NEWS

മുഖ്യമന്ത്രിക്കെതിരെ നിയമനടപടിയെന്ന് രമേശ്‌ ചെന്നിത്തല

 സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും, മയക്ക് മരുന്ന് കച്ചവടത്തിനെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി പി എമ്മും ആസൂത്രിതവും സംഘടിതവും ശാസ്ത്രീയവുമായ നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല

 അന്വേഷണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുങ്ങുമെന്ന് വന്നതോടെ എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ടാണ് നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തന്നെ ശ്രമിക്കുന്നത്.

 അഴിമതിക്കെതിരായ അന്വേഷണം തടയാന്‍ കേരള  നിയമ സഭയെപ്പോലും  ദുരുപയോഗപ്പെടുത്തുന്നു.

 ഇത് വരെ നടന്ന അട്ടിമറി നീക്കങ്ങള്‍ ഒറ്റ നോട്ടത്തല്‍ ഇവയാണ്.

(1) സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്‌നാ സുരേഷിനെ കര്‍ണ്ണാടകത്തിലേക്ക് പൊലീസ് സഹായത്തോടെ ഒളിച്ചു കടത്തുകയും ഒളിവില്‍ വച്ച് സര്‍ക്കാരിന് കുഴപ്പമുണ്ടാവില്ലെന്ന സ്വപ്‌നയുടെ ശബ്ദ സന്ദേശം റെക്കോര്‍ഡ് ചെയ്ത്  പുറത്തു വിടുകയും ചെയ്തു.

(2) സി.ബി.ഐ അന്വേഷണം തടയാന്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. സി.ബി.ഐയുടെ കയ്യില്‍ ഫയലുകള്‍ എത്താതിരിക്കാന്‍ അവ രായ്ക്ക് രാമാനം പിടിച്ചെടുത്തു കടത്തി.  

(3) സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിരുന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ ഓഫീസില്‍ ഫയലുകള്‍ ഇരുന്ന സ്ഥാനത്ത്  തന്നെ തീപിടിത്തമുണ്ടായി.

(4) വടക്കാഞ്ചേരി ലൈഫ് പദ്ധതിയെപ്പറ്റിയുള്ള  കേന്ദ്ര ഏജന്‍സിയുടെ അഴിമതി അന്വേഷണം തടയാന്‍ കോടതിയില്‍ പോയി.

(5) മയക്കു മരുന്നു കടത്തുമായി ബന്ധപ്പെട്ട കേസില്‍ തിരുവനന്തപുരത്ത് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇ.ഡി റെയ്ഡ് നടത്തിയപ്പോള്‍ ബാലാവകാശ കമ്മീഷനെയും പൊലീസിനെയും ഉപയോഗിച്ച് അത് തടസ്സപ്പെടുത്താന്‍ നോക്കി.

(6) വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതിയെക്കുറിച്ചുള്ള അന്വേഷണം തടയുന്നതിന് നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിനതീതമായി നിക്ഷപക്ഷമായി പ്രവര്‍ത്തിക്കേണ്ട സ്പീക്കര്‍ അതില്‍ ഇടപെടുകയും രാഷ്ട്രീയ പക്ഷപാതത്തോടെ പ്രവര്‍ത്തിക്കുകയും ചെയ്തു.  

(7) മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെയ്യുന്നു എന്ന മട്ടില്‍ തടവില്‍ കഴിയുന്ന സ്വപ്‌നാ സുരേഷിന്റെ ശബ്ദസന്ദേശം തയ്യാറാക്കി ആസൂത്രിതമായി പുറത്തു വിട്ടു.

ഈ ഏഴു കാര്യങ്ങള്‍ തെളിയിക്കുന്നത് സംസ്ഥാന ഗവര്‍ണമെന്റ് തന്നെ സ്വര്‍ണ്ണക്കട്തതും മയക്കു മരുന്നു കച്ചവടവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാണ്.

   ഭരണഘടനാപ്രകാരം സ്ഥാപിതമായ ഒരു സര്‍ക്കാര്‍   ഭരണഘടനാസ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ   അന്വേഷണങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്  നീതിന്യായ വ്യവസ്ഥിതിയെയും ഭരണ ഘടനയെയും  വെല്ലുവിളിക്കുന്നതാണ്.

 സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച അന്വേഷണത്തിന്റെ  നിര്‍ണ്ണായക ഘട്ടത്തിലാണ് അത്  സംബന്ധിച്ച ഫയലുകള്‍ സൂക്ഷിച്ചിരുന്ന സെക്രട്ടറിയേറ്റിലെ പ്രോട്ടോക്കോള്‍  വിഭാഗത്തില്‍ തീ പിടുത്തമുണ്ടായയത്. ഇ.ഡി. ഫയലുകള്‍ ചോദിക്കുകയും പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ ചില ഫയലുകള്‍ എത്തിക്കുകയും ചെയ്തതിന് തൊട്ടു പിന്നാലെയായിരുന്നു തീപിടിത്തമുണ്ടായത്.  

 ഷോര്‍ട്ട്  സര്‍ക്യുട്ടാണെന്നാണ് സര്‍ക്കാരും സര്‍ക്കാര്‍  നിയോഗിച്ച സമിതിയും പൊലീസും തുടക്കം മുതല്‍ പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍  ഷോര്‍ട്ട് സര്‍ക്യുട്ട് മൂലമല്ല   തീപിടിത്തമുണ്ടായതെന്ന് ഫോറന്‍സിക്കിന്റെ ശാസ്ത്രീയ അന്വേഷണത്തില്‍ തെളിഞ്ഞു.

 ഫോറന്‍സിക് കണ്ടെത്തിലിനെ അട്ടിമറിക്കാന്‍ അപ്പോള്‍ തന്നെ ശ്രമം നടന്നു. ഒരു പൊലീസ് ഐ ജി ഫോറന്‍സിക്  ശാസ്ത്രജ്ഞരെ വിളിച്ചു വരുത്തി  വിരട്ടി. എന്നിട്ടും ഫോറിന്‍സിക്കുകാര്‍ ഉറച്ച് നിന്നു. കഴിഞ്ഞ ദിവസം അവര്‍  കോടതിയില്‍ അവസാന റിപ്പോര്‍ട് രേഖാ മൂലം നല്‍കി.

 ഇതോടെ പ്രോട്ടോക്കോള്‍ വിഭാഗത്തിന്  തീവച്ചതാണെന്ന് തെളിഞ്ഞിരിക്കുകയാണ്. അപ്പോള്‍ ആരാണ് തീവച്ചത്?

 ഈ  തീവയ്പിന്റെ തുടര്‍ച്ചയായി വേണം മറ്റ്  അട്ടിമറിശ്രമങ്ങളും കാണേണ്ടത്.

  കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയിലാണെന്ന് പറഞ്ഞുകൊണ്ടിരുന്ന മുഖ്യമന്ത്രിയും പിന്നീട് സ്വരം മാറ്റി. അഴിമതി അന്വേഷിക്കുന്നതിനെതിരെ സി.പി.എമ്മും ഇടതു മുന്നണിയും സമരം നടത്തുന്നത് പൊതു സമൂഹത്തിന്റെ നീതി ബോധത്തെ അവഹേളിക്കലാണ്. അഴിമതി അന്വേഷണത്തിനെതിരെയുള്ള ഇടതു മുന്നണിയുടെ സമരം ജനങ്ങളെ കബളിപ്പിക്കുന്നതിനാണ്.

മുഖ്യമന്ത്രിയുടെ സ്വരം മാറ്റം അഴിമതിക്കാരെ രക്ഷിക്കുന്നതിനാണ്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്യാന്‍ വിളിച്ചതു മുതലാണ് മുഖ്യമന്ത്രിയുടെ സ്വരം മാറിയത്.

സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിവാകും എന്ന് കണ്ടതോടെയാണ് അന്വേഷണ ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി തിരിഞ്ഞത്.

 സ്വര്‍ണ്ണക്കടത്തു  കേസിലെ പ്രതി ശിവശങ്കരനും സ്വപ്ന സുരേഷും മുഖ്യമന്ത്രിയെ രക്ഷപെടുത്താന്‍  കിണഞ്ഞു ശ്രമിക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രിയും ശ്രമിക്കുന്നു. ഇതില്‍ നിന്ന് തന്നെ സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് അറിവുണ്ടായിരുന്നെന്ന് വ്യക്തമാവുകയാണ്.  

മുഖ്യമന്ത്രിക്ക് ഒന്നും അറിയില്ലന്ന ശിവശങ്കരന്‍ മൊഴി നല്‍കിയിരുന്നു. രാഷ്ട്രീയക്കാരുടെ പേര് പറയാന്‍  അന്വേഷണ ഏജന്‍സികള്‍ സമ്മര്‍ദ്ദം  ചെലുത്തുന്നു എന്ന് ശിവശങ്കരന്‍ കോടതിയില്‍   ബോധിപ്പിച്ചു.

 ഇപ്പോള്‍ സ്വപ്ന സുരേഷിന്റെതായി പുറത്ത് വന്ന ശബ്ദസന്ദേശത്തിലും ഇത് തന്നെയാണ് പറയുന്നത്. ഇത് മുഖ്യമന്ത്രിയെ രക്ഷിക്കാനുള്ള ആസൂത്രിത ശ്രമമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അധീനതയിലുള്ള ജയിലുകളില്‍ കഴിയുന്ന പ്രതിയുടെ ശബ്ദ സന്ദേശം പുറത്തു വന്നതിന് പിന്നില്‍ സര്‍ക്കാര്‍ തന്നെയാണ്. ഇത് അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കുന്നതിനും അന്വേഷണം അട്ടിമറിക്കുന്നതിനുമാണ്. സംസ്ഥാന സര്‍ക്കാരും പൊലീസും ചേര്‍ന്ന് തയ്യാറാക്കിയ കള്ളക്കളിയാണിത്.

 സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നില്‍ സി പിഎമ്മിന്റെ ഗൂഡാലോചന ഉണ്ടെന്ന്  വ്യക്തമാണ്. ശബ്ദരേഖ വന്നതിന് പിന്നാലെ മുഖ്യമന്ത്രിയെയാണ്  അന്വേഷണ ഏജന്‍സികള്‍ ലക്ഷ്യം  വയ്കുന്നതെന്ന് ് പറഞ്ഞ്  സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തിയത് ഇതിന് തെളിവാണ്.

 വികസന പ്രവര്‍ത്തനങ്ങളെ കേന്ദ്ര ഏജന്‍സികള്‍ അട്ടിമറിക്കാന്‍  ശ്രമിക്കുന്നുവെന്ന് പറഞ്ഞ് അന്വേഷത്തെ തടസപ്പെടുത്താനാണ് സര്‍ക്കാരും സി പി എമ്മും ശ്രമിക്കുന്നത്.

  ഈ സര്‍ക്കാരിന് കീഴില്‍ ഒരു വികസനവും നടന്നിട്ടില്ല. സ്വര്‍ണ്ണക്കടത്തും മയക്ക് മരുന്ന് കച്ചവടവും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളും  കണ്‍സള്‍ട്ടന്‍സി കമ്മീഷനുമാണ്  ഇവിടെ നടന്ന വികസന പ്രവര്‍ത്തനങ്ങള്‍.

വികസന പദ്ധതിള്‍ എന്ന പേരില്‍  ഇവിടെ കൊണ്ടുവന്ന എല്ലാ പദ്ധതികളും തട്ടിപ്പായിരുന്നു. ലൈഫ് ആയാലും ഇ മൊബിലിറ്റിയായിലും, കെ ഫോണായാലും കെ റെയില്‍ ആയാലും എല്ലാറ്റിന് പിന്നിലും കമ്മീഷന്‍ താല്‍പര്യങ്ങളായിരുന്നു. പാവങ്ങളുടെ പേര് പറഞ്ഞ് കോടികള്‍ തട്ടുന്ന വിദ്യയാണിത്.

 മുഖ്യമന്ത്രിയുടെ ഓഫീസിലെ  ഗൂഢ സംഘമാണ്  ഈ തട്ടിപ്പുകള്‍ ആസൂത്രണം ചെയ്തത്. അത് പിടിക്കപ്പെടുമെന്നതിനാലാണ് ഇപ്പോള്‍ വികസനം അട്ടിമറിക്കുന്നു എന്ന വായ്താരിയുമായി ഇടതുമുന്നണി ഇറങ്ങിയിരിക്കുന്നത്.

 ഇടതു മുന്നണിയും സി പി എമ്മും സര്‍ക്കാര്‍ ഏത്ര തവണ ശ്രമിച്ചാലും അഴിമതിയെ മൂടിവായ്കാനാകില്ല. എന്നായാലും  സത്യം പുറത്ത് വരിക തന്നെ ചെയ്യും.

 അഴിമതിക്കെതിരെയുള്ള അന്വേഷണത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന   ഗൂഢാലോചന പറ്റിയും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം. രാജ്യദ്രോഹപരമായ കള്ളക്കടത്തിനെക്കുറിച്ചുള്ള അന്വേഷണത്തെയാണ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെപ്പറ്റി വിശദമായ അന്വേഷണം വേണം.

മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വരുമ്പോള്‍ സി.പി.എം എന്തിനാണ് ഇത്ര പേടിക്കുന്നത്. മുഖ്യമന്ത്രിക്ക് ഒന്നും ഒളിക്കാനില്ലെങ്കില്‍ ധീരമായി അന്വേഷണത്തെ നേരിടുകയല്ലേ വേണ്ടത്?

മന്ത്രിമാരുടെ അനധികൃത ഭൂമി
———–
. സി.പി.എമ്മിന്റെ രണ്ടു മന്ത്രിമാര്‍ മഹാരാഷ്ട്രയില്‍ 200 ഏക്കറോളം ഭൂമി ബിനാമി പേരില്‍ സ്വന്തമാക്കിയതിനെപ്പറ്റി ഇ.ഡി അന്വേഷിക്കുയാണെന്ന് ഇന്ന് ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആരാണ് ഈ മന്ത്രിമാരെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണം.

. അടുത്തിടെ വിരമിച്ച ഒരു ഐ.എ.എസ് ഓഫീസര്‍ വഴിയാണ് ഭൂമി തരപ്പെടുത്തിയത് എന്നാണ് വര്‍ത്ത. ഈ വാര്‍ത്ത ശരിയാണെങ്കില്‍ അത് വളരെ ഗൗരവമേറിയതാണ്.  

തോമസ് ഐസക്കിന്റെ കള്ള പ്രചാരണം
———–
 സി.എ.ജി റിപ്പോര്‍ട്ടിനെപ്പറ്റി ധനമന്ത്രി തോമസ് ഐസക്ക് കള്ളപ്രചാരണം നടത്തുകയാണ്. സി എ ജിയുടെ കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ഫൈനല്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തത് വലിയ ഗൂഢാലോചനയെന്ന മട്ടില്‍   ഐസക്ക് അവതരിപ്പിക്കുന്നത്  തമാശയാണ്.  

. കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ഫൈനല്‍ റിപ്പോര്‍ട്ടില്‍ വരാറുള്ളതാണ്. എക്സിറ്റ് മീറ്റിംഗ് കഴിഞ്ഞാല്‍ സി എ ജിക്ക് തന്റെ നിഗമനങ്ങള്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ക്കാം. സാധാരണ അത് ചെയ്യാറുള്ളതാണ്.

 പാം ഓയില്‍  കേസില്‍  കരടില്‍ ഇല്ലാതിരുന്നത് ഫൈനല്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തതത്  പൊക്കിപ്പിടിച്ചാണ് ഇടതു മുന്നണിയും സി.പി.എമ്മും  പ്രക്ഷോഭം നടത്തിയത്.

 പാമോയില്‍ കേസില്‍  കരട് റിപ്പോര്‍ട്ടില്‍  മുഖ്യമന്ത്രി കെ കരുണാകരനെ സി.എ.ജി  നേരിട്ട്  പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ ഫൈനല്‍ റിപ്പോര്‍ട്ടില്‍  ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രി  ഇറക്കമതിക്കാരുമായി കൂടിക്കാഴ്ച നടത്തിയെന്നും മുഖ്യമന്ത്രി ഇടപെട്ടാണ് ഇറക്കുമതി നടത്തിയതെന്നും എഴുതിച്ചേര്‍ത്തിരുന്നു. ഇടതു മുന്നണി അന്ന് ആയുധമാക്കിയത് കൂട്ടിച്ചേര്‍ത്ത ഈ ഭാഗമാണ്.  അതുപയോഗിച്ചാണ് കരുണാകരനെ വേട്ടയാടിയത്. അന്ന് കൂട്ടിച്ചേര്‍ത്തത് ഉപയോഗിച്ച് പ്രക്ഷോഭം നടത്തിയവര്‍ ഇപ്പോള്‍ ഗൂഢാലോചന എന്ന് പറയുന്നത് ഇരട്ടത്താപ്പും കാപട്യവുമാണ്.

 മാത്രമല്ല കരട് റിപ്പോര്‍ട്ടില്‍ ഇല്ലാത്തത് ഫൈനല്‍ റിപ്പോര്‍ട്ടില്‍ എഴുതി ചേര്‍ത്തു എന്ന് തോമസ് ഐസക്ക് പറയുന്നതു മാത്രമാണ്. അതിന് തെളിവ് ഇല്ല. തോമസ് ഐസക്ക് പറയുന്നത് വിശ്വസിക്കാനുമാവില്ല. കാരണം അദ്ദേഹം നിരന്തരം കള്ളം പറയുന്നയാളാണ്. അദ്ദേഹത്തെ എങ്ങനെ വിശ്വസിക്കും?

 കരട് റിപ്പോര്‍ട്ടാണെന്നാണ് അദ്ദേഹം ആദ്യം പറഞ്ഞത്.  പിന്നീട് സി.എ.ജി ഫൈനല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു കഴിഞ്ഞു  എന്ന പി.ഐ.ബിയുടെ പത്രക്കുറിപ്പ് പുറത്തു വന്നപ്പോഴാണ് മന്ത്രി തകിടം മറിഞ്ഞത്.

 കരടും ഫൈനല്‍ റിപ്പോര്‍ട്ടും കണ്ടാല്‍ തിരിച്ചറിയാത്ത ആളല്ല തോമസ് ഐസക്ക്. അപ്പോള്‍ മനപൂര്‍വ്വം അദ്ദേഹം അസത്യം പറയുകായയിരുന്നു. അങ്ങനെയുള്ള  ഒരാള്‍ പറയുന്നതെങ്ങനെ വിശ്വസിക്കും?  ധനകാര്യ സെക്രട്ടറിക്ക് വരുന്ന കോപ്പി പൊട്ടിച്ച് ധന മന്ത്രി വായിക്കുന്നത് ഒചിത്യമില്ലായ്മയാണ്. ഒരു ധനമന്ത്രിയും അത് ചെയ്യില്ല.

 മാത്രമല്ല, കിഫ്ബി സംബന്ധിച്ച ഓഡിറ്റിംഗ് പൂര്‍ത്തിയായിട്ടില്ലെന്നാണ് എ.ജീസ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ന് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അപ്പോള്‍ ഏത് റിപ്പോര്‍ട്ടിനെക്കുറിച്ചാണ് തോമസ് ഐസക്ക് വെറുതെ ബഹളമുണ്ടാക്കുന്നത്. തോമസ് ഐസക്ക് സ്വയം അപഹാസ്യനാവുകയാണ് ചെയ്യുന്നത്.

 ഇനി അദ്ദേഹത്തിന്റെ പക്കല്‍   കരട് റിപ്പോര്‍ട്ടും ഫൈനല്‍ റിപ്പോര്‍ട്ടും ഉണ്ടെങ്കില്‍  അവയുടെ കോപ്പികള്‍ രണം.  അപ്പോള്‍  വായിച്ച് നോക്കിയിട്ട് പറയാം.

ബാര്‍ കോഴ ആരോപണം
———
 ബാര്‍ കോഴ ആരോപണത്തില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. ആറ് വര്‍ഷം മുമ്പെ ഞാന്‍ നിഷേധിച്ച സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്.  കെ പി സി സി പ്രസിഡന്റ് എന്ന   നിലയില്‍ ഞാന്‍ ഈ  ഓഫീസില്‍ ഇരുന്ന് പ്രവര്‍ത്തിച്ചയാളാണ്.  ആരും ഇവിടെ കോഴ തന്നിട്ടുമില്ല, വാങ്ങിച്ചിട്ടുമില്ല. അങ്ങിനെ കോഴ വാങ്ങുന്ന ഒരു പാര്‍ട്ടിയുമല്ല ഞങ്ങളുടേത്.

 അത്  സംബന്ധിച്ച് രണ്ട്  അന്വേഷണം നടന്നു.  ആ  രണ്ട് അന്വേഷണങ്ങളില്‍ തെളിവില്ലന്ന് പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ഇപ്പോള്‍ വിജിലന്‍സ് കോടതിയിലും  ഹൈക്കോടതിയിലും ആ പരാതി  നില്‍ക്കുകയാണ്.  ലോകായുക്തയും അന്വേഷിച്ച് തെളിവില്ലന്ന്  പറഞ്ഞ് തള്ളിക്കളഞ്ഞു.

 ബിജു രമേശ് 164  അനുസരിച്ച് സ്റ്റേറ്റ് കൊടുത്തപ്പോഴാണ്  സന്ദര്‍ഭത്തിലാണ് ഒരു ടേപ്പ് ഉണ്ടെന്ന് പറഞ്ഞത്.  ആ ശബ്ദരേഖ വ്യാജമാണെന്ന്  അന്വേഷണത്തില്‍  തെളിുഞ്ഞു കഴിഞ്ഞു.   കേരളത്തില്‍ മാത്രമല്ല അഹമ്മദാബാദില്‍ അയച്ച് പരിശോധിച്ചും അത് കള്ളമാണന്ന് തെളിയിച്ചതാണ്.

  കഴിഞ്ഞ സര്‍ക്കാരും    ഈ സര്‍ക്കാരും ഈ ആരോപണം അന്വേഷിച്ചു. ആദ്യം ശങ്കര്‍ റെഡ്ഡി വിജിലന്‍സ് ഡയറക്ടര്‍ ആയിരുന്നപ്പോഴും, പിന്നീട് ജേക്കബ് തോമസിന്റെ  കാലത്തും അന്വേഷിച്ചു.  അവരെല്ലാം ഇതില്‍ കഴമ്പില്ലന്ന്  പറഞ്ഞ് തള്ളിക്കളഞ്ഞതാണ്. ഈ റിപ്പോര്‍ട്ടെല്ലാം ഇപ്പോള്‍ വിജിലന്‍സ് കോടതിയുടെയും ഹൈക്കോടതിയുടെയും മുമ്പിലാണ്.

 വാസ്തവത്തില്‍ മുഖ്യമന്ത്രി ഇന്ന് ചെയ്തത് കോടതിയലക്ഷ്യമാണ്.  കോടതിയില്‍  മുമ്പില്‍ നില്‍ക്കുന്ന ഒരു കേസില്‍ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാനുളള അധികാരം അദ്ദേഹത്തിനില്ല.  

ഈ ടേപ്പ് തന്നെ കള്ളമാണെന്ന് രണ്ട് തവണ രണ്ട് സര്‍ക്കാരുകള്‍ അന്വേഷിച്ചു തെളിഞ്ഞതാണ്.  ആ റിപ്പോര്‍ട്ട്  കോടതിയില്‍ നില്‍ക്കുകയാണ്.  കോടതിയില്‍ നില്‍ക്കുന്ന കേസ് വീണ്ടുമെങ്ങിനെയാണ് മുഖ്യമന്ത്രിക്ക് പ്രാഥമിക അന്വേഷണത്തിന് വിടാന്‍ കഴിയുന്നത്?    പ്രാഥമിക അന്വേഷണത്തിന്  വിടണമെങ്കില്‍ ഒരു പുതിയ  വെളിപ്പെടുത്തല്‍ വേണം. ഇത് പഴയ വെളിപ്പെടുത്തലാണ്.  യു ഡി എഫ് സര്‍ക്കാരും, എല്‍ ഡി എഫ് സര്‍ക്കാരും അന്വേഷിച്ച് കഴമ്പില്ലന്ന് കണ്ടെത്തി തള്ളിക്കളഞ്ഞതാണ് ആ വെളിപ്പെടുത്തല്‍. ആ കേസ് വിജിലന്‍സ് കോടതി മുന്‍പാകെ നില്‍ക്കുകയാണ്.   മാണി സര്‍ മരിച്ചത് കൊണ്ടാണ് ആ കേസ് മുന്നോട്ട് പോകാതിരുന്നത്.   ഹൈക്കോടതിയിലും ഈ കേസുണ്ട്.  അത് കൊണ്ട് എനിക്ക് വളരെ സന്തോഷമാണ്. ഒന്നു കൂടി അന്വേഷിച്ചോട്ടെ.

 പ്രാഥമിക അന്വേഷണത്തിന് മുഖ്യമന്ത്രി ഒപ്പിട്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണ്.  ഏത് അന്വേഷണവും നടക്കട്ടെ എന്നത് തന്നെയാണ് നിലപാട്. കാരണം എന്റെ  കൈകള്‍ പരിശുദ്ധമാണ്.  ഈ പറയുന്ന ഒരു സംഭവവവും നടന്നിട്ടില്ല.  ആ ആരോപണം  കള്ളമാണ്.

ഇതുകൊണ്ടൊന്നും  പ്രതിപക്ഷ നേതാവിനെ  നിശബ്ദനാക്കാമെന്ന് മുഖ്യമന്ത്രി കരുതണ്ട. മിസ്റ്റര്‍ പിണറായി വിജയന്‍,  നിങ്ങളുടെ മുഴുവന്‍ അഴിമതിയും ഒരു സംശയമവുമില്ലാതെ കേരള  ജനതയുട മുമ്പില്‍ ഞാന്‍ കൊണ്ടുവരും.  നിങ്ങളുടെ യഥാര്‍ത്ഥ മുഖം കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യപ്പെടും. അതിന് പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഞാന്‍ തന്നെ മുന്‍കൈ എടുക്കും. ഓലപാമ്പ് കാട്ടി പേടിപ്പിക്കുകയൊന്നും വേണ്ടാ. എത്ര അന്വേഷണം വേണമെങ്കിലും നടത്തിക്കൊളു. നിങ്ങളുടെയും നിങ്ങളുടെ സര്‍ക്കാരിന്റെയും അഴിമതിയും  കൊള്ളയും  പുറത്ത് കൊണ്ടുവരാന്‍ വേണ്ടിയിട്ടുള്ള പ്രക്ഷോഭത്തിന്റെയും നടപടികളുടെയും മുമ്പില്‍   പ്രതിപക്ഷ നേതാവായ ഞാന്‍ തന്നെയുണ്ടാകും.  

മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് തെളിഞ്ഞ സ്ഥിതിക്ക്  പ്രതിപക്ഷ നേതാവും അഴിമതിക്കാരനാണെന്ന്  വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും.

ഇത് സംബന്ധിച്ച നിയമ നടപടികളെക്കുറിച്ച് ആലോചിക്കുകയാണെന്നും രമേശ്‌ ചെന്നിത്തല വ്യക്തമാക്കി.

Back to top button
error: