NEWS

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളി; അറസ്റ്റിന് തടസ്സമില്ല

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്​ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. കസ്റ്റംസിന്റെയും ഇഡിയുടേയും വാദങ്ങള്‍ അംഗീകരിച്ചാണ്​ കോടതി ജാമ്യം നിഷേധിച്ചത്​. ഇതോടെ ശിവശങ്കറിനെ അറസ്​റ്റ്​ ചെയ്യാനുള്ള തടസ്സം നീങ്ങി. ശിവശങ്കറിനെതിരെ അന്വേഷണ ഏജന്‍സികള്‍ സമര്‍പ്പിച്ച തെളിവുകള്‍ കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണ ഏജൻസികൾക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു.

ഇഡിയും കസ്​റ്റംസും രജിസ്​റ്റര്‍ ചെയ്​ത വിവിധ കേസുകളിലാണ്​ ശിവശങ്കര്‍ ഹൈക്കോടതിയില്‍ ജമ്യാപേക്ഷ നല്‍കിയിരുന്നത്​. ​അന്വേഷണ ഏജന്‍സികളുടെ വാദം പ്രഥമദൃഷ്​ട്യാ നിലനില്‍ക്കുന്നതാണെന്ന്​ കോടതി പറഞ്ഞു.

സ്വര്‍ണക്കടത്തു കേസില്‍ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും വാദത്തിനിടെ, ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇഡി ഉന്നയിച്ചത്. ‌‌ഇന്നുവരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഇഡിക്കും കസ്റ്റംസിനും ജസ്റ്റിസ് അശോക് മേനോന്‍ വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ നിര്‍ദേശം നല്‍കിയിരുന്നത്.

സ്വര്‍ണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയില്‍ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എന്‍ഫോഴ്സ്മെന്‍റ്​ വാദം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറിയിച്ചു. സ്വാധീന ശേഷിയുള്ള ശിവശങ്കറിനു മുന്‍‌കൂര്‍ ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഏജന്‍സികള്‍ വാദിച്ചു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്നും ഇഡി കോടതിയില്‍ അറിയിച്ചു.

എന്നാല്‍ അന്വേഷണത്തിന്‍റെ പേരില്‍ തന്നെ പീഡിപ്പിക്കുകയാണെന്നാണ് ശിവശങ്കര്‍ വാദിച്ചത്​. കള്ളപ്പണ, കള്ളക്കടത്ത് ഇടപാടില്‍ പങ്കില്ലെന്നും തന്നെ ജയിലിലടക്കാന്‍ ആണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമമെന്നുമാണ് ശിവശങ്കര്‍ കോടതിയെ അറിയിച്ചത്​. ശിവശങ്കറിന് എതിരായ തെളിവുകള്‍ മുദ്ര വച്ച കവറില്‍ ഇഡി കോടതിക്ക് കൈമാറിയിരുന്നു. ഇത് കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്.

കേസിലെ പ്രധാന പ്രതികളെയെല്ലാം കൊഫെപോസ ചുമത്തി ഒരു വര്‍ഷം തടവില്‍ വയ്ക്കുന്നതിനാണു കസ്റ്റംസ് നീക്കം. കൊഫെപോസ പ്രതികളെ തിരുവനന്തപുരത്തു പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കുന്നതിനാണ് അനുമതിയുള്ളത്.

Back to top button
error: