NEWS

കോവിഡ് തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നു: പഠനം

കോവിഡ് വ്യാപനം രൂക്ഷമായി സാഹചര്യത്തില്‍ വാക്‌സിന്‍ നിര്‍മ്മാണത്തിലും പരീക്ഷണഘട്ടങ്ങളിലുമാണ് പലരാജ്യങ്ങളിലെ ഗവേഷകര്‍. എന്നാല്‍ ഓരോ ദിവസവും വൈറസിനെ കുറിച്ച് വ്യത്യസ്തമായ പഠന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ അമേരിക്കയിലെ ബെയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനാണ് പുതിയ പഠനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കോവിഡ് രോഗികളില്‍ മൂന്നിലൊരാള്‍ക്കും തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്നങ്ങളുണ്ടാകുന്നതായാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോവിഡിന്റെ നാഡീവ്യൂഹ സംബന്ധമായ ലക്ഷണങ്ങളിലേക്കാണ് ഈ പഠനം വെളിച്ചം വീശുന്നത്. ഇഇജി കണ്ടെത്തിയ അസാധാരണത്വങ്ങളിലാണ് പഠനം ഊന്നല്‍ നല്‍കുന്നത്. ഇത്തരത്തില്‍ തലച്ചോറിന്റെ മുന്‍ഭാഗത്ത് പ്രശ്നങ്ങളുണ്ടായ 600ലധികം രോഗികളെ ഗവേഷണത്തില്‍ കണ്ടെത്തി.

മന്ദഗതിയിലുള്ള പ്രതികരണം, ചുഴലി പോലുള്ള പ്രശ്നങ്ങള്‍, സംസാരിക്കാന്‍ ബുദ്ധിമുട്ട്, ആശയക്കുഴപ്പം, മയക്കത്തിന് ശേഷം എഴുന്നേല്‍ക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെട്ട കോവിഡ് രോഗികള്‍ക്കാണ് ഇഇജി ടെസ്റ്റ് നടത്തിയത്. മന്ദഗതിയിലുള്ള വൈദ്യുത പ്രവര്‍ത്തനമാണ് ഇവരുടെ തലച്ചോറിന്റെ മുന്‍ഭാഗത്ത് കണ്ടെത്തിയത്. രോഗമുക്തിക്ക് ശേഷവും പൂര്‍വസ്ഥിതിയില്‍ എത്താത്ത സ്ഥിരമായ നാശം തലച്ചോറിന് ഏല്‍പ്പിക്കാന്‍ കോവിഡിന് സാധിക്കുമെന്ന് ഈ പഠനം ചൂണ്ടിക്കാണിക്കുന്നു.

കൊറോണ വൈറസ് ശരീരത്തിലേക്ക് കയറുന്ന മുഖ്യ മാര്‍ഗം മൂക്കാണെന്നതാകാം ഇതിനടുത്തുള്ള തലച്ചോറിന്റെ മുന്‍ഭാഗത്തെ ഇത് ബാധിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ഇത്തരത്തില്‍ തലച്ചോറിനെ കോവിഡ് ബാധിച്ചവരുടെ ശരാശരി പ്രായം 61 ആണെന്നും ഇവരില്‍ മൂന്നിലൊന്ന് സ്ത്രീകളും മൂന്നില്‍ രണ്ട് പുരുഷന്മാരാണെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു.

Back to top button
error: