NEWS

മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ്

കട്ടപ്പന: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിമാന്‍ഡിലായി ജയിലില്‍ കഴിയുന്നതിനിടെ തൂങ്ങിമരിച്ച പ്രതി മനുവിന്റെ പിതാവ് ജയില്‍ ജീവനക്കാര്‍ക്കെതിരെ രംഗത്ത്. ജയില്‍ ജീവനക്കാര്‍ മനുവിനെ കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണെന്ന് പിതാവ് ആരോപിച്ചു. അതിനാല്‍ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും പിതാവ് പറഞ്ഞു.

വ്യാഴ്‌ഴ്ചയാണ് മുട്ടം ജില്ലാ ജയിലില്‍ തോര്‍ത്ത് ഗ്രില്ലില്‍ കെട്ടിത്തൂങ്ങി മനു മനോജ് (24) മരിച്ചത്. മനുവും പെണ്‍കുട്ടിയും അടുപ്പത്തിലായിരുന്നുവെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ 19ന് പെണ്‍കുട്ടിയുടെ വീട്ടുകാരുമായി സംസാരിച്ചിരുന്നുവെന്നും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞിരുന്നതായും മനുവിന്റെ പിതാവ് പറഞ്ഞു. എന്നാല്‍ പിന്നീട് 21ന് അവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ കേസ് കൊടുക്കുകയായിരുന്നു.

സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാരോട് സംസാരിച്ചിരുന്നെങ്കിലും ഞങ്ങളുടെ പെണ്ണിന്റെ കാര്യം സേഫ് ആക്കി എന്നായിരുന്നു വീട്ടുകാരുടെ മറുപടി. തുടര്‍ന്ന് 24ന് സ്റ്റേഷനില്‍ ഹാജരാക്കിയ മനുവിനെ 28ന് ജയിലിലേക്ക് മാറ്റി. ഇടയ്ക്ക് വിളിച്ച് ചോദിച്ചപ്പോള്‍ ക്വാറന്റീനിലാണെന്നാണ് പറഞ്ഞത്. പിന്നീട് പറഞ്ഞു തൂങ്ങിമരിച്ചെന്ന്. അതില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ല. പെണ്ണിന്റെ ബന്ധുവാണ് പോലീസ് ഉദ്യോഗസ്ഥന്‍. അതിനാല്‍ പെണ്ണിന്റെ വീട്ടുകാരുടെ സ്വാധീനം ഉപയോഗിച്ച് തല്ലി കെട്ടിത്തൂക്കിയതാണെന്നും പിതാവ് ആരോപിച്ചു.

അതേസമയം, മനുവിന്റ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലാണ് കത്ത് കണ്ടെത്തിയത്. അവള്‍ പോയി ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ല. ഞാനും പോകുന്നു. എന്റെ മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കോ സഹതടവുകാര്‍ക്കോ പങ്കില്ല എന്നാണ് കത്ത്. എന്റെ മരണത്തോടെ ബിജെപിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സന്തോഷമാകട്ടെ എന്നും കത്തില്‍ പറയുന്നു. എന്നാല്‍ കൈപ്പട മനുവിന്റെ തന്നെയാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

കാഞ്ചിയാര്‍ സ്വദേശിയായ പതിനാറുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനു കഴിഞ്ഞ 24നാണ് റിമാന്‍ഡിലായത്. പീഡനത്തെ തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 31ന് മരിക്കുകയായിരുന്നു.

Back to top button
error: