NEWS

സ്വര്‍ണക്കടത്ത് കേസ്; റബിന്‍സനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ റബിന്‍സ് ഹമീദിനെ ഇന്ന് എന്‍ഐഎ കോടതി മുമ്പാകെ ഹാജരാക്കും. യുഎഇ നാട് കടത്തിയ റബിന്‍സിനെ ഇന്നലെ വൈകീട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് എന്‍ഐഎ പിടികൂടിയത്.

ദുബായ് കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെയും ഹവാല ഇടപാടിന്റെയും ആസൂത്രകന്‍ ആണ് റബിന്‍സ് എന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്. 2013 മുതല്‍ 2015-വരെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി 800 കിലോ സ്വര്‍ണം കടത്തിയ കേസില്‍ നേരത്തെ റബിന്‍സിനു പിഴയിട്ടിരുന്നു.

റബിന്‍സിനെ ചോദ്യം ചെയ്യുന്നതിലൂടെ കള്ളക്കടത്തിലെയും ഹവാല ഇടപാടിലെയും കൂടുതല്‍ പേരുടെ പങ്കാളിത്തം സംബന്ധിച്ച തളിവുകള്‍ ലഭിക്കുമെന്നാണ് കസ്റ്റംസിന്റെ പ്രതീക്ഷ.

എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസിലെ 10ആം പ്രതിയും കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലെ 18ാം പ്രതിയുമാണ് അറസ്റ്റിലായ റിബിന്‍സ് ഹമീദ്. റിബിന്‍സ് ഹമീദും കേസില്‍ നേരത്തെ അറസ്റ്റിലായ കെ.ടി റമീസുമാണ് സ്വര്‍ണക്കടത്തിലെ മുഖ്യ സൂത്രധാരന്മാരെന്ന് എന്‍.ഐ.എ നേരത്തേ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ആറ് പേര്‍ വിദേശത്താണെന്നും എന്‍.ഐ.എ അറിയിച്ചിരുന്നു. കേസില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥരുടെ പങ്ക് വ്യക്തമാകണമെങ്കില്‍ റിബിന്‍സിനെയും ഫൈസല്‍ ഫരീദിനെയും കസ്റ്റഡിയില്‍ കിട്ടണമെന്നായിരുന്നു എന്‍ഐഎയുടെ നിലപാട്.

Back to top button
error: