NEWS

‘ഒറ്റക്കൊമ്പന്‍’ ഡിസംബറില്‍ രജിസ്റ്റര്‍ ചെയ്ത പേര്: ടോമിച്ചന്‍ മുളകുപാടം

ലയാള സിനിമയിലെ ആദ്യത്തെ നൂറ് കോടി ചിത്രത്തിന്റെ നിര്‍മ്മാതാവെന്ന നിലയില്‍ ഏവര്‍ക്കും സുപരിചിതനാണ് ടോമിച്ചന്‍ മുളകുപാടം. മലയാള സിനിമ കൂടുതലും റിയലിസ്റ്റിക്കായി പോവുന്നു എന്ന പഴി കേള്‍ക്കുമ്പോളും തന്റെ ചിത്രങ്ങളിലൂടെ മാസ് മസാല സിനിമകളുടെ അമരക്കാരനാണ് താനെന്ന് ഓരോ സിനിമ കഴിയുമ്പോഴും ടോമിച്ചന്‍ മുളകുപാടം തെളിയിക്കുകയാണ്. താന്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നത് ആള്‍ക്കൂട്ട സിനിമകളാണെന്ന് അദ്ദേഹം മുന്‍പും വ്യക്തമാക്കിയിട്ടുണ്ട്.

മലയാള സിനിമയില്‍ നിരവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ച് പരിചയമുള്ള മാത്യൂസ് തോമസിന്റെ ആദ്യ സംവിധാന സംരംഭമാണ് സുരേഷ് ഗോപി നായകനായെത്തുന്ന 250-മത്തെ ചിത്രമായ ഒറ്റക്കൊമ്പന്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ വിവാദപ്പെരുമഴയില്‍ പെട്ടിരിക്കുകയായിരുന്നു. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കുന്ന കടുവ എന്ന ചിത്രത്തിന്റെ കഥയുമായി ഈ ചിത്രത്തിന് സാമ്യമുണ്ടെന്ന പേരില്‍ കടുവയുടെ രചയിതാവായ ജിനു എബ്രഹാം കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. കേസ് കഴിഞ്ഞ ദിവസം ജിനു എബ്രഹാമിന് അനുകൂലമായി വിധി വരികയും ചെയ്തിരുന്നു

ഈ പശ്ചാത്തലത്തിലാണ് സുരേഷ് ഗോപി ചിത്രത്തിന്റെ പേരില്‍ മാറ്റം വരുത്തുവാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ചിത്രത്തിന്റെ പുതിയ പേര് ഒറ്റക്കൊമ്പന്‍ എന്നാണ്. ഇന്നലെയാണ് ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തത്. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് പേരിന് ലഭിച്ചിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതാണെന്നാണ് ചിത്രത്തിന്റെ നിര്‍മ്മാതാവായ ടോമിച്ചന്‍ മുളകുപാടം പറയുന്നത്.

Back to top button
error: