LIFENEWS

ബിഹാറിൽ തിരിച്ചടി ഭയന്ന് എൻ ഡി എ ,നിതീഷ് പ്രഭാവം മങ്ങി ,പ്രതീക്ഷ മോഡി മാജിക്കിൽ മാത്രം

നിതീഷ് പ്രഭാവം മങ്ങിയ പശ്ചാത്തലത്തിൽ ബിഹാറിൽ എൻ ഡി എയ്ക്ക് ആശങ്ക .ഇനി മോഡി മാജിക്കിന് ബിഹാറിൽ എൻ ഡി എയെ രക്ഷപ്പെടുത്താൻ ആവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .മോദിയുടെ റാലികൾ ഇന്നാരംഭിക്കുകയാണ് .

സസാറാം ,ഗയ ,ഭഗൽപൂർ എന്നിവിടങ്ങളിൽ ആണ് മോഡിയുടെ ഇന്നത്തെ റാലികൾ .ഈ മാസം 28 ,നവംബർ 3 തിയ്യതികളിലും മോദിയുടെ റാലികൾ ഉണ്ട് .ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് തിയ്യതികൾ ആണിവ .മോഡിയുടെ റാലികൾ ടിവിയിൽ കണ്ടു വേണം വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ എന്നർത്ഥം .

15 വർഷമായി നിതീഷ് ബീഹാർ ഭരിക്കുന്നു .നിതീഷിന്റെ ചിറകിൽ ഏറിയാണ് ബിഹാറിൽ എൻ ഡി എ വളർന്നതും .എന്നാലിപ്പോൾ നിതീഷിന് പണ്ടത്തെ ആ പ്രഭാവം ഇല്ല .നിതീഷിന്റെ റാലികളിൽ തണുത്ത പ്രതികരണം ആണ് ഉണ്ടാവുന്നത് .എന്നാൽ പ്രതിപക്ഷ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെ റാലികളിൽ വാൻ ജനപങ്കാളിത്തമാണ് ,പ്രത്യേകിച്ച് യുവാക്കളുടെ .

തുടക്കത്തിൽ ഉണ്ടായിരുന്ന അഹന്ത നിതീഷിനും മാറിയിട്ടുണ്ട് .സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ഇഷ്ടപ്പെടുന്നവർ വോട്ടു ചെയ്താൽ മതിയെന്നായിരുന്നു തുടക്കത്തിൽ നിതീഷിന്റെ നിലപാട് .എന്നാലിപ്പോൾ ലാലു പ്രസാദിന്റെ കാലത്തെ ഭരണത്തിലെ കോട്ടങ്ങൾ ആണ് നിതീഷിന്റെ ഇഷ്ടവിഷയം .

കോവിഡ് കാലത്തെ നിലപാടുകൾ ആണ് നിതീഷിന്റെ കണക്ക് തെറ്റിച്ചത് .ലോക്ഡൗൺ കാലത്ത് അന്യസംസ്ഥാനങ്ങളിൽ ജോലി ചെയ്തിരുന്ന തൊഴിലാളികളെ നാട്ടിലെത്തിക്കാൻ നിതീഷ് സർക്കാർ ഒന്നും ചെയ്തില്ല എന്ന വികാരം ശക്തമാണ് .എത്തിയവരെ തന്നെ അതിർത്തിയിൽ ബീഹാർ പോലീസ് അടിച്ചോടിക്കുകയും ചെയ്തു .ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായതും നിതീഷിന് തിരിച്ചടിയാണ് .

അതുമാത്രമല്ല വിഷയം .കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ജോലി ചെയ്ത് തിരിച്ചെത്തുന്നവർ ആണ് മറ്റൊരു വിഷയം .നിതീഷ് വികസനത്തെ കുറിച്ച് പറയുമ്പോൾ അവർ കേരളത്തെ അടക്കം ഉദാഹരിക്കുന്നു .എന്താണ് വികസനം എന്നത് നിതീഷിന്റെ വാക്കുകൾക്കപ്പുറത്ത് അവർ മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നു .ഈ പശ്ചാത്തലത്തിൽ ബിഹാറിൽ എൻ ഡി എ ഒരു പരാജയം മണക്കുന്നുണ്ട് .മോഡിയ്ക്ക് എൻ ഡി എയെ രക്ഷിക്കാനാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ സാകൂതം നോക്കുന്നത് .

Back to top button
error: