NEWS

മൃതദേഹത്തിനു കാവിലിരിക്കുന്നതുപോലെ നെല്‍കര്‍ഷകര്‍: സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് ഉമ്മന്‍ചാണ്ടി

നെല്ലു സംഭരണം പാടേ പൊളിഞ്ഞതുമൂലം ദുരിതത്തിലായ നെല്‍കര്‍ഷകര്‍ കുട്ടനാട്ടും പാലക്കാട്ടും നെല്ലു കൂട്ടിയിട്ട് മൃതദേഹത്തിന് കാവലിരിക്കുന്നപോലെ തകര്‍ന്നിരിക്കുന്ന കാഴ്ച കാണാന്‍ സര്‍ക്കാര്‍ കണ്ണുതുറക്കണമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോവിഡിന്റെ നിയന്ത്രണങ്ങളും കനത്ത മഴയും മറികടന്ന് കര്‍ഷകര്‍ കൊയ്ത്തു നടത്തിയെങ്കിലും സര്‍ക്കാരിന്റെ സംഭരണം നടക്കുന്നില്ല.

15 വര്‍ഷമായി നെല്ലു സംഭരിക്കുവാന്‍ ഗവണ്‍മെന്റ് സപ്ലൈ-കോ വഴി ഏര്‍പ്പെടുത്തിയിരുന്ന സംവിധാനം കര്‍ഷകരെ അറിയിക്കാതെ മാറ്റി സഹകരണ സംഘങ്ങളെ ഏല്പിച്ചതാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ കാരണം. സഹകരണ സംഘങ്ങള്‍ക്കു നെല്ലു ശേഖരിക്കുന്നതിന് ഇപ്പോള്‍ ഒരു സംവിധനവും ഇല്ല.

വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്ലു സംഭരിക്കുവാന്‍ സഹകരണ സ്ഥാപനങ്ങളെ ഏല്പിച്ചപ്പോള്‍ കര്‍ഷകര്‍ക്കു കൂടി സ്വീകാര്യമായ രീതിയില്‍ അത് നടത്തുവാന്‍ സാധിക്കാതെ വന്നു. തുടര്‍ന്ന് സംഭരണ രംഗത്തു അവരെ മാറ്റി സപ്ലൈ-കോയെ ചുമതലപ്പെടുത്തി. 15 വര്‍ഷമായി നല്ല നിലയില്‍ നെല്ലു സംഭരണം നടത്തി വരുന്ന സമ്പ്രദായം എന്തിനു മാറ്റി എന്നു ഗവണ്‍മെന്റ് വ്യക്തമാക്കണം.

രണ്ടാം കൃഷിയില്‍ നിന്നുള്ള വരുമാനമാണ് കര്‍ഷകര്‍ക്ക് അല്പം എങ്കിലും ആശ്വാസം നല്കുന്നത്.

കുട്ടനാട്ടിലെ നെല്ലു കൊയ്ത്തു പാടശേഖരങ്ങളില്‍ കൊടികുന്നില്‍ സുരേഷ് എം.പി., എം മുരളി എക്‌സ്-എം.എല്‍.എ., ഡി.സി.സി. പ്രസിഡന്റ് എം. ലിജു എന്നിവരോടൊപ്പം അവിടെ പോയി കര്‍ഷകരുടെ ദയനീയാവസ്ഥ നേരിട്ടു മനസിലാക്കി. മഴപെയ്താല്‍ സംഭവിക്കുന്ന നഷ്ടത്തെക്കുറിച്ചുള്ള അവരുടെ ആശങ്ക വിരണാതീതമാണ്. നെല്ല് എടുക്കല്‍ തടസപ്പെട്ടതോടെ മറ്റു പാടങ്ങളിലെ കൊയ്ത്ത് തടസ്സപ്പെട്ടു. ”ഞങ്ങള്‍ പലപ്രതിസന്ധികളേയും പ്രകൃതി ദുരന്തങ്ങളേയും നേരിട്ടിട്ടുണ്ട്. പക്ഷേ ഞങ്ങള്‍ക്ക് താങ്ങ് നല്‌കേണ്ട ഗവണ്‍മെന്റ് സൃഷ്ടിച്ച പ്രതിസന്ധിയില്‍ തളരേണ്ടി വന്നത് ആദ്യമായിട്ടാണ്.” കര്‍ഷകര്‍ ചൂണ്ടിക്കാട്ടി.

ഗവണ്‍മെന്റ് സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നു ഉമ്മന്‍ ചാണ്ടി അഭ്യര്‍ത്ഥിച്ചു

Back to top button
error: