NEWS

നിയമസഭാ തെരഞ്ഞെടുപ്പിൽ തുരുപ്പ് ചീട്ടിറക്കാൻ കോൺഗ്രസ് ,രാഹുലിനെ കേരളത്തിൽ സജീവമാക്കാൻ നീക്കം

ടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധിയെ കൂടുതൽ ദിവസം കേരളത്തിൽ എത്തിക്കാൻ കോൺഗ്രസ് ആലോചന .രാഹുലിന്റെ സ്വീകരണങ്ങളിലെ ആൾക്കൂട്ടവും ലോക്സഭാ തെരഞ്ഞെടുപ്പ് ഫലവുമാണ് ഇങ്ങനെ ചിന്തിക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത് .കേരളത്തിൽ നിന്നുള്ള എംപി എന്ന അധിക ആനുകൂല്യവുമുണ്ട് .

ഉത്തരേന്ത്യയിൽ ബിജെപിക്കെതിരെ രാഹുൽ നടത്തുന്ന നീക്കങ്ങൾക്ക് ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത് .കേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല എന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ .രാഹുൽ ഗാന്ധി കേരളത്തിൽ കുറച്ചു കൂടി സജീവമായാൽ ന്യൂനപക്ഷ വോട്ടുകൾ ഒന്നാകെ കോൺഗ്രസിലേയ്ക്കും യുഡിഎഫിലേയ്ക്കും എത്തുമെന്നാണ് കണക്കുകൂട്ടൽ .

വോട്ടുബാങ്ക് രാഷ്ട്രീയത്തിൽ യുഡിഎഫിനെ അസ്വസ്ഥമാക്കുന്ന ചിലകാര്യങ്ങൾ നിലവിലുണ്ട് .കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടു രാഷ്ട്രീയ പാർട്ടികൾ യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേക്കേറി .ലോകതാന്ത്രിക് ജനതാദൾ മാതൃ മുന്നണിയിലേക്കാണ് പോയതെങ്കിൽ കേരള കോൺഗ്രസ് എം നാല് പതിറ്റാണ്ടോളം നീണ്ട യുഡിഎഫ് ബന്ധമാണ് ഉപേക്ഷിച്ചത് .

രണ്ടാമത്തെ കാര്യം മുഖ്യമന്ത്രി പിണറായി വിജയന് ന്യൂനപക്ഷങ്ങൾക്കിടയിൽ കൈവന്ന സ്വീകാര്യതയാണ് .ദേശീയ പൗരത്വ പ്രശ്നത്തിൽ പിണറായി വേഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ ഒരു നേതാവ് എന്ന നിലയിൽ ന്യൂനപക്ഷങ്ങളെ പിണറായിലേയ്ക്ക് അടുപ്പിച്ചിട്ടുണ്ട് .ഈ രണ്ടു പ്രതിസന്ധികളെയും രാഹുൽ ഗാന്ധിയെ കേരളത്തിൽ സജീവമാക്കുന്നതിലൂടെ മറികടക്കാം എന്നാണ് കോൺഗ്രസ് സംസ്ഥാന നേതൃത്വം കരുതുന്നത് .

എന്നാൽ രാഹുൽ ഗാന്ധി എന്ത് നിലപാട് കൈക്കൊള്ളും എന്നതാണ് സംസ്ഥാന കോൺഗ്രസ് നേതാക്കളെ ആശങ്കപ്പെടുത്തുന്നത് .സർക്കാരിന്റെ കോവിഡ് പ്രതിരോധത്തിനെ വിമർശനാത്മക നിലപാട് എടുത്ത സംസ്ഥാന നേതൃത്വത്തെ തള്ളുന്നതായിരുന്നു കേന്ദ്രമന്ത്രി ഹർഷവർധന് മറുപടി കൊടുക്കവേ രാഹുൽ നടത്തിയ പ്രസ്താവന .ഒരു വേള കോവിഡിനെതിരെയുള്ള സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ അദ്ദേഹം ശ്‌ളാഘിക്കുകയും ചെയ്തു .മാത്രമല്ല ദേശീയ തലത്തിൽ യോജിച്ച നീക്കങ്ങൾ ആണ് കോൺഗ്രസും ഇടതുപക്ഷവും നടത്തുന്നത് .ഇടതുപക്ഷത്തെ ആവർത്തിച്ച് ദുർബലപ്പെടുത്തുന്ന നീക്കത്തിന് രാഹുൽ തയ്യാറാവുമോ എന്ന് വ്യക്തമല്ല .

Back to top button
error: