NEWS

നടിയെ ആക്രമിച്ച കേസ്; വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നടി ഹൈക്കോടതിയെ സമീപിച്ചു. വിചാരണക്കോടതി പക്ഷപാതപരമായി പെരുമാറുന്നതായാണ് ഹര്‍ജിയിലെ ആരോപണം.

വിസ്താരത്തിന്റെ പേരില്‍ പ്രതി ഭാഗത്ത് നിന്ന് തനിക്ക് മാനസികമായി പീഡനമുണ്ടായി, എന്നാല്‍ കോടതിയില്‍ നിന്നും ഇടപെടലുണ്ടായിട്ടില്ല എന്നീ ആരോപണങ്ങളും ഹര്‍ജിയിലുണ്ട്

ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കും. നേരത്തെ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി ജനുവരിയില്‍ വിധി പറയണമെന്ന് സുപ്രീംകോടതി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

കേസില്‍ നടന്‍ ദിലീപ് അടക്കമുള്ളവരുടെ വിചാരണാ നടപടികള്‍ മാറ്റിവെയ്ക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രോസിക്യൂഷനെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ചത് വേദനാജനകമാണെന്നും വിചാരണാ കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു.

കേസിലെ സാക്ഷികളെ മുഖ്യപ്രതി സ്വാധീനിക്കുന്നുവെന്ന് പ്രോസിക്യൂഷന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനാല്‍ പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇതുവരെ കോടതി പരിഗണിച്ചിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

Back to top button
error: