NEWS

സിബിഐക്ക് വിലങ്ങ്‌ ; പൊതുസമ്മത പത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സംസ്ഥാനത്തെ കേസുകള്‍ അന്വേഷിക്കാന്‍ സിബിഐക്കുള്ള പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച തീരുമാനത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. പൊതുസമ്മതപത്രം പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന് മന്ത്രിസഭായോഗത്തില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

ലൈഫ് മിഷന്‍ കേസില്‍ സര്‍ക്കാരിനെ മറികടന്ന് സിബിഐ അന്വേഷണം ആരംഭിച്ച ഘട്ടത്തിലാണ് അനുമതി പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച സജീവമായത്.കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ ഇടപെടുന്നതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചതിനു പിന്നാലെയാണ് അന്വേഷണത്തിന് സിബിഐക്ക് മുന്‍കൂട്ടി നല്‍കിയിട്ടുള്ള പൊതു അനുമതി പിന്‍വലിക്കുന്നത്. എന്നാല്‍ നിലവിലെ സിബിഐയുടെ അന്വേഷണത്തെ ഇതു ബാധിക്കില്ല. സിബിഐക്ക് ഇനി മുതല്‍ കേസെടുക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെയോ കോടതിയുടേയോ അനുമതി തേടണം.

ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. കേസുകള്‍ ഏറ്റെടുക്കുന്നതിന് ഓരോ സംസ്ഥാനത്തിലും അതതു സര്‍ക്കാരുകളുടെ അനുമതി വേണം. കേരളം ഉള്‍പ്പെടെ ഈ അനുമതി മുന്‍കൂട്ടി നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കാന്‍ തീരുമാനിക്കുന്നത്.

സിബിഐയുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിന് പൊതു സമ്മതം പിന്‍വലിക്കാന്‍ സിപിഎം നേതൃത്വവും സര്‍ക്കാറിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. സംസ്ഥാനങ്ങള്‍ക്ക് എതിരെ സിബിഐയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ഈ നിലപാടെന്നാണ് പാര്‍ട്ടി നീക്കത്തെ വിലയിരുത്തുന്നത്.

Back to top button
error: