NEWS

“പെരിങ്ങോട്ടുകര ഡോണി”നെ പോലീസ് കുരുക്കിയത് തന്ത്രപൂർവം ,പലിശയ്ക്ക് നൽകിയിരുന്നത് അഞ്ച് കോടി വരെ

തൃശ്ശൂരിൽ “പെരിങ്ങോട്ടുകര ഡോൺ “എന്ന് അറിയപ്പെടുന്ന കെ എസ് സ്മിത്തിനെ പോലീസ് കുരുക്കിയത് തന്ത്രപൂർവം .അന്തിക്കാട് നിതിൽ വധക്കേസിലാണ് ഇയാളെ ഗോവയിൽ നിന്ന് അറസ്റ്റ് ചെയ്തത് .രാഷ്ട്രീയ സ്വാധീനത്താൽ രക്ഷപ്പെടാം എന്ന് കരുതി ഇയാൾ ഗോവയിലെ ഗസ്റ്റ് ഹൗസിൽ കഴിയുകയായിരുന്നു .ഡി ഐ ജി എസ് സുരേന്ദ്രന്റെ നേതൃത്വത്തിൽ പോലീസ് സംഘം എന്നാൽ അറസ്റ്റുമായി മുന്നോട്ട് പോകുകയായിരുന്നു .

നിതിലിനെ കൊല്ലാൻ സംഘത്തെ രൂപീകരിച്ചതും ആസൂത്രണം ചെയ്തതും സ്മിത്താണെന്ന് പോലീസ് പറയുന്നു .പെരിങ്ങോട്ടുകര സ്വദേശിയായ സ്മിത്തിന് കീഴിൽ വൻ ഗുണ്ടാ സംഘം തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത് .തൃശ്ശൂരിലെ തെക്കൻ മേഖലയിൽ വ്യാപകമായി സ്മിത്തിന്റെ സംഘം പണം പലിശയ്ക്ക് നല്കിയിട്ടുണ്ടത്രെ .അഞ്ചു കോടി വരെ പലിശയ്ക്ക് നൽകിയ സംഭവവുമുണ്ട് .ഇത് പിരിച്ചെടുക്കാൻ യുവാക്കൾ അടങ്ങിയ ഗുണ്ടാ സംഘത്തെയും നിയോഗിച്ചിട്ടുണ്ട് എന്നാണ് പോലീസ് പറയുന്നത് .

കൊല്ലപ്പെട്ട ദീപക് ,ആദർശ് എന്നിവർ സ്മിത്തിന്റെ കൂട്ടാളികൾ ആയിരുന്നു .ഇവരെ കൊലപ്പെടുത്തിയ സംഘത്തിലെ കൂട്ടാളിയാണ് നിതിൽ .രണ്ടുതവണ സ്മിത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് നിതിലിനെ കൊല്ലാൻ പദ്ധതി ആസൂത്രണം ചെയ്തിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം .ആറ് പേരെയാണ് സ്മിത്ത് ഇതിനായി നിയോഗിച്ചത് .കൊലയിൽ പങ്കില്ലെന്ന് വരുത്താൻ കൊലയ്ക്ക് മുൻപ് സ്മിത്ത് ഗോവയിലേക്ക് കടക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത് .

Back to top button
error: