LIFETRENDING

പുഷ്പക വിമാനത്തിലെത്തിയ മായാമോഹിനി, ഖുഷ്ബു.

കുറച്ചേറെ വർഷങ്ങൾക്കു മുൻപാണ്…ഒരു ലേഖനം വായിച്ചതോർക്കുന്നു. അതെഴുതിയ ആൾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഗ്രാമത്തിൽ കൂടി സഞ്ചരിക്കുകയാണ്. വലിയ ഒരാൾക്കൂട്ടം. അദ്ദേഹം അവിടേക്ക് ചെന്നു. അത് ഒരു ക്ഷേത്രമായിരുന്നു. ആരാധനാ സമയം. കുറച്ചു നേരം നിന്നപ്പോൾ തന്നെ തനിക്ക് ചുറ്റും ഉയർന്നു കേൾക്കുന്ന പ്രാർത്ഥനയിൽ എന്തോ അപാകത അദ്ദേഹത്തിന് തോന്നി. ഇതു വരെ താൻ കേട്ടിട്ടില്ലാത്ത ഒരു പ്രാർത്ഥന. അതിങ്ങനെയായിരുന്നു: ‘ഓം ഖുഷ്ബാംബികായേ നമ:’ പിന്നീടാണ് അദ്ദേഹത്തിന് കാര്യം മനസ്സിലായത്… നടി ഖുഷ്ബുവിൻ്റെ പേരിലുള്ള അമ്പലമായിരുന്നു അത്. പിന്നീട് അതേ ആരാധകർ തന്നെ പൊളിച്ചു കളഞ്ഞ ആ ക് ക്ഷേത്രം അന്നൊക്കെ ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു.

വടക്കേ ഇന്ത്യയിൽ നിന്നും കോടമ്പാക്കത്ത് എത്തിയ ഖുഷ്ബു ഖാൻ വളരെ വേഗമാണ് ആരാധകരുടെ ഹൃദം കീഴടക്കിയത്. വിവാഹശേഷം ഹിന്ദു മതം സ്വീകരിച്ച ഇവർ രാഷ്ട്രീയ പ്രവേശനത്തിനു വളരെ മുൻപ് തന്നെ കന്യകാത്വ പരാമർശത്തിൻ്റെ പേരിൽ വിവാദങ്ങളും നിയമ നടപടികളും നേരിട്ടിരുന്നു. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ രാഷ്ട്രീയത്തിലായി കണ്ണ്. കരുണാനിധിയോടൊപ്പമുള്ള ഒരു മനോഹര ചിത്രം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു കൊണ്ടാണ് അവർ തൻ്റെ D.M.K പ്രവേശനം പ്രഖ്യാപിച്ചത്. മക്കൾ രാഷ്ട്രീയം അരങ്ങു തകർക്കുന്ന D.M.K ഖുഷ്ബുവിന് വളരാൻ വളക്കൂറുള്ള നിലമായിരുന്നില്ല.

പ്രതീക്ഷിച്ച നേട്ടങ്ങൾ ലഭിക്കാത്തതിനാൽ അവർ പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റി. രാഷ്ട്രീയക്കാരി എന്ന പ്രതിച്ഛായ കിട്ടിയെങ്കിലും തന്റെ ഗ്ലാമറോ, പ്രശസ്തിയോ, ബി.ജെ.പിയെ നിരന്തരം കുറ്റം പറയുന്ന ശീലമോ ഒന്നും അവർക്ക് തുണയായില്ല. തമിഴ്നാടിൻ്റെ മണ്ണിൽ കോൺഗ്രസിന് ഇനി ഒരു തിരിച്ചുവരവില്ലെന്ന് മനസിലാക്കിയ ഖുഷ്ബുവിൻ്റെ പിൻബുദ്ധി അവരെ ബി.ജെ.പിയുടെ വർത്തമാനകാല തിളക്കത്തിൽ ആകൃഷ്ടയാക്കി. നരേന്ദ്ര മോദിയെ ‘മഹാനടൻ’ എന്ന് പരിഹസിച്ച അതേ ഖുശ്ബു മലർപ്പൊടിക്കാരൻ്റെ സ്വപ്നവും ചുമന്നുകൊണ്ട് ഇപ്പോൾ ബി.ജെ.പിയുടെ സജീവ പ്രവർത്തകയായിരിക്കുന്നു.

യഥാർത്ഥത്തിൽ ഇവരെക്കൊണ്ട് എന്ത് നേട്ടമാണ് ബി.ജെ.പി ക്ക് ഉണ്ടാകാൻ പോകുന്നത്. ഇവർ നിരന്തരം പറയുന്ന പരിഗണന പാർലമെൻ്ററി നേട്ടമല്ലാതെ മറ്റെന്താണ്. അതിന് നേരെയങ്ങ് കേറിച്ചെന്നാൽ മതിയോ? അത്തരത്തിൽ പരിഗണന ആഗ്രഹിക്കാനും മാത്രമുള്ള എന്ത് പ്രതിച്ഛായയാണ് ഖുശ്ബുവിനുള്ളത്. പൊരുതി ജയിച്ചു കയറിയ ധാരാളം സ്ത്രീകളുള്ള പാർട്ടിയാണ് ബി.ജെ.പി. ഇന്ത്യയുടെ ക്രോണിക് ബാച്ചിലറെ വയനാടൻ ചുരത്തിനപ്പുറത്തേക്ക് ഓടിച്ചു വിട്ട Iron butterfly സ്മൃതി ഇറാനിയെപ്പോലെ മിടുമിടുക്കികളായ വനിതകൾ ഉള്ള ബി.ജെ.പിക്ക് ഖുശ്ബു ഒരു നേട്ടമേ അല്ല.

പെട്ടെന്നൊരു ദിവസം കെട്ടിയൊരുക്കി ഇറക്കുന്ന മായാമോഹിനികൾക്ക് ഉള്ളതല്ല പാർട്ടിയിലെ സ്ഥാനമാനങ്ങൾ മറിച്ച് പ്രസ്ഥാനത്തിന് വേണ്ടി കഷ്ടപ്പെടുന്നവർക്കുള്ളതാണ് എന്ന് ഖുശ്ബുവിനെ ബി.ജെ.പി പഠിപ്പിക്കുമെന്ന് തന്നെ പ്രത്യാശിക്കാം.

ചിലയിടങ്ങളിൽ നിലനിൽക്കുന്ന ഒരു പ്രവണതയാണ് പുഷ്പകവിമാനത്തിൽ വന്നിറങ്ങുന്ന ചിലർക്കു വേണ്ടിയുള്ള സ്ഥാനമൊരുക്കൽ- അത്തരമൊരു ശ്രമത്തെ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്ത പ്രസ്ഥാനമാണ് മഹിളാകോൺഗ്രസ്. ഉമ്മൻ ചാണ്ടിക്കെതിരെ മത്സരിച്ചു ശ്രദ്ധ നേടിയ സിന്ധു ജോയ്, S.F.I യുടെ തീപ്പൊരി നേതാവായിരുന്നു. പിന്നീട് ഇവർ പാർട്ടിയുമായി പിണങ്ങി. ഊഹം ശരിയാണെങ്കിൽ, തന്നെ അവഗണിച്ച് തിരുവനന്തപുരത്തു നിന്നുള്ള ഒരു വനിതാ നേതാവിന് രാജ്യസഭാ എം.പി സ്ഥാനം നൽകിയതാണ് ഇവരെ ചൊടിപ്പിച്ചത്. കോൺഗ്രസ് സമ്മേളനം നടക്കുന്നിടത്തേക്ക് വളരെ നാടകീയമായി കടന്നു ചെന്ന സിന്ധു അവിടെ വച്ച് കോൺഗ്രസ് അംഗത്വം സ്വീകരിക്കുന്നു. അവരെ സന്തോഷിപ്പിക്കാനായി ഭരണകക്ഷിയായ കോൺഗ്രസ് അവർക്ക് ഒരു സ്ഥാനവും പ്രഖ്യാപിച്ചു. അവിടെയാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയുടെ രംഗപ്രവേശം. സിന്ധു ജോയിയുടെ സ്ഥാനലബ്ധിയെ മഹിളാ കോൺഗ്രസ് ശക്തമായി എതിർക്കും എന്ന ഒരു പ്രസ്താവന അവർ നടത്തി. കാരണം വർഷങ്ങളോളം പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്ന സ്ത്രീ പ്രവർത്തകരെ അവഗണിച്ചു കൊണ്ട് സിന്ധു ജോയിക്ക് സ്ഥാനം നൽകുന്നത് മഹിളാ കോൺഗ്രസിനെ അവഗണിക്കുന്നതിനു തുല്യമാണ്. അവർ പാർട്ടിയിൽ പ്രവർത്തിക്കട്ടെ, സ്ഥാനമാനങ്ങളൊക്കെ പിന്നീട്, എന്ന ശക്തമായ നിലപാടിനെ തുടർന്ന് കോൺഗ്രസ് നേതൃത്വം തീരുമാനത്തിൽ നിന്ന് പിൻമാറുകയും ചെയ്തു. ബിന്ദുകൃഷ്ണ എന്ന നേതാവിനോട് ഏറ്റവും സ്നേഹവും ആദരവും തോന്നിയ സന്ദർഭമായിരുന്നു അത്.

കുടുംബകാര്യങ്ങൾ അവഗണിച്ചും സ്വന്തം കാര്യങ്ങളെ തീർത്തും പരിഗണിക്കാതെയും മാത്രമേ ഒരു സ്ത്രീക്ക് രാഷ്ട്രീയത്തിൽ സജീവമാകാൻ സാധിക്കു. ഒന്നും പ്രതീക്ഷിച്ചായിരിക്കില്ല. ഒരു നേട്ടവുമില്ലെങ്കിലും അവർ വെയിലിനെയും മഴയെയും ഒക്ക സഹിക്കും സഹിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഷ്ണം തുണി, അവരുടെ സ്നേഹത്തിൽ മുക്കി നിറം കൊടുത്തത്… ഒരു കമ്പിൽ കോർത്ത് അവരുടെ കയ്യിലുണ്ടാകും. അവർക്കു കിട്ടുന്നത് മിക്കവാറും ഒരു പൊതിച്ചോറും, പ്രസ്ഥാനം പ്രതിരോധത്തിലാകുമ്പോൾ വയറുനിറയെ നാട്ടുകാരുടെ പരിഹാസവും ആകും. അവരെയൊക്കെ പുറംകാൽ കൊണ്ട് നിങ്ങൾ തട്ടി മാറ്റിയില്ലല്ലോ ബിന്ദുകൃഷ്ണ. പുഷ്പകവിമാനത്തിൽ വന്നിറങ്ങിയ ഒരു മോഹിനിക്ക് വേണ്ടി തൻ്റെ പ്രവർത്തകരെ നിങ്ങൾ മറന്നില്ലല്ലോ. ആ ഒരു നിലപാടിൻ്റെ പേരിൽ, രാഷ്ട്രീയമായ എല്ലാ എതിർപ്പുകൾക്കും അപ്പുറം….. പ്രിയപ്പെട്ട ബിന്ദുചേച്ചീ… നിങ്ങൾ എന്നും, ആദരവോടെ ഓർമ്മിക്കപ്പെടും.

മിനി വിനീത്

Back to top button
error: