NEWS

വീട്ടിലിരുന്ന് ഡോക്ടറെ കാണാം: മരുന്നുകളും പരിശോധനകളും, ഇനി സൗജന്യം ഇ-സഞ്ജീവനി സേവനങ്ങള്‍ വിപുലീകരിച്ചു, ക്യൂ നില്‍ക്കാതെ കോവിഡ് പേടിയില്ലാതെ ചികിത്സ തേടാം

തിരുവനന്തപുരം: ഇ-സഞ്ജീവനി ടെലിമെഡിസിന്‍ പ്ലാറ്റ്‌ഫോം വഴി കിട്ടുന്ന കുറിപ്പടിയിലെ മരുന്നുകള്‍ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും ലഭ്യമായവ സൗജന്യമായി ലഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇതോടൊപ്പം ഇ-സഞ്ജീവനി കുറിപ്പടി പ്രകാരം ആശുപത്രിയില്‍ ലഭ്യമായ ലാബ് പരിശോധനകളും നടത്താവുന്നതാണ്. ഇ-സഞ്ജീവനി കുറിപ്പടികള്‍ക്കെല്ലാം തന്നെ 24 മണിക്കൂര്‍ മാത്രമേ സാധുതയുള്ളൂ. അതിനാല്‍ അന്ന് തന്നെ ആശുപത്രി സേവനം ഉപയോഗിക്കേണ്ടതാണ്. തികച്ചും സൗജന്യമായ ഇ-സഞ്ജീവനി സേവനങ്ങള്‍ എല്ലാവരും പ്രയോജനപ്പെടുത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

സേവനം ആരംഭിച്ച് കുറഞ്ഞ നാള്‍കൊണ്ടുതന്നെ ഇന്ത്യയില്‍ മാതൃകാപരമായിരിക്കുകയാണ് ഇ-സഞ്ജീവനി. ഇതുവരെ 49,000 പേരാണ് സംസ്ഥാനത്തെ ഇ-സഞ്ജീവനി സേവനം ഉപയോഗിച്ചത്. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ പതിവ് ഒ.പി. ചികിത്സക്കായുള്ള ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കി പകരം ഇ-സഞ്ജീവനിയെ കൂടുതലായി ആശ്രയിക്കുകയാണ്. നാന്നൂറിലധികം പേരാണ് ദിവസം തോറും സേവനം തേടുന്നത്. ഏകദേശം 6.52 മിനിറ്റ് കൊണ്ടാണ് ഇ-സഞ്ജീവനിയിലൂടെ ഒരു കണ്‍സള്‍ട്ടേഷന്‍ പൂര്‍ത്തീകരിക്കുന്നത്. ഏകദേശം 5.11 മിനിറ്റാണ് വ്യക്തികള്‍ക്കെടുക്കേണ്ടി വരുന്ന ശരാശരി കാലതാമസം. ആശുപത്രിയിലെ യാത്രയും സമയനഷ്ടവും ചെലവുകളുമെല്ലാം ഇതിലൂടെ ഒഴിവാക്കാനാകും.

എല്ലാ ദിവസവും രാവിലെ 8 മുതല്‍ രാത്രി 8 മണി വരെയാണ് ജനറല്‍ മെഡിസിന്‍ ഒ.പി.യുള്ളത്. ശിശു-നവജാതശിശു വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സൈക്യാട്രി വിഭാഗം ഒ.പി. തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയും സ്ഥിരമായി പ്രവര്‍ത്തിക്കുന്നു.

കൂടുതല്‍ ജനങ്ങള്‍ സേവനം തേടിയതോടെ പതിവായുള്ള ഈ ജനറല്‍ ഒ.പി. സേവനങ്ങള്‍ക്കു പുറമേ സ്‌പെഷ്യാലിറ്റി സേവനങ്ങളും ലഭ്യമാക്കി ഇ-സഞ്ജീവനി സേവനം വിപുലീകരിച്ചിട്ടുണ്ട്. കേരളത്തിലെ പൊതുമേഖല ആരോഗ്യ രംഗത്തെ പ്രശസ്തമായ 30 സ്ഥാപനങ്ങള്‍ ഇ സഞ്ജീവനി വഴി സൗജന്യ സേവനങ്ങള്‍ നല്‍കാനും തുടങ്ങിയിട്ടുണ്ട്.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയബെറ്റിക്‌സ് തിരുവനന്തപുരം, ഇംഹാന്‍സ് കോഴിക്കോട്, ആര്‍സിസി തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍, മലബാര്‍ കാന്‍സര്‍ സെന്റര്‍ തലശ്ശേരി തുടങ്ങിയ സ്ഥാപനങ്ങളുടെ ഒപി സേവനങ്ങള്‍ ഇ-സഞ്ജീവനി വഴി ലഭ്യമാണ്. കൂടാതെ മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ നിന്നുമുള്ള സര്‍ക്കാര്‍ മേഖലയിലെ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ നേതൃത്വം നല്‍കുന്ന ഒപികളും, കൗണ്‍സിലിങ്ങ് സേവനങ്ങളും ഇ-സഞ്ജീവനി വഴി ആരംഭിച്ചിട്ടുണ്ട്. ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററും അതോടൊപ്പം ജില്ലകളിലെ അഡോളസന്റ് ക്ലിനിക്കിലെ കൗണ്‍സിലര്‍മാരും ചേര്‍ന്നാണ് കൗണ്‍സിലിംഗ് സേവനങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.

ജീവിതശൈലീ രോഗങ്ങളാലും ദീര്‍ഘനാളായുള്ള രോഗങ്ങളാലും ക്ലേശത അനുഭവിക്കുന്നവര്‍ക്ക് ഈ മഹാമാരി കാലത്ത് സഹായ ഹസ്തമായി മാറുകയാണ് ഇ-സഞ്ജീവനി. പതിവ് ചികിത്സകള്‍ക്ക് മുടക്കം വരാതെ ഇത്തരം രോഗങ്ങളെ ശാസ്ത്രീയമായും അതോടൊപ്പം വിദഗ്ധമായും നേരിടാന്‍ ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുന്നു. ഫീല്‍ഡുതല ആരോഗ്യ പ്രവര്‍ത്തകര്‍ വഴിയും വോളന്റിയര്‍മാര്‍ വഴിയും ഭവന സന്ദര്‍ശന വേളയില്‍ ഇ-സഞ്ജീവനി സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് വേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കമിട്ടിട്ടുണ്ട്.

എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം?

ആദ്യമായി https://esanjeevaniopd.in/ എന്ന ഓണ്‍ലൈന്‍ സൈറ്റ് സന്ദര്‍ശിക്കുകയോ അല്ലെങ്കില്‍ ഇ-സഞ്ജീവനി ആപ്ലിക്കേഷന്‍ https://play.google.com/store/apps/details?id=in.hied.esanjeevaniopd&hl=en_US മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.

ഇന്റര്‍നെറ്റ് സൗകര്യമുള്ള മൊബൈലോ ലാപ്‌ടോപോ അല്ലെങ്കില്‍ ടാബ് ഉണ്ടങ്കില്‍ esanjeevaniopd.in എന്ന സൈറ്റില്‍ പ്രവേശിക്കാം.
ആ വ്യക്തി ഉപയോഗിക്കുന്ന ആക്ടീവായ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചു രജിസ്റ്റര്‍ ചെയ്യുക.

തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവില്‍ പ്രവേശിക്കാം.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഡോക്ടറോട് നേരിട്ട് രോഗ വിവരത്തെപ്പറ്റി സംസാരിക്കാവുന്നതാണ്. ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്ത് മരുന്നുകള്‍ വാങ്ങാവുന്നതാണ്. കൂടാതെ പരിശോധനകളും നടത്താവുന്നതാണ്. സംശയങ്ങള്‍ക്ക് ദിശ 1056 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്.

Back to top button
error: