LIFETRENDING

രാജാവിനു കടലയും പ്രജകൾക്ക് കടുകും -യാത്രാവിവരണം:മിത്ര സതീഷ്

വിജയനഗര സാമ്രാജ്യത്തിൽ നിലനിന്നിരുന്ന അസമത്വത്തിന്റെയ് ഏറ്റവും പ്രത്യക്ഷമായ ഉദാഹരണമാണ് രാജാവിന് കടലയും പ്രജകൾക്ക് കടുകും എന്നത് … കാര്യം പിടികിട്ടിയില്ല അല്ലേ???? കാര്യങ്ങൾ മനസ്സിലാക്കാൻ ഹേമകുട കുന്നിൽ പോകണം.

ഹമ്പിയിലെ വിരൂപാക്ഷ ക്ഷേത്രത്തിന്റെ അടുത്താണ് ഹേമകൂട കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഹേമകൂട കുന്നുകൾക്ക് ഈ പേര് ലഭിച്ചതിനു പിന്നിൽ രസകരമായ ഒരു കഥയുണ്ട്. ഈ കുന്നിന്റെയ് മുകളിൽ ഒരിക്കൽ ശിവ ഭഗവാൻ ഉഗ്ര തപസ്സു ചെയ്തിരുന്നു. അവിടെ അടുത്ത് താമസിച്ചിരുന്ന പമ്പ എന്ന പെൺകുട്ടിക്ക് ശിവനോട് വല്ലാത്ത ആരാധന തോന്നുകയും ഭഗവാനെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചു. അതിനായി പമ്പയും തപസ്സിരുന്നു.

പമ്പയെ സഹായിക്കാൻ കാമദേവൻ ശിവന്റെയ് നേരെ അമ്പെയ്തു. തപസ്സിനു ഭംഗം വന്ന ദേഷ്യത്തിൽ ശിവൻ തൃക്കണ്ണു തുറക്കുകയും കാമദേവൻ ഭസ്മമാകുകയും ചെയ്തു. കോപാഗ്നിയിൽ അവിടെയുള്ള പാറകൾ ഉരുകി താഴോട്ടൊഴുകി മന്മഥ കുണ്ഡ് എന്ന കുളം പോലും രൂപീകരിക്കപ്പെട്ടു എന്നാണ് ഐതിഹ്യം .

ഇതാണ് വിരൂപാക്ഷ ക്ഷേത്രത്തിനടുത്തുള്ള മന്മഥ ടാങ്ക്. ഏതായാലും പമ്പയുടെ തപസ്സിൽ സന്തുഷ്ടനായ ഭഗവാൻ പമ്പയെ വിവാഹം ചെയ്തു. അങ്ങനെ പമ്പ , പമ്പാദേവിയായി മാറി. അവരുടെ വിവാഹ സമയത്തു ആകാശത്തിൽ നിന്നും സ്വർണ്ണ മഴ പെയ്തു പോലും. അങ്ങനെയാണ് ഈ പ്രദേശം ഹേമകൂട എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.

ഈ കുന്നിന്റെയ് ഒരു ചെരിവിലാണ് സാസിവേക്കാലു ഗണേശന്റെയ് പ്രതിഷ്ഠ വെച്ചിരിക്കുന്നത് .1506 ഇൽ നരസിംഹൻ രണ്ടാമൻ രാജാവിന്റെയ് ഓർമ്മക്കായി ചന്ദ്രഗിരിയിൽ നിന്നും വന്ന ഒരു കച്ചവടക്കാരൻ ആയിരുന്നു ഇതു പണി കഴിപ്പിച്ചത്.

വലിയ തൂണുകളുള്ള ഒരു തുറന്ന മണ്ഡപത്തിലാണ് എട്ടടി നീളമുള്ള, ഒറ്റക്കല്ലിൽ പണിത കൂറ്റൻ വിഗ്രഹം ഇരിക്കുന്നത് . സാസിവ എന്നാൽ കടുക് എന്നാണ് . കടുകു പോലെ ഉരുണ്ട വയറുള്ളത് കൊണ്ടാണ് ഈ പേര് . ഗണേശൻ പാർവതിയുടെ മടിയിൽ ഇരിക്കുന്നതായാണ് സങ്കല്പം. വിഗ്രഹത്തിന്റെയ് പുറകിൽ പാർവതിയുടെ പുറകു വശമാണ് കാണുന്നത്.

വയറിന്റെയ് നടുക്ക് ഒരു പാമ്പിനെ ചുറ്റി കെട്ടി വെച്ചിരിക്കുന്നത് കാണാം. ഗണേശൻ ഒരു ദിവസം ധാരാളം മോദകം ഭക്ഷിച്ചു. വയറു പൊട്ടി പോകാതിരിക്കാനായിട്ടാണ് പോലും പാമ്പിനെ വെച്ച് വയറു കെട്ടി വെച്ചത് ! ചരിത്ര സ്മാരകങ്ങളുടെ കാഴ്ചകൾ ഏറെ രസകരമാക്കുന്നത് ഇത്തരം പ്രാദേശിക കഥകൾ ആണ്.

അവിടെ അടുത്തു തന്നെയാണ് കടലേക്കാലു ഗണേശ ക്ഷേത്രം. അങ്ങോട്ട് എത്താൻ ഒരു വലിയ പ്രവേശന ഗോപുരം കടക്കണം. നാല് കവാടങ്ങൾ ഉണ്ട്. രണ്ടു കവാടം ഉള്ളിൽ കടക്കാനും രണ്ടു കവാടം പുറത്തേക്കു വരാനും ആണ് ഉപയോഗിച്ചിരുന്നത്. ഹംപി ബസാറിലേക്ക് പോകാൻ ധാരാളം ആളുകൾ വരുമായിരുന്നു. ഇവരെയൊക്കെ ഇവിടെ വെച്ച് നാഡി പരീക്ഷിച്ചു അസുഖം ഒന്നുമില്ലെന്ന്‌ ഉറപ്പു വരുത്തിയിട്ടായിരുന്നു പോലും അകത്തേക്ക് കടത്തി വിടുക ! കൊറോണ വന്നപ്പോഴാണ് നമുക്ക് സ്ക്രീനിംഗ് വെച്ചത്. നൂറ്റാണ്ടുകൾക്കു മുമ്പ് ഈ സ്ക്രീനിംഗ് സമ്പ്രദായം നിലനിന്നിരുന്നു എന്ന് അദ്‌ഭുതത്തോടെയാണ്‌ മനസിലാക്കിയത്…

കവാടത്തിൽ കൂടി നേരെ നടന്നപ്പോൾ ഇരുപത്തിനാലു തൂണുള്ള വലിയൊരു മണ്ഡപം കണ്ടു. ഈ മണ്ഡപത്തിന്റെയ് അറ്റത്തു അടച്ചു കെട്ടിയ മുറിയിലായിരുന്നു കടലേക്കാലു ഗണേശന്റെയ് ഇരിപ്പ്. പതിനഞ്ചടി നീളമുള്ള ഒറ്റക്കല്ലിൽ തന്നേ പണിത കൂറ്റൻ വിഗ്രഹമായിരുന്നു അത്. ഗണേശന്റെയ് വയറു കടലയുടെ ആകൃതിയിലായിരുന്ന കൊണ്ടാണ് ഇങ്ങനൊരു പേര് വന്നത് . ഗണേശൻ ശിവന്റെയ് മടിയിലിരിക്കുന്നതായായിട്ടാണ് സങ്കൽപം. അതുകൊണ്ടു വിഗ്രഹത്തിന്റെയ് പുറകിൽ ശിവന്റെയ് പുറകുവശമാണ് കൊത്തി വെച്ചിരിക്കുന്നത്. ഗണേശന്റെയ് തുമ്പികൈ കൈയിലിരിക്കുന്ന മോദകത്തിന്റെയ് പാത്രത്തിൽ നീളുന്നത് കാണാൻ രസമാണ് .

എന്താണ് ആദ്യം പറഞ്ഞതിന്റെ പൊരുൾ എന്നാകും നിങ്ങൾ ആലോചിക്കുന്നത്. അത് എന്താണെന്ന് വെച്ചാൽ കടലേക്കാലു ഗണേശനെ ദർശിക്കാൻ രാജകുടുംബങ്ങൾക്കു മാത്രമേ അനുവാദം ഉണ്ടായിരുന്നൊള്ളു പോലും. അത് കൊണ്ടാണ് പുറത്തു നിന്നാൽ കാണാൻ പറ്റാത്ത വിധം വിഗ്രഹം വെച്ച സ്ഥലം അടച്ചുകെട്ടിയത്. സാധാരക്കാരാണ് വേണ്ടിയാണ് സാസിവേക്കാലു ഗണേശ ക്ഷേത്രം.

അപ്പോൾ ഞാൻ പറഞ്ഞത് ശെരിയായില്ലേ … രാജാവിന് കടലയും പ്രജക്ക് കടുകും !!

Back to top button
error: