NEWSTRENDING

ലഹരിക്കേസ്; നടി റിയയുടെ സഹോദരന്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കി

ബോളിവുഡ് നടന്‍ സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയ ചക്രവര്‍ത്തിയുടെ സഹോദരന്‍ വീണ്ടും ജാമ്യഹര്‍ജി സമര്‍പ്പിച്ചു. സഹോദരന്‍ ഷോവിക് ചക്രവര്‍ത്തിയാണ് പ്രത്യേക കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയത്. തന്റെ പക്കല്‍ നിന്ന് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ലഹരി മരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് ഷോവിക് അപേക്ഷയില്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അറസ്റ്റിലായ മറ്റൊരാളുടെ മൊഴി മാത്രമാണ് തനിക്കെതിരെ ഉളളതെന്നും എന്‍സിബി നല്‍കുന്ന മൊഴി കുറ്റസമ്മതമായി കണക്കാക്കാനാവില്ലെന്ന് കഴിഞ്ഞ മാസത്തെ സുപ്രീംകോടതി വിധിയിലുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

കഴിഞ്ഞ സെപ്റ്റംബര്‍ 4ന് ആണ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ലഹരി ഇടപാടുകളെ സംബന്ധിച്ച് അന്വേഷണത്തിനിടെ ഷോവികിനെ അറസ്റ്റ് ചെയ്തത്. സുശാന്തിന് ലഹരിമരുന്ന് നല്‍കാന്‍ ഇടപാടുകാരുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നാണ് ആരോപണം. ഷോവികിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതിയും ഹൈക്കോടതിയും നേരത്തേ തള്ളിയിരുന്നു.

അതേസമയം, ലഹരിക്കേസില്‍ നടി ദീപിക പദുകോണിന്റെ മാനേജര്‍ കരിഷ്മ പ്രകാശിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പ്രത്യേക കോടതി 10ന് വാദം കേള്‍ക്കും. അതു വരെ അവര്‍ക്ക് അറസ്റ്റില്‍ നിന്ന് സംരക്ഷണം ലഭിക്കും.

Back to top button
error: