LIFENEWS

സിഎജിക്കെതിരെ കരുതലോടെ സർക്കാർ ,പല്ലും നഖവും ഉപയോഗിച്ച് എതിർക്കും ,തോമസ് ഐസക്കിന് പ്രതിരോധം തീർക്കാൻ പദ്ധതി

കിഫ്‌ബി വിവാദത്തിൽ പൊരുതാൻ ഉറച്ച് പിണറായി സർക്കാർ . സി എ ജിയുമായി നേരിട്ട് തന്നെ ഏറ്റുമുട്ടും .മസാല ബോണ്ടിറക്കി 2150 കോടി വിദേശത്ത് നിന്ന് വായ്പ എടുത്തത് ഭരണഘടനാ ലംഘനമാണെന്ന സി എ ജി പരാമർശത്തിന് എതിരെ പ്രതിരോധം ശക്തമാക്കാൻ തന്നെയാണ് തീരുമാനം .

ധനമന്ത്രി ഡോ .തോമസ് ഐസക്ക് തന്നെയാണ് പട നയിക്കുക .സി എ ജിക്കെതിരെ ചീഫ് സെക്രട്ടറിയെ കൂടി അണിനിരത്തും .മുഖ്യമന്ത്രിയുമായും പാർട്ടിയുമായും ആലോചിച്ചതിനു ശേഷമാണ് തോമസ് ഐസക് പ്രതിപക്ഷത്തിനും സി എ ജിക്കുമെതിരെ രംഗത്ത് വന്നത് .

ഭരണഘടനയിലെ 293 (1 )ലംഘിച്ച് ആണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ട് ഇറക്കി കിഫ്‌ബി ധനസമാഹരണം നടത്തിയത് എന്നാണ് സി എ ജിയുടെ കണ്ടെത്തൽ .സംസ്ഥാനങ്ങൾ നേരിട്ട് വിദേശത്ത് നിന്ന് ധനസമാഹരണം ശേഖരിക്കുന്നത് സംബന്ധിച്ച അനുച്ഛേദം ആണ് 293 (1 ).കിഫ്‌ബി സർക്കാരിന് മേൽ 3100 കോടിയുടെ അധിക കടബാധ്യത സൃഷ്ടിച്ചുവെന്നും സി എ ജി ചൂണ്ടിക്കാട്ടി .

സംസ്ഥാന സർക്കാരിനുള്ള നിയന്ത്രണങ്ങൾ കോർപറേറ്റ് സ്ഥാപനമായ കിഫ്‌ബിയ്ക്ക് ബാധകമല്ല എന്നാണ് ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടുക .അനുച്ഛേദം 293 (1 ) കിഫ്ബിയ്ക്ക് ബാധകമായാൽ പോലും അനുമതിയോടെ വിദേശ സഹായം സ്വീകരിക്കാൻ ഭരണഘടനാ അനുമതി നൽകിയിട്ടുണ്ട് .മസാല ബോണ്ടിറക്കാൻ തടസം ഇല്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിയ്ക്ക് നൽകിയ കത്ത് ചീഫ് സെക്രട്ടറി സിഎജിയ്ക്ക് കൈമാറും .

കിഫ്ബിയുടെ ഓഡിറ്റിനെ സംബന്ധിച്ച് ഒരു വർഷം മുമ്പ് തന്നെ തർക്കം ഉണ്ടായിരുന്നു .വകുപ്പ് 20 (2 )പ്രകാരം കിഫ്ബിയിൽ നിർബന്ധിത സമഗ്ര ഓഡിറ്റ് നടത്തണം എന്ന് സി എ ജി ആവശ്യപ്പെട്ടു .എന്നാൽ കിഫ്‌ബിയ്ക്ക് സ്വന്തമായ ഓഡിറ്റ് സംവിധാനം ഉണ്ടെന്നും സി എ ജിയുടെ സമഗ്ര നിർബന്ധിത ഓഡിറ്റ് വേണ്ട എന്നുമായിരുന്നു സർക്കാർ നിലപാട് .പകരം വകുപ്പ് 14 (1 ) പ്രകാരം സാധാരണ ഓഡിറ്റ് മതിയെന്നും അറിയിച്ചു .

സാധാരണ ഓഡിറ്റ് നടത്തിയ സിഎജി ഒട്ടേറെ കിഫ്‌ബി പദ്ധതികൾ ഇഴഞ്ഞു നീങ്ങുന്നതായി ചൂണ്ടിക്കാട്ടി .തുടർന്ന് പുറത്തിറക്കിയ കരട് റിപ്പോർട്ടിൽ ആണ് മസാല ബോണ്ട് സംബന്ധിച്ച പരാമർശം .ചട്ടം 20 (2 )പ്രകാരമുള്ള ഓഡിറ്റ് ആണ് കിഫ്ബിയിൽ സിഎജി ആദ്യം ആവശ്യപ്പെട്ടത് .കിഫ്‌ബി സർക്കാർ ഏജൻസി ആണെന്നും ഓഡിറ്റ് നടത്തണമെന്നുമുള്ളതാണ് സിഎജിയുടെ ആവശ്യം .ചട്ടം 14 (1 ) പ്രകാരം കണക്കുകൾ പരിശോധിക്കാമെങ്കിലും ഓഡിറ്റ് നടത്തിയിരിക്കണമെന്ന നിർബന്ധിത വ്യവസ്ഥയില്ല .സർക്കാർ നൽകുന്ന പണം കിഫ്ബിയുടെ ആകെ ചെലവിന്റെ 75 %ലേറെ വരുന്നതോടെ ഈ ചട്ടമാനുസരിച്ചുള്ള ഓഡിറ്റ് മതിയാകില്ല .കിഫ്‌ബി മറ്റു മാര്ഗങ്ങളിലൂടെ ധനസമാഹരണം നടത്തി സർക്കാർ സഹായം 75 % ത്തിൽ താഴെ ആക്കിയാൽ സിഎജി ഓഡിറ്റ് നിലയ്ക്കും .ഈ ഓഡിറ്റിനുള്ള അനുമതി ആണ് സർക്കാർ ഇപ്പോൾ നൽകിയിരിക്കുന്നത് .

Back to top button
error: