NEWS

ലഹരിക്കേസ് പ്രതിയുടെ എടിഎം കാര്‍ഡില്‍ ബിനീഷിന്റെ ഒപ്പ് എങ്ങനെ?, ഇഡിയുടെ ചോദ്യം ചെയ്യല്‍ തുടരുന്നു

ബെംഗളൂരു മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു. തുടര്‍ച്ചയായ പതിനൊന്നാം ദിവസമാണ് ബിനീഷിനെ ഇഡി ചോദ്യം ചെയ്യുന്നത്. ഇഡിയുടെ ബെംഗളൂരുവിലെ ഓഫീസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്.

അടച്ചുപൂട്ടിയ മൂന്നു കമ്പനികളിലെ പങ്കാളിത്തം, ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നും കണ്ടെടുത്ത ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് എന്നിവയെ സംബന്ധിച്ചാണ് പ്രധാനമായും ചോദിക്കുക. ഇക്കാര്യം ഇന്നലെ കോടതിയെയും ഇഡി അറിയിച്ചിരുന്നു.

ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡിനെക്കുറിച്ചാണ് പ്രധാനമായും ചോദിക്കുക. ബിനീഷ് കോടിയേരിയുടെ ഒപ്പോടെ ലഹരിക്കേസ് പ്രതി അനൂപ് മുഹമ്മദിന്റെ എടിഎം കാര്‍ഡ് ഇഡി കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയിരുന്നു. അനൂപ് ബെംഗളൂരു കമ്മനഹള്ളിയില്‍ നടത്തിയിരുന്ന ഹയാത്ത് റസ്റ്ററന്റിന്റെ വിലാസത്തിലുള്ള കാര്‍ഡാണ് ഇഡി ഹാജരാക്കിയത്.

ബിനീഷിന്റെ തിരുവനന്തപുരത്തെ വീട്ടില്‍നിന്നു കണ്ടെടുത്തതാണെന്നും അറിയിച്ചു. കൂടുതല്‍ ചോദ്യംചെയ്യല്‍ വേണമെന്ന വാദം അംഗീകരിച്ച കോടതി, ബിനീഷിന്റെ കസ്റ്റഡി കാലാവധി 11 വരെ നീട്ടി. അതേസമയം, ബിനീഷിനെ ബലമായി ഒപ്പിടീച്ചതാണെന്നാണ് അഭിഭാഷകര്‍ വാദിച്ചത്.

ബിനീഷ് ഡയറക്ടറായ ബീക്യാപിറ്റല്‍ ഫോറെക്‌സ് ട്രേഡിങ് (ബെംഗളൂരു), ബീക്യാപിറ്റല്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസ്, ടോറസ് റെമഡീസ് എന്നിവയുടെ വിലാസം അന്വേഷിച്ചപ്പോള്‍ അവ വ്യാജ കമ്പനികളാണെന്ന് വ്യക്തമായെന്നും ഇവയുടെ മറവില്‍ കള്ളപ്പണ ഇടപാടുകളുണ്ടോ എന്നു പരിശോധിക്കണമെന്നും ഇഡി കോടതിയില്‍ പറഞ്ഞിരുന്നു.

ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യാതിരിക്കാന്‍ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഇഡി കൃത്രിമം കാണിച്ചെന്നും ബിനീഷിനെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നും അഭിഭാഷകര്‍ ആരോപിച്ചു.

Back to top button
error: