NEWS

ശിവശങ്കറിനെ വേട്ടയാടുമ്പോൾ ചില കാര്യങ്ങൾ നമ്മെ ഓർമിപ്പിക്കേണ്ടതുണ്ട്, പി ആർ ഡി മുൻ അഡീഷണൽ ഡയറക്ടർ മനോജ്‌കുമാറിന്റെ വൈറലായ ഫേസ്ബുക്ക് കുറിപ്പ്

പി ആർ ഡി മുൻ അഡീഷണൽ ഡയറക്ടർ മനോജ്‌കുമാറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ –

ഫ്രണ്ട്സ് ജനസേവനകേന്ദ്രങ്ങൾ തുടങ്ങുന്നതുതൊട്ട് നിരവധി പ്രോജക്ടുകൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഫ്രണ്ട്സ് തുടങ്ങുമ്പോൾ സർക്കാർ ഫീസുകൾ ഒറ്റജാലകത്തിലൂടെ വാങ്ങുന്നതിനുള്ള പ്രോജക്ടായിരുന്നില്ല അദ്ദേഹത്തിന്റെ മനസിൽ. സർക്കാർസേവനങ്ങൾ ഇ-ഗവേണൻസിലൂടെ ജനങ്ങൾക്ക് പ്രാപ്യമാക്കാനുള്ള അക്ഷയ എന്ന ലക്ഷ്യമായിരുന്നു മുന്നിൽ. ആ പദ്ധതി മലപ്പുറത്ത് റോൾഔട്ട് ചെയ്യുമ്പോൾ അവിടെ ഒരു കുടുംബത്തിൽ ഒരാളെവെച്ച് കമ്പ്യൂട്ടർ പരിചയം ഉണ്ടാക്കി. അക്ഷയ കേന്ദ്രങ്ങൾക്കായി സംരംഭകരെ കണ്ടെത്തി. ബാങ്കുകളെക്കൊണ്ടു പണം നൽകിച്ചു. ഈ പദ്ധതി പിന്നീട് 2002 നവംബർ 18 ഇന്ത്യൻ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു.

സേവനങ്ങൾ ഓൺലൈൻ ആകുമ്പോൾ അത് സാധാരണക്കാർക്ക് പ്രാപ്യമാകാനും ഡിജിറ്റൽ ഡിവൈഡിനെ അതിജീവിക്കാനുമാണ് അക്ഷയ ഉണ്ടാവുന്നത്. കംബ്യുട്ടറൈസേഷന്റെ മാനുഷിക മുഖമാണതു്.

അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തനക്ഷമമാകണമെങ്കിൽ സർക്കാരിനുള്ള ഇ-ഗവേണൻസ് സംവിധാനങ്ങൾക്ക് കൃത്യത ഉണ്ടാവണം. അതിനുള്ള ശ്രമം തദ്ദേശസ്വയംഭരണ-മോട്ടോർ വാഹന വകുപ്പു മുതൽ തുടങ്ങി. 2004 ഓടെ പ്രധാന വകുപ്പുകൾ വെബ്സൈറ്റുകൾ ലോഞ്ച് ചെയ്യുന്നു. ഒക്ടോബർ 17 ന് കേരളം സ്വന്തമായ ഡാറ്റാസെന്റർ തുറക്കുന്നു. ഒരു സ്റ്റേറ്റ് ആദ്യമായി ചെയ്യുന്നതാണ്.

അതോടെ കേരളം ഒന്നാകെ ഒരു ഡിജിറ്റൽ ശൃംഖലയിൽ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങി. ഓഫീസുകളിലെ രേഖകൾ ഡിജിറ്റൽ ആയി മൊഴി മാറ്റി. ഒരു കുടിക്കെടാ സർട്ടിഫിക്കറ്റിന്‌ ഇപ്പോൾ ഓഫീസിന്റെ പര്യമ്പുറങ്ങളിൽ ഓച്ഛാനിച്ചു നിൽക്കേണ്ട. അത് നമ്മുടെ വിരൽത്തുമ്പിൽ കിട്ടും. ഇതൊക്കെ സാധ്യമായത് സംസ്ഥാനത്തെ ഇ ഗവേണൻസ് പദ്ധതിക്ക് അദ്ദേഹം മുന്നോട്ടു വെച്ച ദിശാബോധത്തിൽ നിന്നാണ്.

സർക്കാർ വിവരങ്ങൾ നൽകുന്ന കാൾ സെന്റർ തുറന്നു. സമാനമായി KSEB യിൽ ഫാൾട്ട് റിപ്പോർട്ട് ചെയ്യുന്നതിന് കാൾ സെന്റർ കൊണ്ടുവന്ന് ചിട്ടപ്പെടുത്തി. പ്രസരണനഷ്ടം ഒഴിവാക്കി നിലവിലുള്ള സംവിധാനത്തെ പ്രൊഫഷണലൈസ് ചെയ്തു. റേഷൻ കാർ‍ഡ് കമ്പ്യൂട്ടറൈസേഷൻ സിവിൽ സപ്ലൈസ് ഡയറക്ടറായിരിക്കെ കൊണ്ടുവന്നു. കേരള ടൂറിസത്തിൽ ഓഫ് സീസൺ ഡെസ്റ്റിനേഷൻ സങ്കല്പം നടപ്പിലാക്കി.

യുവാക്കൾക്ക് പ്രതീക്ഷ നൽകിയ സ്റ്റാർട്ട് അപ് മിഷൻ കെട്ടിപ്പൊക്കി. 5 ലക്ഷം വരെയുള്ള ആൻഡ്രോയിഡ് ആപ്പുകൾ സ്റ്റാർട്ട് അപ് സ്ഥാപനങ്ങൾക്ക് നൽകാൻ പബ്ലിക് പോളിസി കൊണ്ടുവന്നു. നൂറുകണക്കിന് ചെറുപ്പക്കാർക്ക് ഇത് തൊഴിൽ നൽകി.

ടെക്നോപാർക്ക് മൂന്നാം ഘട്ടം തടസങ്ങൾ നീക്കാൻ വലിയ ശ്രമം നടന്നു. നിസ്സാൻ, ടോറസ് തുടങ്ങിയ ഭീമന്മാരെ കേരളത്തിൽ എത്തിച്ചു. ഇപ്പോൾ എയർബസിന്റെ നിക്ഷേപത്തിനായുള്ള ശ്രമത്തിലായിരുന്നു.

ദേശീയ ഗെയിംസിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി മേള പരാതിയില്ലാതെ നടത്തി.

സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, പഞ്ചായത്തുകൾ, പൊതുമേഖലാസ്ഥാപനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾക്ക് ഓരോ ആറുമാസവും പുതുക്കുന്ന തരത്തിൽ CPRCS എന്ന സംവിധാനം ഒരുക്കി. ഒറ്റയ്ക്ക് ടെൻഡർ ചെയ്യുമ്പോൾ 48000 രൂപയ്ക്ക് കിട്ടിയിരുന്ന ലാപ്‍ടോപ്പ് 18500 രൂപയ്ക്ക് സർക്കാരിൽ ലഭിക്കുന്നു. പ്രത്യേകം ടെണ്ടർ വേണ്ട, മറ്റു നടപടിക്രമങ്ങളില്ല. എല്ലാ പ്രധാന ബ്രാന്റുകളും ഇതിൽ പെടും. ഈ സംവിധാനത്തിലൂടെ കോടിക്കണക്കിന് രൂപയാണ് ഓരോ വർഷവും സർക്കാരിന് ലാഭം ഉണ്ടാക്കുന്നത്.

വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകസ്ഥലംമാറ്റത്തിന് സോ‍ഫ്‍റ്റ്‍വെയറധിഷ്ഠിത സുതാര്യസംവിധാനം കൊണ്ടുവന്നു. കുട്ടികളുടെ എണ്ണം പെരുപ്പിക്കുന്നത് ഒഴിവാക്കാൻ കുട്ടികളുടെ സ്കൂൾ പ്രവേശനം UID യുമായി ബന്ധിപ്പിച്ചു.

2018 ലേയും 2019 ലേയും പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ലൈഫ് പദ്ധതിയ്ക്ക് രൂപരേഖയുണ്ടാക്കി. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് പുനർനിർമിക്കാനുള്ള പണം കണ്ടെത്താൻ ശ്രമം നടത്തി. 25,000 വീടുകൾ ഉണ്ടാക്കിയതിൽ 2000 വീടുകളെങ്കിലും ഇടത്തരം സ്പോൺസർമാർക്കൊണ്ട് സ്പോൺസർ ചെയ്യിച്ചു.

ഇതിനെല്ലാം പുറമെ *വലിയൊരു പ്രോജക്ട് സംസ്ഥാനത്തെങ്ങുമായി പൂർത്തിയായിവരികയാണ് – K-FON.* 20 ലക്ഷം പാവപ്പെട്ട കുടുംബങ്ങളിൽ സൗജന്യമായി ഇന്റർനെറ്റ് നൽകുന്നു. ഇപ്പോൾത്തന്നെ 2000 കേന്ദ്രങ്ങളിൽ ഫ്രീ വൈഫൈ ലഭ്യമാക്കിയിട്ടുണ്ട്. KSEB യും BHEL ഉം ചേർന്നുള്ള ഈ പ്രോജക്ടിലൂടെ വളരെ ചെറിയ നിരക്കിലാണ് നെറ്റ് ലഭിക്കുക. *റിലയൻസ് മുതൽ ഏഷ്യാനെറ്റ് വരെയുള്ളവരുടെ ബിസിനസ്സിൽ വലിയ തട്ടുകേടുണ്ടാക്കുന്ന പ്രോജക്ടാണിത്.*

ശിവശങ്കറിന്റെ മീറ്റിങ്ങിൽ പോകുമ്പോൾ നമുക്ക് ഒരു കാര്യം ഉറപ്പാണ്. തീരുമാനങ്ങൾ എടുത്തേ പിരിയൂ. പ്രശ്നങ്ങളെ നേരിട്ട് ഇടപെട്ട് തീർക്കും.

ഇന്ന് കേരളത്തിലെ എല്ലാ ഓഫീസുകളും ഒരേ നെറ്റ്‍വർക്കിലാണ്. വിവിധ വകുപ്പുകളിൽ വിവിധ തട്ടുകളിൽ ഉപയോഗിക്കുന്ന എല്ലാ സോഫ്‍റ്റ്‍വെയറുകളും ഇന്റഗ്രേറ്റ് ചെയ്തതുകൊണ്ടാണ് വകുപ്പുകൾക്ക് കാര്യക്ഷമത വന്നത്.

സർക്കാർസേവനകാലത്ത് നല്ല ട്രാക് റെക്കോർഡ് ഉള്ള ഒരാളെ വിചാരണ ചെയ്യുമ്പോൾ ഇതു കൂടി കാണണം. എന്റെ സഹപ്രവർത്തകനും PRD ഡയറക്ടറുമായിരുന്ന ഫിറോസിന് സംഭവിച്ചതിനു സമാനമായ സാഹചര്യം ആണ് ഇപ്പോൾ കാണുന്നത്. (വേട്ടയാടലുകൾക്കൊടുവിൽ ഹൃദയം പൊട്ടി മരിക്കുകയായിരുന്നു ഫിറോസ്.) അദ്ദേഹത്തിനു പറയാനുള്ളത് നമ്മൾ കേൾക്കുന്നുമില്ല.

രാഷ്ട്രീയകരുനീക്കങ്ങളുടെ ഇരയാകാൻ വിട്ടുകൊടുക്കാതെ നിയമസംവിധാനങ്ങൾ അദ്ദേഹത്തെ സംരക്ഷിക്കും എന്ന് ഞാൻ പ്രത്യാശിക്കുന്നു.

ഇപ്പോൾ നടക്കുന്നത് നാടകങ്ങളാണ്. രാഷ്ട്രീയ ലാഭത്തിനായി നടത്തുന്ന നാടകങ്ങൾ. അവധി ദിവസത്തിന്റെ തലേന്ന് കോടതി പിരിഞ്ഞശേഷം നടത്തുന്ന ഇത്തരം ഇടപെടലുകൾ എല്ലാം എക്കാലവും ദുഷ്ടലാക്കോടെയാണ്. അത് ചരിത്രം നമ്മെ പഠിപ്പിച്ചിട്ടുണ്ട്. നാടകം സംവിധാനം ചെയ്തവരെ കാലം പുറത്തു കൊണ്ടുവരും.
.

Back to top button
error: