NEWS

ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ കരാറുകളെക്കുറിച്ചും അന്വേഷിക്കണം: പി.ടി തോമസ് എം.എൽ.എ

കാഞ്ഞങ്ങാട്: ഊരാളുങ്കല്‍ സൊസൈറ്റിയുടെ എല്ലാ കരാറുകളെക്കുറിച്ചും അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പി.ടി തോമസ് എം.എല്‍.എ ആവശ്യപ്പെട്ടു. ഊരാളുങ്കല്‍ സൊസൈറ്റിയും മുഖ്യമന്ത്രിയുടെ മകളുടെ ഐടി കമ്പനിയായ എക്‌സാലോജിക്ക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ തിരുവന്തപുരത്തെ ഗസ്റ്റ് ഹൗസില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ ഒത്തുചേര്‍ന്നതിനെക്കുറിച്ചും വിശദമായി പരിശോധിക്കണം. ഈ ഗസ്റ്റ് ഹൗസില്‍ നടത്തിയ ഒത്തുചേരലിലാണ് സ്വര്‍ണക്കടത്തിന് ആസൂത്രണം നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഈ ഗസ്റ്റ്ഹൗസില്‍ നിത്യ സന്ദര്‍ശകനാണ്. ഈ കാര്യം കൂടി അന്വേഷണസംഘം പരിശോധിക്കണം. കെ.എം ഷാജി എം.എല്‍.എയുടെ വീട് അളക്കാന്‍ ചില കിങ്കരന്‍മാരെ അയക്കുന്ന മുഖ്യമന്ത്രി ഒന്ന് കണ്ണാടിയില്‍ നോക്കിയാല്‍ നല്ലതായിരിക്കും. കണ്ണാടിയില്‍ നോക്കിയാല്‍ പല വീടുകളും തെളിഞ്ഞുവരും. അദ്ദേഹം പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കെ.പി.സി.സി സെക്രട്ടറിമാരായ എം. അസിനാര്‍, സി.ബാലകൃഷ്ണന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് ഡി.വി ബാലകൃഷ്ണന്‍, മണ്ഡലം പ്രസിഡണ്ട് കെ.പി ബാലകൃഷ്ണന്‍, പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പദ്മരാജന്‍ ഐങ്ങോത്ത്, പ്രവീണ്‍ തോയമ്മല്‍ സംബന്ധിച്ചു.

Back to top button
error: