NEWS

വാളയാര്‍ കേസ്; സര്‍ക്കാര്‍ ഇനിയും ക്രൂരത കാണിക്കരുത് : രമേശ് ചെന്നിത്തല

പാലക്കാട്: വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഇനിയും ക്രൂരത കാണിക്കെരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് അദികാരത്തില്‍ വന്നാല്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മക്കളുടെ മരണത്തില്‍ നീതി തേടി വീടിന് മുന്നില്‍ സത്യാഗ്രഹം ഇരിക്കുന്ന മതാപിതാക്കളെ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപി സംസ്ഥാന അദ്യക്ഷന്‍ കെ.സുരേന്ദ്രനും മാതാപിതാക്കളെ സന്ദര്‍ശിച്ചു. കേസ് സിബിഐ അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മാതാപിതാക്കളുടെ സത്യാഗ്രഹം രണ്ടാംദിനത്തിലേക്ക് കടന്നതോടെ നിരവധിപേരാണ് സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

കണ്ണുതുറക്കാത്ത സര്‍ക്കാര്‍ ഇനിയും ക്രൂരത കാണിക്കരുതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റബോധം കൊണ്ടാണ് എ.കെ ബാലന്‍ മാതാപിതാക്കളെ സന്ദര്‍ശിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ദൂതന്‍ വഴിയാണ് കേസ് അട്ടിമറിച്ചതെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, നീതി ലഭിക്കുംവരെ സമരം തുടരുമെന്ന് കുട്ടികളുടെ അമ്മ പറഞ്ഞു.

കേരളത്തിന്റെ മനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു വാളയാറിലെ സഹോദരിമാരായ രണ്ട് പെണ്‍കുട്ടികളുടെ മരണം. കേസിലെ പ്രതികളായ വി മധു, ഷിബു, എം മധു എന്നിവരെയാണ് 2019 ഒക്ടോബര്‍ 25-ന് പാലക്കാട് പോക്‌സോ കോടതി വെറുതെ വിട്ടത്. പെണ്‍കുട്ടികള്‍ പീഡനത്തിനിരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികള്‍ ഇവര്‍ തന്നെയാണെന്ന് തെളിയിക്കുന്നതില്‍ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, ബാലപീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരാള്‍ അടക്കം കേസില്‍ അഞ്ച് പ്രതികള്‍ ഉണ്ടായിരുന്നു. മൂന്നാം പ്രതി പ്രദീപ്കുമാറിനെ തെളിവില്ലെന്ന് കണ്ട് നേരത്തെ കോടതി വെറുതെ വിട്ടിരുന്നു.

2017 ജനുവരി 13-നാണ് അട്ടപ്പള്ളത്ത് 13 വയസ്സുകാരിയേയും പിന്നീട് രണ്ട് മാസത്തിന് ശേഷം മാര്‍ച്ച്-4 ന് സഹോദരിയായ ഒന്‍പതു വയസ്സുകാരിയേയും വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. രണ്ട് പെണ്‍കുട്ടികളും പീഡനത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്‌തെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളുടെ രാഷ്ട്രീയസ്വാധീനം തുടക്കം മുതലേ കേസിനെ വിവാദമാക്കിയിരുന്നു.

അതേസമയം, പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വീഴ്ച വരുത്തി പ്രതികളെ രക്ഷപ്പെടുത്തിയതാണെന്ന് വിമര്‍ശനമുയര്‍ന്നു. വിധിക്കെതിരെ സമരങ്ങള്‍ അരങ്ങേറി. പിന്നീട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വാളയാര്‍ കേസ് പരാജയപ്പെട്ടത് എങ്ങനെയെന്ന് പരിശോധിക്കാനായിരുന്നു സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചത്.

സര്‍ക്കാരും, മാതാപിതാക്കള്‍ക്ക് വേണ്ടി ചില സംഘടനകളും വ്യക്തികളും ഉള്‍പ്പടെ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. നവംബര്‍ 9നാണ് ഹൈക്കോടതി വിശദമായ വാദം കേള്‍ക്കുന്നത്.

Back to top button
error: