NEWS

ഈ തിരഞ്ഞെടുപ്പില്‍ താമര വിരിയുമോ?

ദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണമാണ് കാണാന്‍ കഴിയുന്നത്. ആറായിരം വാര്‍ഡ് എങ്കിലും പിടിക്കുക, നൂറില്‍പരം പഞ്ചായത്തില്‍ ഭരണം കയ്യാളുക, ഇതാണ് പാര്‍ട്ടിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ പാര്‍ട്ടിയിലെ കലഹത്തെക്കുറിച്ചുളള ചോദ്യങ്ങള്‍ക്ക് നേതൃത്വം ഉത്തരം നല്‍കേണ്ടി വരും. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിജയം നേടാന്‍ കഴിയുമെന്നും തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ സ്വാധീനം ലഭിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു.

മാത്രമല്ല ആദ്യമായി ബിജെപി മത്സരിക്കുന്ന മുഴുവന്‍ വാര്‍ഡുകളിലും ആര്‍എസ്എസ് സംയോജകനെ വെച്ചത് പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്ന വലിയ ഘടകമാണ്. മുഴുവന്‍ വാര്‍ഡുകളില്‍ മത്സരിക്കാന്‍ തീരുമാനമുണ്ടെങ്കിലും കോട്ടയം, ഇടുക്കി, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതിന് സാധിച്ചില്ല.

തിരുവനന്തപുരം, പാലക്കാട്,തൃശൂര്‍ പത്തനംതിട്ട, കാസര്‍ഗോഡ് എന്നിവയാണ് വലിയ മാറ്റം കൊണ്ടുവരുമെന്ന് പാര്‍ട്ടി പ്രതീക്ഷിക്കുന്ന ജില്ലകള്‍.

സ്ഥാനാര്‍ത്ഥികളാകാന്‍ വനിതകളടക്കം മുന്നോട്ട് വന്നതും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യം ഫലപ്രദായി ഉപയോഗിക്കാന്‍ പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ശ്രദ്ധിക്കുന്നുവെന്നത് പാര്‍ട്ടിക്ക് പ്രതീക്ഷ വല്‍കുന്നതാണ്. പുറത്ത് കേള്‍ക്കുന്ന പാര്‍ട്ടിയിലെ തമ്മിലടി ഒരിക്കലും പാര്‍ട്ടിക്ക് അകത്തെ വിഷയമല്ലെന്ന് നേതൃത്വം അവകാശപ്പെടുന്നു.

സംസ്ഥാന ഭാരവാഹി യോഗത്തില്‍ ശോഭ സുരേന്ദ്രന്‍ പങ്കെടുക്കാതെ ഇരുന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. കേരളത്തിന്റെ ചുമതലയുളള പ്രഭാരി എന്ന നിലയില്‍ ആദ്യമായി സംസ്ഥാന നേതൃയോഗത്തില്‍ പങ്കെടുത്ത തമിഴ്‌നാട് മുന്‍ സംസ്ഥാന പ്രസിഡന്റ് സി.പി രാധാകൃഷ്ണന്‍ നേരിട്ട് വിളിച്ചിട്ട് പോലും ശോഭ യോഗത്തില്‍ പങ്കെടുക്കാന്‍ കൂട്ടാക്കിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ ശോഭ മത്സരിക്കുമെന്ന് കെ. സുരേന്ദ്രന്‍ അവകാശപ്പെട്ടുവെങ്കിലും അവരെ രംഗത്തിറക്കാന്‍ അദ്ദേഹത്തിന് ഇതുവരെ സാധിച്ചിട്ടില്ല. എല്ലാ വിഭാഗം നേതാക്കളേയും ചേര്‍ത്ത് പിടിച്ച് കൊണ്ടുപോകാന്‍ വി.മുരളീധരന്‍- കെ.സുരേന്ദ്രന്‍ എന്നിവര്‍ക്ക് സാധിക്കുന്നില്ല എന്നതാണ് ഇവര്‍ നേരിടുന്ന ഏറ്റവും വലിയ വിമശനം.

ബിജെപി നേരിടുന്ന മറ്റൊരു വെല്ലുവിളി സഖ്യശക്തികളുടെ അഭാവമാണ്. ബിഡിജെഎസ് പിളര്‍ന്നതോടെ വലിയ ക്ഷീണമായി. ബിഡിജെഎസ് സ്ഥാനാര്‍ത്ഥികളായി എസ്എന്‍ഡിപി യോഗം ഭാരവാഹികളെ മാത്രമേ പരിഗണിക്കാവൂ എന്ന നിര്‍ദേശം ബിജെപി വെച്ചുവെങ്കിലും അവര്‍ അത് പാലിച്ചില്ല. എല്‍ഡിഎഫിന് താല്‍പ്പര്യമുളളിടത്ത് ദുര്‍ബ്ബലസ്ഥാനാര്‍ത്ഥികളെ ബിഡിജെഎസ് നിര്‍ത്തിയതില്‍ ബിജെപിക്ക് ആശങ്കയുണ്ട്. അതിനാല്‍ കേരളത്തിലെ പാര്‍ട്ടി നേരിടുന്ന ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.

Back to top button
error: