NEWS

പോസ് പോസ് സംഭാഷണം: നാളെ മോഹന്‍ലാല്‍ അതിഥിയാകും

കോഴിക്കോട്: കോവിഡിന്റെ പശ്ചാത്തലത്തില്‍ മിഷന്‍ ബെറ്റര്‍ ടുമോറോ (എം.ബി.ടി.) എല്ലാ വെള്ളിയാഴ്ച്ചയും വൈകുന്നേരം 7 മണിക്ക് സംഘടിപ്പിക്കുന്ന സംഭാഷണ പരമ്പരയായ ‘പോസ് (പോസിറ്റിവിറ്റി) പോസ്സ് (പോസ്സിബിലിറ്റീസ്)’ 30ാം എപ്പിസോഡില്‍ നടന്‍ മോഹന്‍ലാല്‍ അതിഥിയായെത്തും.

‘ലീവിങ് എ ലെഗസി’ എന്ന വിഷമായിരിക്കും 23ന് ചര്‍ച്ച ചെയ്യുക. സൂമില്‍ സംഘടിപ്പിക്കുന്ന പോസ് പോസ്സ് പരിപാടിയുടെ തത്സമയ സംപ്രേക്ഷണം മിഷന്‍ ബെറ്റര്‍ ടുമോറോയുടെ വിവിധ സോഷ്യല്‍ മീഡിയ ചാനലുകളില്‍ കാണാന്‍ കഴിയും. നന്മ ഫൗണ്ടേഷന്റെ ഗ്ലോബല്‍ പ്ലാറ്റ്‌ഫോം ആണ് മിഷന്‍ ബെറ്റര്‍ ടുമോറോ. പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഐ.ജി. പി.വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയോടെയാണ് മിഷന്‍ ബെറ്റര്‍ ടുമോറോ ആരംഭിച്ചത്. യുവജനതയുടെ കഴിവുകള്‍ കണ്ടെത്താന്‍ പ്രാപ്തമാക്കുകയും അതുവഴി സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് എം.ബി.ടിയുടെ ലക്ഷ്യം.

ജീവിതം കഠിനവും ഭാവി അനിശ്ചിതത്വവുമാകുമ്പോള്‍ മുന്നോട്ടു പോകാന്‍ അത്യാവശ്യമായി വേണ്ടത് ഇച്ഛാശക്തിയും, പോസിറ്റിവിറ്റിയും, സാധ്യതകള്‍ തേടിയുള്ള നിരന്തരമായ അന്വേഷണവുമാണ് എന്ന വസ്തുതയാണ് ‘പോസ് പോസ്സ് ‘ മുന്നോട്ടു വയ്ക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും തളര്‍ന്ന മനുഷ്യമനസുകളെ പോസിറ്റീവായ ചിന്തകള്‍ കൊണ്ട് സ്വാധീനിക്കുക എന്ന ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞ 29 ടോക്കുകളിലൂടെ പോസ് പോസ്സിനായി. പരിപാടിക്കു ലോകമെമ്പാടും 3 ലക്ഷത്തിലധികം തത്സമയ കാഴ്ചക്കാര്‍ ഉണ്ട്.

ഇന്‍ഫോസിസിന്റെ മുന്‍ സി.ഇ.ഒ. ഷിബുലാല്‍, ചലച്ചിത്ര സംവിധായകന്‍ രഞ്ജിത്ത്, കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി. കെ.സേതുരാമന്‍ ഐ.പി.എസ്., രാജമാണിക്യം ഐ.എ.എസ്., അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ തിരഞ്ഞെടുപ്പ് ക്യാംപയിന്‍ മാനേജര്‍ ഹെന്റി എഫ്. ഡെസിയോ, അഞ്ജു ബോബി ജോര്‍ജ്, സഞ്ചാരിയും എഴുത്തുകാരനുമായ സന്തോഷ് ജോര്‍ജ് കുളങ്ങര തുടങ്ങി 60ല്‍ പരം പേര്‍ ഇതിനോടകം പോസ്‌പോസ്സില്‍ പങ്കെടുത്തു സംവദിച്ചു.

Back to top button
error: