന്നത്. അമല്‍ നീരദ് തന്നെയാണ് ബിലാല്‍ എന്ന തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചത്. ബിലാലിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് കോവിഡ് പ്രതിസന്ധി ഉടലെടുത്തത്. കോവിഡിന് ശേഷം ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് അറിയുന്നത്. പില്‍ക്കാലത്ത് ബിഗ്ബി എന്ന ചിത്രത്തിന് ലഭിച്ച സ്വീകാര്യത ബിലാലിന് തീയേറ്ററില്‍ തന്നെ ലഭിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ. ചിത്രത്തിന് ഉണ്ണി ആര്‍ ആണ് തിരക്കഥയൊരുക്കുന്നത്.

മമ്മുട്ടിയുടെ ചലച്ചിത്ര ജീവതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാണ് സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യര്‍. എസ്.എന്‍.സ്വാമിയുടെ തിരക്കഥയില്‍ കെ.മധു സംവിധാനം ചെയ്ത് പുറത്തിറങ്ങിയിട്ടുള്ള സിബിഐ സീരിസുകളെല്ലാം വലിയ വാണിജ്യ വിജയങ്ങളായിരുന്നു. അക്കൂട്ടത്തിലേക്കാണ് സിബിഐ സീരിസിലെ ഏറ്റവും പുതിയ ചിത്രവുമായി ഇതേ കൂട്ടുകെട്ട് 2021 ല്‍ വീണ്ടുമെത്തുന്നത്. കൊറോണയ്ക്ക് ശേഷം ചിത്രീകരണം ആരംഭിക്കുന്നതില്‍ ഏറ്റവും പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് സിബിഐ 5. മലയാളത്തില്‍ ഇതുവരെ പ്രയോഗിക്കാത്ത ബാസ്‌ക്കറ്റ് കില്ലിംഗ് രീതിയാണ് എസ്.എന്‍ സ്വാമി തന്റെ തിരക്കഥയില്‍ പ്രയോഗിച്ചിട്ടുള്ളതെന്നും ശ്രദ്ധേയമായ കാര്യമാണ്.

ദ് ഗ്രേറ്റ് ഫാദര്‍, അബ്രഹാമിന്റെ സന്തതികള്‍ എന്ന ചിത്രങ്ങള്‍ക്ക് ശേഷം മമ്മുട്ടിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയെഴുതി വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന അമീര്‍ എന്ന ചിത്രവും ഈ വര്‍ഷം പ്രതീക്ഷിക്കാം. ദുബായിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന വലിയ ഗ്യാങ്സ്റ്ററിന്റെ കഥയാണ് അമീര്‍. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വൈശാഖ് മമ്മുട്ടി ടിം വീണ്ടും ഒന്നിക്കുന്ന ന്യൂയോര്‍ക്ക് എന്ന ചിത്രത്തിന്റെ പ്രഖ്യാപനവും നേരത്ത നെ നടന്നിരുന്നു. ഇര എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ നവീന്‍ ജോണാണ് ഈ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുന്നത്. പൂര്‍ണമായും വിദേശത്ത് ചിത്രീകരിക്കേണ്ട സിനിമയാണ് ന്യൂയോര്‍ക്ക്. കോവിഡ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ തന്നെ സെറ്റിട്ട് ചിത്രീകരണം നടത്തുന്ന കാര്യത്തെപ്പറ്റിയും അണിയറയില്‍ ആലോചന നടക്കുന്നുണ്ട്.

ഈ നിരയില്‍ പറഞ്ഞ് കേള്‍ക്കുന്ന മറ്റ് രണ്ട് ചിത്രങ്ങളാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റര്‍ 2 ഉം, നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഐ ആം എ ഡിസ്‌കോ ഡാന്‍സറും. ആഷിഖ് അബു ചിത്രം പൂര്‍ണമായും ആക്ഷന് പ്രാധാന്യം നല്‍കി ചിത്രീകരിക്കുമ്പോള്‍ നാദിര്‍ഷാ ചിത്രം പൂര്‍ണമായും കംപ്ലീറ്റ് എന്റര്‍ടൈനര്‍ ആയിരിക്കുമെന്നാണ് സൂചന.

Back to top button
error: