NEWS

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ കൂടി കേന്ദ്ര എജൻസികളുടെ റഡാറിൽ ,സർക്കാരിനെയും സിപിഐഎമ്മിനെയും ലക്ഷ്യമിടുന്നത് 7 ഏജൻസികൾ

മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉന്നതൻ കൂടി കേന്ദ്ര ഏജൻസികളുടെ റഡാറിൽ എന്ന് സൂചന .എം ശിവശങ്കറിനും സി എം രവീന്ദ്രനും പിന്നാലേയാണ് ഒരാളെ കൂടി കേന്ദ്ര ഏജൻസികൾ നിരീക്ഷിക്കുന്നത് .സി എം രവീന്ദ്രന്റെ മൊഴി എടുത്തതിനു ശേഷം ഇയാളുടെ മൊഴി രേഖപ്പെടുത്താൻ ആണ് കേന്ദ്ര ഏജൻസികൾ ആലോചിച്ചിരുന്നത് .എന്നാൽ രവീന്ദ്രൻ കോവിഡ് ബാധിതൻ ആയതിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ഏജൻസികൾ തീരുമാനം മാറ്റുമോ എന്ന് വ്യക്തമല്ല .

സ്വർണക്കടത്ത് കേസിൽ തുടങ്ങിയ അന്വേഷണം എന്നാൽ മറ്റു സ്ഥലങ്ങളിലേക്കും നീങ്ങുകയാണ് .സർക്കാരിനും സിപിഐഎമ്മിനുമെതിരെ 7 ഏജൻസികൾ ആണ് അന്വേഷണം നടത്തുന്നത് .സിബിഐ ,ഇൻകം ടാക്സ് ,ഐ ബി ,എൻസിബി ,എൻഐഎ ,കസ്റ്റംസ് ,റോ എന്നിവയുടെ അന്വേഷണങ്ങൾ ആണ് വിവിധ തലങ്ങളിൽ പുരോഗമിക്കുന്നത് .

സ്വർണക്കടത്ത് കേസിലെ അന്വേഷണം മുഖ്യമന്ത്രിയുടെ മുൻ സെക്രട്ടറി എം ശിവശങ്കരനിൽ അവസാനിക്കും എന്ന് കരുതിയിടത്ത് നിന്നാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് കൂടി ഇ ഡിയുടെ മുന്നിൽ ഹാജരാകാൻ നോട്ടീസ് ലഭിക്കുന്നത് .സമാന്തരമായി ലഹരിമരുന്ന് കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലാകുകയും ചെയ്തു .

സിപിഐഎമ്മിന്റെ രണ്ട് പോളിറ്റ് ബ്യൂറോ അംഗങ്ങളാണ് അന്വേഷണത്തിന്റെ കുന്തമുനയിൽ നിൽക്കുന്നത് .ബിനീഷ് കൂടി പിടിയിൽ ആയതോടെ സർക്കാരിന് പിന്നാലെ പാർട്ടിയും പ്രതിരോധത്തിൽ ആയി .ബിനീഷിനെ ദിവസങ്ങൾ ആയി ഇ ഡി ചോദ്യം ചെയ്യുകയാണ് .കേരള പോലീസിന്റെ സഹായമില്ലാതെ ഇ ഡി 6 ഇടത്താണ് ബിനീഷുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് റെയ്ഡ് നടത്തിയത് .

കേന്ദ്ര ഏജൻസികൾക്കെതിരേ എങ്ങനെ പ്രതിരോധം ചമയ്ക്കും എന്ന ആലോചനയിൽ ആണ് സർക്കാരും പാർട്ടിയും .കോടതി വിധിയിലൂടെ സിബിഐയെ താൽക്കാലികമായി പ്രതിരോധിച്ചെങ്കിലും മറ്റു ഏജൻസികൾ വരിഞ്ഞു മുറുക്കുകയാണ് .സർക്കാരിന്റെ അഭിമാന പദ്ധതികളുടെ വിവരങ്ങൾ ആണ് ഇപ്പോൾ ഇ ഡി ശേഖരിക്കുന്നത് .രേഖകൾ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചും കഴിഞ്ഞു .എന്നാൽ നിയമ വഴികളിലൂടെ എങ്ങനെ ഇതിനെ നേരിടാമെന്നാണ് സർക്കാർ ആലോചിക്കുന്നത് .

അതെ സമയം അണികളെ ബോധ്യപ്പെടുത്തുക എന്ന വലിയ കടമ്പ പാർട്ടിയ്ക്ക് മുമ്പിൽ ഉണ്ട് .വിവരങ്ങളും ന്യായങ്ങളും നിരത്തി സൈബർ പോരാളികൾ അഹോരാത്രം പണി എടുക്കുന്നുണ്ടെങ്കിലും ഓരോ ദിവസവും പുതിയ യുദ്ധമുഖം തുറക്കുക ആണ് അന്വേഷണ ഏജൻസികൾ .ഈ പശ്ചാത്തലത്തിൽ ഇതുവരെ ശീലിച്ച പ്രതിരോധ മാർഗങ്ങൾ പുനഃപരിശോധിക്കേണ്ട ബാധ്യത പാർട്ടിക്കായി .തെരഞ്ഞെടുപ്പുകൾ കൂടി അടുത്തതോടെ കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടി എങ്ങനെ പ്രതിരോധം ചമയ്ക്കും എന്ന് ഉറ്റു നോക്കുകയാണ് രാഷ്ട്രീയ നിരീക്ഷകർ.

Back to top button
error: