സര്‍ജ കുടുംബത്തിലേക്ക് ഇനി ജൂനിയര്‍ ചിരു

രാധകരുടെ മനസ്സില്‍ ഇന്നും നോവാണ് അകാലത്തില്‍ പൊലിഞ്ഞ കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ. ഒരുമിച്ച് ജീവിച്ച് കൊതി തീരുംമുന്‍പേയാണ് ചിരുവിനെ ഭാര്യയും നടിയുമായ മേഘ്ന രാജില്‍നിന്നും മരണം തട്ടിയെടുത്തത്.

പത്ത് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 2018-ല്‍ വിവാഹിതരായ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. ഇപ്പോഴിതാ ഈ താരദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നിരിക്കുകയാണ്. മകനെ ഒരു നോക്ക് കാണാതെ പോയ അച്ഛന്റെ പ്രതിരൂപമായിരിക്കണം ഈ ജൂനിയര്‍ ചിരു. ചിരു വീണ്ടും ജനിച്ചിരിക്കുന്നു.

ചിരുവിന്റെ അകാല മരണം നല്‍കിയ കടുത്ത വേദനയിലും വീട്ടിലേക്ക് വരുന്ന പുതിയ അതിഥിക്കായി കാത്തിരിക്കുകയായിരുന്നു സര്‍ജ കുടുംബത്തിലെ ഓരോരുത്തരും. ചിരുവിന്റെ കുഞ്ഞിനെ വരവേല്‍ക്കാന്‍ വലിയ ആഘോഷങ്ങളാണ് വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വലിയ ആഘോഷമായാണ് മേഘനയുടെ ബേബി ഷവര്‍ ചടങ്ങുകള്‍ സര്‍ജ കുടുംബം നടത്തിയത്. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയന്‍ ധ്രുവ് വേദി ഒരുക്കിയിരുന്നത്. ഈ സമയവും കടന്നുപോകുമെന്നും മേഘ്നയ്ക്കു വേണ്ടി എപ്പോഴും തങ്ങള്‍ ഒന്നായിരിക്കുമെന്നും കുടുംബാംഗങ്ങളിലൊരാളായ നടന്‍ അര്‍ജുന്‍ വേദിയിലെത്തി പറഞ്ഞിരുന്നു. നെഗറ്റിവിറ്റിയെ പോസിറ്റിവ് കാര്യങ്ങളിലേയ്ക്ക് മാറ്റുക എന്നതാണ് ഇതുപോലുള്ള ചടങ്ങുകള്‍ കൊണ്ട് ഉദേശിക്കുന്നതെന്നും ജൂനിയര്‍ ചിരുവിനെ വരവേല്‍ക്കാന്‍ കുടുംബം കാത്തിരിക്കുകയാണെന്നുമായിരുന്നു അര്‍ജുന്‍ പറഞ്ഞത്.

ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷത്തില്‍ പ്രിയപ്പെട്ട ചിരുവിന്റെ അഭാവം ഉണ്ടാവാതിരിക്കാനായി വേദിയില്‍ മേഘ്നയുടെ അരികിലായി ചിരഞ്ജീവി സര്‍ജയുടെ വലിയൊരു കട്ടൗട്ടും സ്ഥാപിച്ചിരുന്നു.

”എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും… എന്നെന്നേക്കും എല്ലായ്‌പ്പോഴും,” ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന സോഷ്യല്‍ മീഡിയയിലും കുറിച്ചിരുന്നു.

 

എല്ലാത്തിനും മുന്‍കൈ എടുത്ത് മുന്നില്‍ നിന്നത് ചിരുവിന്റെ അനിയന്‍ ധ്രുവ് ആയിരുന്നു. ചേട്ടനും അനിയനും എന്നതിനപ്പുറം അടുത്ത സുഹൃത്തുക്കള്‍ കൂടിയായിരുന്നു ധ്രുവയും ചിരുവും. ഇപ്പോഴും ചിരുവിന്റെ വേര്‍പാടില്‍ നിന്നു ധ്രുവ മുക്തനായിട്ടില്ല എന്നിരുന്നാലും ചിരുവിന്റെ അസാന്നിധ്യത്തില്‍ മേഘ്‌നയ്ക്ക് ശക്തമായ പിന്തുണ നല്‍കി എപ്പോഴും ധ്രുവ ഒപ്പമുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞതിഥിക്കായി ധ്രുവ് 10ലക്ഷത്തിന്റെ വെളളിത്തൊട്ടില്‍ വാങ്ങിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കന്നഡയില്‍ ഇരുപതിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുളള താരമാണ് ചിരഞ്ജീവി സര്‍ജ. 2009ല്‍ വായുപുത്ര എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സര്‍ജ സാന്‍ഡല്‍വുഡില്‍ അരങ്ങേറിയത്.

ഇക്കഴിഞ്ഞ ജൂണിലായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത മരണം. ഹൃദയസ്തംഭനമായിരുന്നു മരണ കാരണം. അന്ന് നാല് മാസം ഗര്‍ഭിണിയായിരുന്നു മേഘ്‌ന. രണ്ട് വര്‍ഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ചിരഞ്ജീവിയും മേഘ്‌നയും ജീവിതത്തില്‍ ഒന്നിച്ചത്. ആട്ടഗര എന്ന സിനിമയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അവിടെ നിന്നാണ് പ്രണയത്തിന്റെ തുടക്കം.

പിന്നീട് 2018 ഏപ്രില്‍ 29ന് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ച് വിവാഹം. പിന്നീട് മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടില്‍ വച്ചും വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. മലയാളികള്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമായിരുന്നു മേഘ്‌ന രാജ്. രണ്ടാം വിവാഹവാര്‍ഷികത്തിന് ശേഷമായിരുന്നു മേഘ്‌ന ഗര്‍ഭിണിയാണെന്ന വിവരം എല്ലാവരും അറിഞ്ഞത്.

39-ാം വയസ്സില്‍ നടന്‍ വിടവാങ്ങിയപ്പോള്‍ അണപൊട്ടിയൊഴുകിയ മേഘ്‌നയുടെ ദു:ഖത്തെ തടഞ്ഞ് നിര്‍ത്തിയത് തന്റെ ഉളളില്‍ വളരുന്ന മറ്റൊരു ജീവന്‍ ആയിരിക്കണം. എന്തുതന്നെ ആയിരുന്നാലും ചിരുവിന്റെ വേര്‍പാടില്‍ സര്‍ജ കുടുംബത്തില്‍ നിറഞ്ഞുനിന്നിരുന്ന സങ്കടത്തിന് വിരാമമിട്ടുകൊണ്ടാണ് ജൂനിയര്‍ ചിരുവിന്റെ വരവ്.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version