NEWS

“കോടിയേരി തൊഴിലെടുത്തിട്ടില്ല, പിന്നെങ്ങനെ മക്കൾ സമ്പന്നരായി? “

സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചനയെന്ന് വി മുരളീധരൻ. ഫേസ്ബുക് പോസ്റ്റിലാണ് വി മുരളീധരന്റെ പ്രതികരണം.

വി മുരളീധരന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ –

സംസ്ഥാന സെക്രട്ടറിയുടെ മകന്റെ അറസ്റ്റ് പാവപ്പെട്ടവന്റെ പാര്‍ട്ടിയെന്നു പറയുന്ന സിപിഎമ്മിന്റെ അപചയത്തിന്റെ സൂചന. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി മയക്കുമരുന്ന് കേസിലും കള്ളപ്പണക്കേസിലും അറസ്റ്റ് ചെയ്ത് ജയിലിലാകുമ്പോൾ അധ്വാനിക്കുന്നവന്റേയും പാവപ്പെട്ടവന്റേയും പാര്‍ട്ടിയെന്നു പറയുന്ന സി.പി.എമ്മിന്റെ അപചയമാണ് ഇതിലൂടെ തെളിയുന്നത്. പാവപ്പെട്ടവര്‍ക്കൊപ്പമല്ല, സ്വര്‍ണക്കടത്തുകാരുടേയും മയക്കുമരുന്ന് കച്ചവടക്കാരുടേയും തോഴന്മാരായി സി.പി.എം നേതൃത്വം മാറിയെന്നാണ് ഇതിന്റെ സൂചന.

പാര്‍ട്ടിയോ താനോ സംരക്ഷിക്കില്ലെന്നു പറഞ്ഞ് മക്കളുടെ ചെയ്തികളെ മാറ്റി നിര്‍ത്താനാണ് കോടിയേരി എപ്പോഴും ശ്രമിക്കുന്നത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിക്ക് സ്വന്തം കുടുംബത്തില്‍ പോലും അദ്ദേഹം വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്നില്ലെന്നാണ് ഇതിലൂടെ തെളിയുന്നത്.
തന്റെ ആശയങ്ങളിലേക്ക് സ്വന്തം കുടുംബാംഗങ്ങളെപ്പോലും സ്വാധീനിക്കാനും കൂടെച്ചേര്‍ക്കാനും കഴിയുന്നതിനെ വേണമെങ്കില്‍ ഒരു വാദത്തിനുവേണ്ടി ശരിയാണെന്നു സമ്മതിക്കാം. പക്ഷേ പാര്‍ട്ടി പ്രവര്‍ത്തകനായി മാത്രം പ്രവര്‍ത്തിച്ചയാളുടെ മക്കള്‍ നേടിയെടുത്ത വന്‍ സമ്പത്തിന്റെ ഉറവിടമെന്തെന്ന് പറയാന്‍ കോടിയേരിക്ക് ബാധ്യതയുണ്ട്.

കേരളത്തിലെ പാര്‍ട്ടിക്ക് വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് വി.എസ്.അച്യുതാനന്ദന്‍ സി.പി.എം. കേന്ദ്ര കമ്മറ്റിയില്‍ പറഞ്ഞതാണ്. അതാണ് കേരളത്തിലെ ജനങ്ങള്‍ ഇന്ന് കാണുന്നത്. ഒരു ഘട്ടത്തിലും കോടിയേരി എന്തെങ്കിലും തൊഴില്‍ ചെയ്തയാളല്ല. സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകര്‍ സമരം ചെയ്തും അടികൊണ്ടും ഫണ്ട് ശേഖരിച്ചും പാര്‍ട്ടിയെ വളര്‍ത്തുമ്പോള്‍ പാര്‍ട്ടി നേതാക്കളുടെ മക്കള്‍ അതിന്റെയെല്ലാം ആനുകൂല്യത്തില്‍ സമ്പത്ത് വാരിക്കൂട്ടുകയായിരുന്നു എന്നതാണ് സത്യം. അച്ഛന്റെ രാഷ്ട്രീയത്തിന്റെ തണലില്‍ മയക്കുമരുന്ന് കടത്തും കള്ളപ്പണം ഇടപാടും പോലുള്ള രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലേക്കും കടന്നും സമ്പത്ത് വര്‍ധിപ്പിക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്. അത്തരക്കാര്‍ക്കുള്ള മുന്നറിയിപ്പാണ് അന്വേഷണ ഏജന്‍സികളുടെ നടപടി.

Back to top button
error: