നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം: ഗണേഷ് കുമാർ എം.എൽ.എയുടെ സെക്രട്ടറി പ്രദീപ് കോട്ടത്തലയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ജില്ലാ കോടതി തളളി

കാസര്‍കോട്: നടിയെ അക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതിയായ പ്രദീപ് കോട്ടത്തല നല്‍കിയ മുന്‍കൂര്‍ ജാമ്യഹർജി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ട ശേഷമാണ് ഇന്ന് ഉച്ചയോടെ ജാമ്യഹർജി തള്ളിയത്. ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയില്‍ ശനിയാഴ്ച നടന്ന പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദ-പ്രതിവാദങ്ങള്‍ പൂര്‍ത്തിയായിരുന്നില്ല. ഇതേ തുടര്‍ന്നാണ് തുടര്‍വാദം നവംബര്‍ 23ലേക്ക് മാറ്റിവെച്ചത്.

നടിയെ അക്രമിച്ച കേസില്‍ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് പ്രദീപ് കോട്ടത്തലക്കെതിരെ പൊലീസ് കേസെടുത്തത്. നടന്‍ ദീലീപിനെതിരെ കോടതിയില്‍ നല്‍കിയ മൊഴി തിരുത്തണമെന്നാവശ്യപ്പെട്ട് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നാണ് പ്രദീപിനെതിരായ പരാതി. പ്രദീപിന്റെ ജാമ്യാപേക്ഷ പരിഗണനക്കുവന്നപ്പോള്‍ കേസ് കെട്ടിച്ചമച്ചതാണെന്നും മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചത്. പ്രദീപ് കുമാര്‍ വിപിന്‍ലാലിന്റെ അമ്മാവനെ കണ്ടെന്നുപറയുന്നത് ഈ വര്‍ഷം ജനുവരി 24നാണെന്നും നാലുദിവസം കഴിഞ്ഞ് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണമെന്നും ഇതുകഴിഞ്ഞ് എട്ടുമാസത്തിന് ശേഷമാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും ഇതില്‍ ഗൂഡാലോചനയുണ്ടെന്നുമാണ് പ്രതിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

ഈ വര്‍ഷം സെപ്തംബര്‍ ഏഴിന് നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇക്കാര്യങ്ങളൊന്നും പ്രോസിക്യൂഷന്‍ സൂചിപ്പിച്ചിട്ടില്ലെന്നും ഇതില്‍ നിന്നുതന്നെ കേസ് പൊലീസുദ്യോഗസ്ഥര്‍ കെട്ടിച്ചമച്ചതാണെന്ന് വ്യക്തമാണെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ പ്രദീപ് വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കല്‍ സി.ഐ എ. അനില്‍കുമാര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രദീപിന്റെ നാടായ കൊട്ടാരക്കരയില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിയിരുന്നു. ഭീഷണിക്ക് ഉപയോഗിച്ച ഫോണിന്റെ സിംകാര്‍ഡ് കേന്ദ്രീകരിച്ച് സൈബര്‍ സെല്‍ അന്വേഷണം നടത്തിയതോടെ ഇത് തമിഴ്നാട്ടിലെ തിരുനെല്‍വേലിയില്‍ നിന്നാണെന്ന് വ്യക്തമായിരുന്നു. ഭീഷണിക്കത്ത് പോസ്റ്റ് ചെയ്ത ആലുവ, എറണാകുളം തപാല്‍ ഓഫീസുകളിലെത്തിയും പൊലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു. കോടതി നിര്‍ദേശപ്രകാരം ഹാജരായ പ്രദീപിനെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പൊലീസ് അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version