NEWS

സിബിഐ അന്വേഷണത്തിന് ഇനി സര്‍ക്കാരിന്റെ അനുമതി വേണം: സുപ്രീംകോടതി

സിബിഐ അന്വേഷണത്തിലേക്ക് സംസ്ഥാന സര്‍ക്കാരുകളുടെ
അനുമതിയില്ലാതെ കടക്കാനിവില്ലെന്ന ഉത്തരവ് പുറപ്പെടുവിച്ച് സുപ്രീംകോടതി. ജസ്റ്റിസുമാരായ എം.എം. ഖന്‍വില്‍ക്കര്‍, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സംസ്ഥാനങ്ങളുടെ അംഗീകാരമില്ലെങ്കില്‍ സി.ബി.ഐയുടെ അന്വേഷണ പരിധി നീട്ടാനാവില്ലെന്നും കോടതി അറിയിച്ചു. ഉത്തര്‍പ്രദേശില്‍ അഴിമതി കേസില്‍ പ്രതികളായിട്ടുള്ള ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ചിട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ ഉത്തരവിട്ടിരിക്കുന്നത്.

‘നിയമപ്രകാരം, അന്വേഷണത്തിന് സംസ്ഥാന സമ്മതം നിര്‍ബന്ധമാണ്, സംസ്ഥാനത്തിന്റെ സമ്മതമില്ലാതെ കേന്ദ്രത്തിന് സി.ബി.ഐയുടെ അധികാരപരിധി നീട്ടാന്‍ കഴിയില്ല. നിയമം ഭരണഘടനയുടെ ഫെഡറല്‍ ഘടനയുമായി ബന്ധപ്പെട്ട് കിടക്കുന്നു’ സുപ്രീം കോടതി വ്യക്തമാക്കി.

സി.ബി.ഐയുടെ അധികാരങ്ങളും അധികാരപരിധിയും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിപ്പിക്കാന്‍ വകുപ്പ് അഞ്ച് കേന്ദ്ര സര്‍ക്കാരിനെ പ്രാപ്തമാക്കുന്നുണ്ടെങ്കിലും സംസ്ഥാനം അതിന് സമ്മതിച്ചില്ലെങ്കില്‍ അത് അനുവദനീയമല്ലെന്നും കോടതി വ്യക്തമാക്കി.

കേരളമടക്കം ബി.ജെ.പിയിതര പാര്‍ട്ടികള്‍ ഭരിക്കുന്ന എട്ട് സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ക്ക് ഈ ഉത്തരവ് ഏറെ പ്രധാന്യമര്‍ഹിക്കുന്നതാണ്. കേരളം, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്. മിസോറാം എന്നീ സംസ്ഥാനങ്ങള്‍ സി.ബി.ഐക്ക് നല്‍കിയിട്ടുള്ള പൊതുഅനുമതി പിന്‍വലിച്ചിരുന്നു. കഴിഞ്ഞ മാസമാണ് കേരളം ഈ അനുമതി റദ്ദാക്കിയത്.

Back to top button
error: