NEWS

ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്; വിജിലന്‍സിനെ ഉപയോഗിച്ച് മുഖ്യമന്ത്രി നടത്തുന്ന രാഷ്ട്രീയ പ്രതികാരമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: വിജിലന്‍സിനെ ഉപയോഗിച്ച് കൊണ്ട്  നടത്തുന്ന രാഷ്ട്രീയ പ്രതികാരമാണ്  മുന്‍ മന്ത്രി  ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  പറഞ്ഞു.

മുഖ്യമന്ത്രി ഇടപെട്ട്   പ്രതിപക്ഷത്തുള്ള ഓരോരുത്തരെയും അറസ്റ്റ് ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. വിജിലന്‍സിനെ ഉപയോഗച്ച് കൊണ്ട് നടത്തുന്ന  ഈ രാഷ്ട്രീയ പ്രതികാരം കേരളത്തിലെ  ജനങ്ങള്‍ മനസിലാക്കും.   മൂന്ന്  എം എല്‍ എമാരെയാണ് ഇപ്പോള്‍ കേസില്‍ കുടുക്കിയിരിക്കുന്നത്. മഞ്ചേശ്വരം എം എല്‍ എ എം സി കമറൂദ്ദീന്‍ അഴിമതിയൊന്നും കാണിച്ചില്ല,  അദ്ദേഹം ഒരു ബിസിനസ് നടത്തി  പൊളിഞ്ഞ് പോയി, അതിനാണ് അറസ്റ്റ് ചെയ്തത്.

കെ എം ഷാജിക്കെതിരായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. ഇപ്പോള്‍  ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തിരിക്കുന്നു. ഈ മൂന്ന് നടപടികളും രാഷ്ട്രീയ  പ്രേരിതമാണ്. മുഖ്യമന്ത്രി ഈ കേസില്‍ നേരിട്ട് ഇടപെട്ട് ഉദ്യേഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുകയായിരുന്നു.  അറസ്റ്റ് ചെയ്യാനുള്ള യാതൊരു നിയമഉപദേശവും കിട്ടാത്ത സാഹചര്യത്തില്‍  സമ്മര്‍ദ്ദം ചെലുത്തിയാണ് ഈ അറസ്റ്റ്  നടത്തിയത്. വിജിലന്‍സ് ഉദ്യേഗസ്ഥര്‍ക്ക്  മേലുള്ള സര്‍ക്കാരിന്റെ  സമ്മര്‍ദ്ദം സഹിക്ക വയ്യാതെയാണ്  അവര്‍ അറസ്റ്റിന് മുതിര്‍ന്നത്. ഇബ്രാഹിം കുഞ്ഞ് എന്ത്   തെറ്റ് ചെയ്തിട്ടാണ് അവര്‍  അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. മൊബൈലേസഷന് അഡ്വാന്‍സ് കൊടുക്കുന്നത് ആദ്യത്തെ സംഭവമാണോ. ഈ സര്‍ക്കാരിന്റെ കാലത്ത് മൊബലൈസേഷന് അഡ്വാന്‍സ് കൊടുത്തട്ടില്ലേ. മൊബലൈസേഷന് അഡ്വാന്‍സ് കൊടുക്കുന്ന ഫയലില്‍ ഒപ്പിടുക മാത്രമാണ് അദ്ദേഹം ചെയ്തത്.  

ആര്‍ ഡി എസ് എന്ന കമ്പനി  ഈ സര്‍ക്കാരിന്റെ കാലത്തും കേരളത്തില്‍ വര്‍ക്കുകള്‍ നടത്തിക്കൊണ്ടിരിക്കുകയല്ലേ.  പാലാരിവട്ടം പാലത്തില്‍ ലോഡ് ടെസ്റ്റ് നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ ലോഡ് ടെസ്റ്റ് നടത്താന്‍  തെയ്യാറായില്ല.  സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ പോയി.  പാലാരിവട്ടം പാലത്തില്‍ അഴിമതിയുണ്ടെന്ന് വരുത്തിത്തീര്‍ത്ത് ഇബ്രാംഹിം  കുഞ്ഞിനെ  അറസ്റ്റ് ചെയ്യിക്കുക എന്നത് ഇടത് മുന്നണിയുടെ ഒരു ലക്ഷ്യമായിരുന്നു.  
പന്ത്രണ്ട് യു ഡി എഫ് എം എല്‍ എ മാരെ അറസ്റ്റ് ചെയ്യുമെന്ന് ഇടതു മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ ദുഷ്ടാലാക്കോടെ   യു ഡി എഫ് എം എല്‍ എമാരെ  ഓരോരുത്തരെയായി കേസില്‍ കുടിക്കി അപമാനിക്കാനാണ്  ഇടതു സര്‍ക്കാരിന്റെ  ശ്രമമെങ്കില്‍  അതിനെ യു ഡി എഫ് ശക്തമായി നേരിടും. മുഖ്യമന്ത്രി പറയുന്നതനുസരിച്ച് വഴി വിട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യേഗസ്ഥര്‍ നാളെ മറുപടി പറയേണ്ടി വരും.  ഇന്നാട്ടില്‍ കോടതിയും നിയമവുമുണ്ട്. നിയമ വിരുദ്ധമായ  പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഉദ്യേസ്ഥര്‍ മറുപടി പറയേണ്ടി വരും. രാഷ്ട്രീയ സമ്മര്‍ദ്ദത്തിലൂടെ അറസ്റ്റ് നടത്തി  യു ഡി എഫിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമമാണെങ്കില്‍   അതിനെ ശക്തമായി തന്നെ യു ഡി എഫ്  നേരിടും.  

കള്ളക്കേസുകള്‍ ഉണ്ടാക്കി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിത്.  ഇടതു മുന്നണി നേരിട്ട് കൊണ്ടിരിക്കുന്ന ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന്   ശ്രദ്ധ തിരിക്കാന്‍ വേണ്ടിയിട്ടുള്ള അടവാണിത്.  അധികാരമുണ്ടെന്ന് കരുതി എന്ത് ചെയ്യാമെന്ന ധിക്കാരപരമായ സമീപനം അനുവദിച്ച് കൊടുക്കാന്‍ കഴിയില്ല. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തില്‍ മുഖം നഷ്ടപ്പെട്ട  ഇടതു സര്‍ക്കാര്‍ യു ഡി എഫിന്റെ എം എല്‍ എമാരെ അറസ്റ്റ് ചെയ്ത് അവരുടെ മുഖം രക്ഷപെടുത്താമെന്ന നീക്കമെങ്കില്‍  അത് നടക്കില്ല. ജനങ്ങളുടെ ശ്രദ്ധ സ്വര്‍ണ്ണക്കള്ളക്കടത്ത് പോലുള്ള വിഷയങ്ങളില്‍  നിന്ന്   തിരിച്ചുവിടാനുള്ള അടവായി മാത്രമെ ഇതിനെ കാണാന്‍ കഴിയു. ഇതിനെ നിയമപരമായും രാഷ്ട്രീയ  പരമായും നേരിടുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Back to top button
error: