NEWS

സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണം: ബിജു രമേശ്

ബാര്‍ കോഴ കേസില്‍ ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും വിശ്വാസമില്ലെന്ന് ബിജു രമേശ്. സത്യം പുറത്ത് വരണമെങ്കില്‍ കേന്ദ്ര ഏജന്‍സി തന്നെ കേസ് അന്വേഷിക്കണമെന്നും ബിജു രമേശ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്കും എതിരെയാണ് ബിജു രമേശിന്റെ പുതിയ ആരോപണം. പരാതിയില്‍ ഉറച്ച് നില്‍ക്കണമെന്ന് പറഞ്ഞ പിണറായി വിജയനും സിപിഎം നേതാവും പിന്നീട് കാല് മാറിയെന്നും കേസിലെ പ്രതിയായിരുന്ന കെ.എം.മാണി മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച ശേഷമാണ് കേസിന് മുന്നോട്ട് പോവണ്ടെന്ന് പിണറായി വിജയന്‍ ഡിജിപി ക്ക് നിര്‍ദേശം നല്‍കിയത്. ഇപ്പോള്‍ അന്വേഷണമെന്ന പേരില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് നേരെ നടക്കുന്നതും കേവലം പ്രഹസനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണ്

ആഭ്യന്തര മന്ത്രിയായിരുന്ന സമയത്ത് ചെന്നിത്തലയുംഭാര്യയും തന്നെ വിളിച്ച് കേസിന്റെ പേരില്‍ ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട്് മാത്രമാണ് ചെന്നിത്തലയുടെ പേര് താന്‍ പറയാതിരുന്നതെന്നും ബിജു രമേശ് പറഞ്ഞു. പിന്നീട് തനിക്കെതിരെ ചെന്നിത്തല തന്നെ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. പക്ഷേ കേസില്‍ സത്യമില്ലാത്തതുകൊണ്ട് കോടതിയില്‍ തള്ളിപ്പോയി. വര്‍ക്കലയിലുള്ള അഭിഭാഷകന്റെ മകന്‍ മുഖേനയും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും ബിജു രമേശ് കൂട്ടിച്ചേര്‍ത്തു. സംഭവവുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയുടെ ഭാര്യയുടെ പേര് പരാമര്‍ശിച്ചതില്‍ പിന്നീട് ബിജു രമേശ് ഖേദം പ്രകടിപ്പിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തു.

Back to top button
error: