NEWS

കേന്ദ്ര ഏജന്‍സികളെ അസ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമം: മുല്ലപ്പള്ളി

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസ് അന്വേഷണം അട്ടിമറിക്കാനും കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ത്ത് അസ്ഥിരപ്പെടുത്താനും സര്‍ക്കാരും സിപിഎമ്മും ശ്രമിക്കുന്നെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ പിന്നോട്ടു വലിക്കാന്‍ ശ്രമം നടക്കുന്നു.സ്വര്‍ണ്ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ബി.ജെ.പിയും സി.പി.എമ്മും തമ്മില്‍ ഒത്തുകളി നടത്തുകയാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികളെ സ്വതന്ത്രവും നിര്‍ഭയവുമായി കേസ് അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കണം.ഇതിനു മുമ്പും താന്‍ ഈ ആക്ഷേപം ഉന്നയിച്ചതാണ്. കസ്റ്റംസിലെ ചില ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനം ദുരൂഹമാണ്. സ്വര്‍ണ്ണക്കടത്ത് അന്വേഷിക്കുന്ന കസ്റ്റംസിന്റെ നടപടികളില്‍ വിചാരണ കോടതിപോലും സംശയം പ്രകടിപ്പിച്ചു.

എം.ശിവശങ്കറിന്റെ കസ്റ്റഡി അപേക്ഷയില്‍ അദ്ദേഹത്തിന്റെ പേരും വഹിച്ചിരുന്ന പദവിയും കൃത്യമായി രേഖപ്പെടുത്താനും അറസ്റ്റ് ചെയ്ത സാഹചര്യം തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതിയെ ബോധ്യപ്പെടുത്താനും കസ്റ്റംസ് മടിക്കുന്നു. ഗുരുതരമായ കൃത്യവിലോപമാണ് കസ്റ്റംസിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്.ഇത് ആര്‍ക്കുവേണ്ടിയാണെന്ന് പരിശോധിക്കണം. അഖിലേന്ത്യ ബിജെപി നേതൃത്വവുമായി സിപിഎം ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കസ്റ്റംസിന് പുറമെ ഇഡി,എന്‍ഐഎ,സി ബി ഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളും അന്വേഷണ രംഗത്തുണ്ടെങ്കിലും അന്വേഷണത്തിന്റെ പോക്ക് വളരെ മന്ദഗതിയിലാണ്. അല്‍പ്പമെങ്കിലും അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിച്ചത് എന്‍ഫോഴ്‌സ്‌മെന്റ് ഡയക്ടേറ്റിന് മാത്രമാണ്.ഇതില്‍ നിന്നും സിപിഎം – ബിജെപി ഒളിച്ചുകളി പ്രകടമാണ്. അല്ലെങ്കില്‍ താന്‍ ഉന്നയിച്ച ആരോപണത്തിന് മറുപടി പറയാന്‍ ബിജെപി ദേശീയ നേതൃത്വം തയ്യാറാകണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരം

മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ആശുപത്രിവാസം സംശയകരം.അന്വേഷണത്തില്‍ രക്ഷപെടാനുള്ള തന്ത്രമാണിത്. രവീന്ദ്രനെ ചോദ്യം ചെയ്താല്‍ വലിയ രഹസ്യങ്ങള്‍ പുറത്തു വരികയും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ കുടുംബവും ജയിലില്‍ പോകേണ്ടിവരികയും ചെയ്യും.അതുകൊണ്ടാണ് രവീന്ദ്രന് തുടര്‍ച്ചയായി രോഗം പിടിപെടുന്നതായി പറയപ്പെടുന്നത്.സിഎം രവീന്ദ്രന്റെ രോഗാവസ്ഥയെ പറ്റി നിഷ്പക്ഷരായ വിദഗ്ധ അരോഗ്യ സംഘം അന്വേഷണം നടത്തണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

കര്‍ഷകദ്രോഹത്തില്‍ മുഖ്യമന്ത്രി മോദിയുടെ പാതയില്‍

മോദി സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകദ്രോഹ നിയമത്തിനെതിരെ കര്‍ഷകര്‍ ഉത്തരേന്ത്യയില്‍ പ്രക്ഷോഭത്തിലാണ്. കേരള സര്‍ക്കാരും കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണ്.കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ല.ഓര്‍ഡിനന്‍സിലൂടെ പത്രമാരണ നിയമം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാട്ടിയ ജാഗ്രത എന്തുകൊണ്ട് കര്‍ഷക വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

അന്വേഷണം രാഷ്ട്രീയ പ്രതികാരം

യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമാണ്.അതിനാലാണ് കേരള സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നത്.തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വിജിലന്‍സ് അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്.തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.

കെപിസിസി നിലപാടുകള്‍ ദേശീയനയത്തിന് അനുസരിച്ച്

കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്.യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല.സംഘടനാപ്രശ്‌നങ്ങള്‍ അലട്ടാത്ത തെരഞ്ഞെടുപ്പാണിത്.പ്രദേശികതലത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ട നിര്‍ദ്ദേശം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പുവേളയില്‍ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണം.കെ.മുരളീധരനുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല.മറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റാണ്. പാര്‍ട്ടി അച്ചടക്കമുള്ള നേതാവാണ് കെ മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: