NEWS

ദൃശ്യം 2 ല്‍ വലിയ ട്വിസ്റ്റുകളില്ല, അത് പ്രതീക്ഷിച്ച് ആരും വരരുത്: ജീത്തു ജോസഫ്

ജോര്‍ജുകുട്ടിയേയും കുടുംബത്തേയും മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കാനിടിയില്ല. ഒരു കൊലപാതകവും അതിന് പിന്നാലെയെത്തുന്ന പ്രശ്‌നങ്ങളുമൊക്കെ ചേര്‍ത്ത് ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വലിയ തരംഗമായിരുന്നു സൃഷ്ടിച്ചത്. മോഹന്‍ലാല്‍ എന്ന നടന്റെ കരിയറിലെ വലിയ വിജയങ്ങളിലൊന്നായി ചിത്രം അടയാളപ്പെടുത്തുകയും ചെയ്തു. വിദേശഭാഷകളിലേക്കടക്കം ചിത്രത്തിന്റെ റൈറ്റ്‌സ് വിറ്റ് പോവുകയും എല്ലാ ഭാഷകളിലും ചിത്രം വലിയ വിജയം ആവുകയും ചെയ്തിരുന്നു.


കോവിഡ് കാലത്താണ് മലയാളികളുടെ മുന്‍പിലേക്ക് ജോര്‍ജുകുട്ടിയും കുടുംബവും വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത ആദ്യമായി കേട്ടത്. ഏറെ പ്രതീക്ഷയോടെയായിരുന്നു മലയാളികളും ചലച്ചിത്ര പ്രവര്‍ത്തകരും ചിത്രത്തിന്റെ പ്രഖ്യാപനത്തെ സ്വീകരിച്ചത്. ചിത്രം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പൂര്‍ത്തിയാക്കിയതും വാര്‍ത്തയായിരുന്നു. സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് ഒരു അഭിമുഖത്തില്‍ ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ദൃശ്യം 2 ഒരിക്കലും വലിയ ട്വിസ്റ്റുള്ള സിനിമയല്ല. ഒരു ക്രൈം സംഭവിച്ചതിന് ശേഷം അതില്‍ ഇന്‍വോള്‍വായ ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും പിന്നീടുള്ള ജീവിതമാണ് ഈ സിനിമ. അവരെ സമൂഹവും, പോലീസും, മാധ്യമങ്ങളും എങ്ങനെ നോക്കിക്കാണുന്നുവെന്നതാണ് ചിത്രത്തിന്റെ കഥ. ഫാമിലി ഡ്രാമ ഗണത്തില്‍പ്പെടുത്താവുന്ന നല്ല സിനിമയായിരിക്കും ദൃശ്യം 2. അതേ സമയം പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തില്‍ ഉണ്ടായിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു.

ചിത്രത്തിന്റെ ഡബ്ബിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്. ദൃശ്യം 3 പ്രതീക്ഷിക്കാമോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒന്നും പറയാന്‍ പറ്റില്ലെന്നും ചിലപ്പോള്‍ സംഭവിക്കാനും സംഭവിക്കാതിരിക്കാനും സാധ്യതയുണ്ടെന്ന് ജീത്തു ജോസഫ് അറിയിച്ചു. വരുണ്‍ എന്ന കഥാപാത്രവുമായി ബന്ധപ്പെട്ട പോലീസ് കേസ് അവസാനിച്ചിട്ടില്ലെന്നും അത് ദൃശ്യം 2 വിലും തുടര്‍ന്നു കൊണ്ടിരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. എന്നാല്‍ ചിത്രമൊരിക്കലും പൂര്‍ണമായി ഒരു ഇന്‍വെസ്റ്റിഗേഷന്‍ ബേസ്ഡ് ആയിരിക്കില്ല.

Back to top button
error: