NEWS

കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരേ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കേന്ദ്ര ഏജൻസികൾക്കെതിരേ വിമർശനങ്ങൾ എണ്ണിപ്പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ .അന്വേഷണ ഏജൻസികൾ പൊതുവിൽ സ്വീകരിക്കേണ്ട മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു .ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളും അതിന്റെ അന്തസത്തയും നിരന്തരം ലംഘിക്കുന്ന സാഹചര്യത്തിൽ ചിലത് പറയാതെ പോകാൻ ആകില്ലെന്ന് അദ്ദേഹം പറഞ്ഞു .

രാജ്യത്തിൻറെ സമ്പദ്ഘടനയെ അസ്ഥിരപ്പെടുത്തുന്ന കുറ്റകൃത്യത്തെ കുറിച്ച് അന്വേഷണം വേണമെന്ന് സംസ്ഥാന സർക്കാർ ആണ് ആവശ്യപ്പെട്ടത് .ആവശ്യമായ സഹായം ചെയ്യാമെന്ന് കേന്ദ്രത്തെ അറിയിക്കുകയും ചെയ്തു .നിയമ വഴിയിലൂടെ ആവും ഏജൻസികൾ നീങ്ങുക എന്നായിരുന്നു കരുതിയിരുന്നത് .

തുടക്കത്തിൽ അന്വേഷണം നല്ല രീതിയിൽ തന്നെയാണ് നടന്നത് .എന്നാൽ പിന്നീട് അന്വേഷണ ഏജൻസികളുടെ ചില ഇടപെടലുകൾ പ്രതീക്ഷകളെ ആസ്ഥാനത്താക്കുന്ന മട്ടിലുള്ളതായി .അന്വേഷണം സ്വകാര്യമായി നടത്തേണ്ട ഒന്നാണ് .എന്നാൽ ഇപ്പോൾ ആ നില മാറി .

ഏജൻസിയ്ക്ക് പുറത്തുള്ളവർ ഏജൻസി നാളെ ചെയ്യാൻ പോകുന്ന കാര്യങ്ങൾ മുൻകൂട്ടി പ്രവചിക്കുന്ന അവസ്ഥയുണ്ടായി .അവർ മാധ്യമങ്ങളിലൂടെ പ്രഖ്യാപിക്കുന്നത് എന്തോ ആ വഴിയിൽ അന്വേഷണം നീളുന്ന നിലയുണ്ടായി .മൊഴികളുടെയും മറ്റും ഭാഗങ്ങൾ സെലെക്ടിവ് ആയി ചോർന്നു മാധ്യമങ്ങളിൽ വരുന്ന സാഹചര്യം ഉണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി .

സ്വർണക്കടത്ത് കേസിലാണ് അന്വേഷണം ആരംഭിച്ചത് .എന്നാൽ ഇപ്പോളിത് ലൈഫ് മിഷൻ ,ഇലക്ട്രിക്കൽ വെഹിക്കിൾ നയം എന്നിവയെല്ലാം ചുറ്റിപ്പറ്റി ധാരാളം ആരോപണ ശരങ്ങൾ എയ്തു വിടുന്ന നിലയുണ്ടായി .സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് ,റെഡ് ക്രസൻറ് സംഭവത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ,സിബിഐ ,മറ്റ് ചില വിഷയങ്ങളിൽ എൻഐഎ എന്നിവയെല്ലാം അന്വേഷണം നടത്തുകയാണ് .തെളിവ് ശേഖരണത്തിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥനെ വിളിച്ചു വരേണ്ടതായി വരാം .ചില രേഖകൾ പരിശോധിക്കേണ്ടതായി വരാം .എന്നാൽ ഇതിനൊക്കെ ഒരു പരിധിയുണ്ട് .അതിനപ്പുറമുള്ളത് ശരിയായ ദിശയിൽ ഉള്ളതാണോ എന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു .

Back to top button
error: