LIFENEWS

മുഖ്യമന്ത്രിയ്ക്ക് നല്കാൻ ആകുന്നത് ഉറപ്പു മാത്രം ,പോലീസ് നിയമ ഭേദഗതി സിപിഎം പ്രഖ്യാപിത നയം തള്ളുന്നത്

സൈബർ ആക്രമങ്ങൾ തടയാൻ നിയമപരമായ നടപടികൾ ഉണ്ടാകുമെന്ന മുഖ്യമന്ത്രി പിണറായി വിജയൻറെ വാക്കുകൾ കൈയ്യടിയോടെ സ്വീകരിക്കപ്പെട്ടു .എന്നാൽ ആ പ്രഖ്യാപനത്തിന്റെ ചുവടു പിടിച്ച് കൊണ്ടുവന്ന ഓർഡിനൻസ് വെളുക്കാൻ തേച്ചത് പാണ്ടായ പോലെ ആയി .

മാധ്യമങ്ങളെ അടക്കം കേസിന്റെ പരിധിയിൽ ആക്കിയ പോലീസ് നിയമ ഭേദഗതിയുടെ ഉദ്ദേശ ശുദ്ധിയാണ് ചോദ്യം ചെയ്യപ്പെടുന്നത് .സിപിഎം പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപിത നിലപാടിനെ തള്ളുന്നതാണ് പുതിയ നിയമ ഭേദഗതി .പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി നിയമം ദുരുപയോഗം ചെയ്യില്ലെന്ന പ്രസ്‍താവനയുമായി രംഗത്തെത്തി എങ്കിലും അത് പ്രസ്താവന മാത്രമായി നിലകൊള്ളുകയാണ് .

ഏറെ ദുരുപയോഗം ചെയ്യാൻ സാധ്യത ഉള്ളതും പൊലീസിന് ഇല്ലാത്ത അധികാരം നൽകുന്നതുമാണ് പുതിയ ഭേദഗതി .ഒരാളുടെ മനസിന് വിഷമം വന്നാൽ വർത്തയ്ക്കും അത് നൽകിയ മാധ്യമ സ്ഥാപനത്തിനും എതിരെ സ്വമേധയാ കേസ് എടുക്കാൻ വഴിയൊരുക്കുന്നതാണ് പുതിയ ഭേദഗതി .വാർത്തയിൽ പരാമർശിക്കപ്പെട്ടയാൾ പരാതിക്കാരൻ ആവണമെന്ന നിർബന്ധവുമില്ല .

ഡിജിറ്റൽ മാധ്യമങ്ങളെ കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിനു കീഴിൽ ആക്കിയ കേന്ദ്ര സർക്കാർ നടപടിയെ എതിർത്ത പാർട്ടിയാണ് സിപിഎം .ആ പാർട്ടി ഭരിക്കുന്ന സംസ്ഥാനത്താണ് മാധ്യമ മാരണ നിയമം എന്ന് വിളിക്കാവുന്ന ഭേദഗതി കൊണ്ട് വന്നത് .

ഐ ടി നിയമത്തിലെ 66 എ അഭിപ്രായ സ്വാതന്ത്ര്യത്തെ ലംഘിക്കുന്ന ഒന്നാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദ് ചെയ്യുമ്പോൾ അതിനെ മുന്നിൽ നിന്ന് സ്വാഗതം ചെയ്ത പാർട്ടിയാണ് സിപിഎം .നിയമത്തിൽ നിയന്ത്രണമില്ലാതെ പ്രായോഗിക തലത്തിൽ നിയന്ത്രണം എങ്ങനെ സാധ്യമാകുമെന്നാണ് വിമർശകർ ചോദിക്കുന്നത് .മുഖ്യമന്ത്രിയുടെ ഉറപ്പിനെ മാത്രം മുൻനിർത്തി ഓരോ പോലീസുകാരനും പ്രവർത്തിക്കുമെന്ന് എങ്ങനെ ഉറപ്പു നൽകാൻ ആവുമെന്നതാണ് പ്രസക്തമായ ചോദ്യം .

Back to top button
error: