NEWS

ലക്‌ഷ്യം മുഖ്യമന്ത്രിയെന്ന പ്രചാരണവുമായി സിപിഎം ,മൗനം തുടർന്ന് അന്വേഷണ ഏജൻസികൾ

സ്വപ്ന സുരേഷിന്റെതെന്ന് പറയപ്പെടുന്ന ശബ്ദരേഖ മുൻനിർത്തി പ്രതിരോധം ചമയ്ക്കുകയാണ് സിപിഎം .മുഖ്യമന്ത്രിയുടെ പേര് പറയാൻ അന്വേഷണ ഏജൻസി നിർബന്ധിച്ചുവെന്നാണ് ശബ്ദരേഖയിൽ പറയുന്നത് .ഇതാണ് അന്വേഷണ ഏജൻസികളുടെ ലക്‌ഷ്യം മുഖ്യമന്ത്രിയാണ് എന്ന പ്രചാരണവുമായി സിപിഎം രംഗത്തിറങ്ങാൻ കാരണം .ഇതുവരെ അങ്ങിനെ ഒരു ആരോപണം സിപിഐഎം ഉയർത്തിയിരുന്നില്ല .

വികസന പ്രവർത്തങ്ങൾ അട്ടിമറിക്കാൻ അന്വേഷണ ഏജൻസികൾ ശ്രമിക്കുന്നുവെന്ന ആരോപണമാണ് സിപിഎം ഇതുവരെ ഉയർത്തിയത് .എന്നാൽ മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ പാർട്ടി അപകടം മണത്തു .

ഇതിനു പിന്നാലെ അന്വേഷണം രാഷ്ട്രീയ പ്രേരിതം ആണെന്നും നേതാക്കളുടെ പേര് പറയാൻ അന്വേഷണ ഏജൻസി നിർബന്ധിക്കുന്നുണ്ടെന്നും ശിവശങ്കരൻ വെളിപ്പെടുത്തി .തൊട്ടു പിന്നാലെയാണ് സ്വപ്നയുടേത് എന്ന പേരിൽ ഒരു ശബ്ദരേഖ പുറത്ത് വരുന്നത് .ഇത് രണ്ടും വച്ച് ഏജൻസികളെ പ്രതിരോധിക്കുക എന്ന രാഷ്ട്രീയ തന്ത്രം ആണ് സിപിഎം ഇപ്പോൾ പയറ്റുന്നത് .

സർക്കാരിന്റെ പ്രധാന പദ്ധതികൾക്ക് കരാർ നല്കിയതിലാണ് അന്വേഷണ ഏജൻസി സംശയം പ്രകടിപ്പിക്കുന്നത് .കരാർ നൽകി കമ്മീഷൻ തട്ടുക എന്നതായിരുന്നു പദ്ധതി എന്നാണ് അന്വേഷണം .മുഖ്യമന്ത്രിയുടെ ഓഫീസിലെ “ടീമിനെ”കുറിച്ച് ഒരു അന്വേഷണ ഏജൻസി കോടതിയിൽ രേഖാമൂലം പരാമർശിച്ചിട്ടുണ്ട് .

രവീന്ദ്രനിൽ നിന്ന് വിശദ വിവരം ചോദിച്ചറിയുക എന്നത് തന്നെയാണ് അന്വേഷണ ഏജൻസിയുടെ ലക്‌ഷ്യം .മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും പ്രബലനായ സ്റ്റാഫ്‌ ആണ് രവീന്ദ്രൻ .സർക്കാരിന്റെ പ്രമുഖ പദ്ധതികളുമായി ബന്ധപ്പെട്ട് അടുപ്പമുള്ള ചിലർ കമ്പനികൾ ഉണ്ടാക്കി പണം ഉണ്ടാക്കുന്നുണ്ട് എന്ന് വരെ അന്വേഷണ ഏജൻസിയ്ക്ക് സംശയം ഉണ്ട് .ടെണ്ടർ വിളിക്കാതെ കരാർ നൽകിയതും അന്വേഷണ പരിധിയിൽ ഉണ്ട് .

ഇതുവരെ കാത്തിരുന്നു കാണുക എന്നതായിരുന്നു സിപിഎം രീതി .അന്വേഷണ ഏജൻസികളെ ക്ഷണിച്ച് വരുത്തിയ മുഖ്യമന്ത്രി പലപ്പോഴും അന്വേഷണം നേരായ വഴിക്കാണെന്നു പറയുകയും ചെയ്തു .എന്നാൽ ഇപ്പോൾ കളി മാറി .അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിടുന്നതിന് മുമ്പ് കവചം ഒരുക്കുക എന്നതാണ് സിപിഎം ഇപ്പോൾ കൈക്കൊണ്ടിരിക്കുന്ന തന്ത്രം .ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും ഇതേ തന്ത്രമാണ് പയറ്റുന്നത് .

അതേസമയം മുഖ്യമന്ത്രിയെ കുറിച്ച് അന്വേഷണ ഏജൻസികൾ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല .അന്വേഷണ ഏജൻസികളുടെ ഈ മൗനം ആണ് സിപിഎമ്മിനെ കുഴപ്പിക്കുന്നതും .

Back to top button
error: