NEWS

ഫാഷൻ ഗോൾഡ് തട്ടിപ്പ്; മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍

കാസർകോട് ∙ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എം.സി. ഖമറുദ്ദീന്‍ അറസ്റ്റില്‍. ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്‌. കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ്. കൂടുതൽ തെളിവ് ലഭിച്ചെന്ന് പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ മുതല്‍ ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്ന എഎസ്പി വിവേക് കുമാര്‍ പറഞ്ഞിരുന്നു.

800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ഖമറുദ്ദീനെതിരെ ഉയരുന്ന ആരോപണം. ഖമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തിരുന്നു.

കഴിഞ്ഞ ദിവസം കേസില്‍ പൂക്കോയത്തങ്ങളേയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയേയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖമറുദ്ദീനേയും ചോദ്യം ചെയ്തത്‌.

Back to top button
error: