NEWS

ഓഡിറ്റിന്റെ കാണാപ്പുറങ്ങൾ: എഴുത്തുകാരനായ പി.ആർ.ഡി മുൻ ഡ. ഡയറക്ടർ വി.ആർ അജിത് കുമാർ എഴുതുന്നു

കിഫ്ബിയില്‍ അഴിമതിയുണ്ടോ എന്നറിയില്ല. തോമസ് ഐസക് നിയമലംഘനം നടത്തി എന്നദ്ദേഹം തന്നെ സമ്മതിക്കുന്നു. അങ്ങിനെ എങ്കില്‍ അതെന്തിനായിരുന്നു എന്നദ്ദേഹത്തിന് മാത്രമെ അറിയൂ. അതവിടെ നില്‍ക്കട്ടെ…

സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി ചെയ്‌തൊരാള്‍ എന്ന നിലയില്‍ ഓഡിറ്റിനെപറ്റിയാണ് എനിക്ക് പറയാനുള്ളത്. സാമ്പത്തികവുമായി ബന്ധപ്പെട്ട ഏതു ഫയല്‍ വന്നാലും ഉദ്യോഗസ്ഥരുടെ തലയ്ക്കു മുകളില്‍ ഡമോക്ലിസിന്റെ വാള്‍ പോലെ വന്നു നില്‍ക്കുന്ന ഒന്നാണ് ഓഡിറ്റ്. അത് ഇന്റേണല്‍ ഓഡിറ്റായാലും ലോക്കല്‍ ഫണ്ട് ഓഡിറ്റായാലും ഏജി ഓഡിറ്റായാലും. ഗുണമേന്മ ഒന്നും നോക്കണ്ട സാറെ, ലോവസ്റ്റ് ക്വാട്ട് ചെയ്തവന് കൊടുത്തേരെ, ഇല്ലെങ്കില്‍ ലവന്മാര്‍ നൂറ് ക്വറി ചോദിക്കും. പിന്നെ ആകെ തൊന്തരവാ, നമ്മളെന്തിനാ റിസ്‌ക് എടുക്കുന്നെ…ഫയല്‍ കൊണ്ടുവരുമ്പോഴേ സെക്ഷനിലുള്ളവര്‍ പറയും.

ഇത്തരത്തില്‍ മോശപ്പെട്ടവ സ്വീകരിക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നിര്‍ബ്ബന്ധിതമാകുന്നതിന് പ്രധാന കാരണമായി എനിക്കു തോന്നിയിട്ടുളളത് ഓഡിറ്റ് ഭയം കൊണ്ടാണ് എന്നാണ്. അഴിമതി നിയന്ത്രിക്കാന്‍ ഒരു പരിധി വരെ ഓഡിറ്റ് സഹായിക്കുന്നുണ്ടാവാം. രാഷ്ട്രീയമായും ഓഡിറ്റ് ഉപയോഗപ്പെടാറുണ്ട്. വിനോദ്‌റായ് യുടെ കാലത്തെ 2 ജി അഴിമതി രാഷ്ട്രീയമായി ബി.ജെ.പിക്കു ഗുണം ചെയ്തിരുന്നു. അതില്‍ പറയുന്ന ലക്ഷക്കണക്കായ കോടികള്‍ എവിടെ പോയി എന്നറിയില്ല. കിഫ്ബി വിവാദവും ഇത്തരത്തിലാണോ എന്നും അറിയില്ല.

കേരളത്തില്‍ ടോട്ടല്‍ സൊല്യൂഷന്‍ പ്രൊവൈഡേഴ്‌സായ വെളളാനകളെല്ലാം നിലനില്‍ക്കുന്നത് ഉദ്യോഗസ്ഥര്‍ ഓഡിറ്റിനെ ഭയക്കുന്നതുകൊണ്ടാണ്. സിഡ്‌കൊ, സിഡിറ്റ്, കെല്‍ട്രോണ്‍, കെ.എസ്‌.ഐ.ഇ, കെ.ടി.ഡി.എഫ്‌.സി തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങളുണ്ട് ഇത്തരത്തില്‍. നേരിട്ട് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഉപകരണങ്ങളോ സേവനങ്ങളോ വാങ്ങുന്നതിനേക്കാള്‍ 10 മുതല്‍ 100 ശതമാനം വരെ കൂടിയ നിരക്കില്‍ ഇവരില്‍ നിന്നും വാങ്ങാന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് മടിയില്ല. കാരണം ഈ സ്ഥാപനങ്ങളെ ഏല്‍പ്പിച്ചാല്‍ ഏജി ഓഡിറ്റിന്റെ ശല്യം ഉദ്യോഗസ്ഥരുടെ തലയില്‍ നിന്നും ഒഴിഞ്ഞു കിട്ടും.

ഇവര്‍ക്ക് സാങ്കേതിക മികവുണ്ട് എന്നാണ് ധാരണയെങ്കിലും വാസ്തവത്തില്‍ ഇവര്‍ ചെയ്യുന്നത് ജോലികള്‍ സ്വകാര്യ ഏജന്‍സികള്‍ക്ക് കൊടുക്കുക എന്നതാണ്. ഇടനിലക്കാരായി നിന്ന് സര്‍ക്കാര്‍ പണം കൈപ്പറ്റുന്ന ഈ ഇടനില സംഘങ്ങളുണ്ടാകാന്‍ കാരണം ഓഡിറ്റ് ഭീതി മാത്രമാണ്. അതുകൊണ്ടുതന്നെ ഓഡിറ്റേഴ്‌സ് ഉദ്യോഗസ്ഥരെല്ലാം കള്ളന്മാരാണ് എന്ന സങ്കല്‍പ്പം ആദ്യം മാറ്റണം. എന്നുമാത്രമല്ല, ഏറ്റവുമധികം അഴിമതി നടക്കുന്നിടത്ത് (പൊതുമരാമത്തു പോലെ ഉള്ളവ)പേപ്പര്‍ വര്‍ക്കുകളെല്ലാം കിറുകൃത്യമാവും എന്നതിനാല്‍ ഓഡിറ്റുകാര്‍ക്ക് ഒന്നും ചെയ്യാനും കഴിയാറില്ല എന്നതും വിചിത്രമായ സത്യമാണ്.

Back to top button
error: