NEWS

ഈ ലൗ സ്‌റ്റോറി ഹറാമോ ഹലാലോ..?

ടക്കന്‍ മലബാറിലെ ഒരു കൊച്ചു ഗ്രാമത്തിലുള്ള ഒരു സംഘടനയുടെ കുടക്കീഴില്‍ ഒത്തു കൂടുന്ന കലാപ്രേമികളായ കുറച്ചധികം ആളുകള്‍ ഒരു സിനിമ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്യുന്നു. ആ സംരഭത്തില്‍ അവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളും പൊല്ലാപ്പുകളും പറഞ്ഞ് വെക്കുന്ന കഥകളാണ് ഒരു ഹലാല്‍ ലൗ സ്റ്റോറി എന്ന ചിത്രത്തിന്റെ മൂലകഥയെന്ന് പറയാം. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ ചിത്രത്തിന്റെ വന്‍ വിജയത്തിന് ശേഷം സക്കറിയ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ഹലാല്‍ ലൗ സ്റ്റോറി. ആദ്യ ചിത്രത്തിലൂടെ വലിയൊരു വിഭാഗം പ്രേക്ഷകരെ കൈയ്യിലെടുത്ത സക്കറിയക്ക് തന്റെ രണ്ടാം ചിത്രത്തില്‍ കൈ പൊള്ളിയോ..?

ചിത്രം അമസോണ്‍ പ്രൈമില്‍ എത്തുന്നതു വരെ ആര്‍ക്കും ചിത്രത്തെക്കുറിച്ച് രണ്ട് അഭിപ്രായം ഉണ്ടായിരുന്നില്ല. സക്കറിയയില്‍ നിന്നും സുഡാനിക്ക് മുകളില്‍ നില്‍ക്കുന്നൊരു ചിത്രമല്ലാതെ മറ്റൊന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു സത്യം. എന്നാല്‍ ഹലാല്‍ ലൗ സ്റ്റോറി കണ്ട പ്രേക്ഷകര്‍ക്കിടയില്‍ രണ്ടഭിപ്രായമാണ് ഉയരുന്നത്. ഒരു കൂട്ടര്‍ ചിത്രം ജമാഅത്ത് രാഷ്ട്രീയത്തെ വെള്ള പൂശുന്നുവെന്നും മറ്റൊരു കൂട്ടര്‍ ഇത് മലബാര്‍ മുസ്ലിങ്ങളെ അപമാനിക്കുന്ന ചിത്രമാണെന്നും അഭിപ്രായപ്പെടുന്നു.

ഇത്തരം ആക്ഷേപങ്ങളും തുറന്ന് പറച്ചിലുകളും മലയാള സിനിമയ്ക്ക് പുതിയ കാര്യമല്ല. അടൂരിന്റെ മുഖാമുഖം എന്ന ചിത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധ ചിത്രമാണെന്ന് ഒരു കൂട്ടര്‍ വാളെടുത്തപ്പോള്‍ ജര്‍മ്മിനിയിലെ ഒരു ഫെസ്റ്റിവലിലേക്ക് ചിത്രത്തിന്റെ അവസരം നിഷേധിക്കപ്പെട്ടത് ഇതൊരു കമ്മ്യൂണിസ്റ്റ് അനുകൂല ചിത്രം ആണെന്ന പേരിലായിരുന്നു. ജയരാജിന്റെ ദേശാടനം എന്ന ചിത്രത്തിനും സമാന അനുഭവം നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തില്‍ അന്ധവിശ്വാസം വളര്‍ത്തുന്നുവെന്ന ആരോപണമായിരുന്നു ചിത്രം നേരിടേണ്ടി വന്നത്. അതേ സമയം വിശ്വാസങ്ങള്‍ ഒരു കുട്ടിയുടെ ബാല്യകൗമാരങ്ങളെ എങ്ങനെ തളച്ചിടുന്നു എന്ന് കാണിക്കുക വഴി തീര്‍ത്തു പുരോഗമന പരമായ ആശയമാണ് മുന്നോട്ട് വെക്കുന്നതെന്നായിരുന്നു വിദേശ ഫെസ്റ്റിവലുകളില്‍ നിന്നും ലഭിച്ച പ്രതികരണം. ചലച്ചിത്രത്തിന്റെ രാഷ്ട്രീയ പലപ്പോഴും മലയാളികളുടെ ഇടയില്‍ തെറ്റായി വ്യാഖ്യാനിക്കപ്പെടാറുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ഉര്‍ത്തുന്ന വാദം ഈ ചിത്രം ഒരു മുസ്ലിം സംഘടനയെ വെള്ള പൂശാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണെന്നാണ്. എന്നാല്‍ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം അത്തരം ചില സംഘടനകളെ ആക്ഷേപഹാസ്യത്തിലൂടെ കളിയാക്കാനും ചിത്രത്തിന് സാധിച്ചിട്ടുണ്ട്. അപ്പോള്‍ ഈ ചിത്രം തീര്‍ത്തും ന്യൂട്രല്‍ അല്ലേ എന്ന ആലോചനയും ഉണ്ടാവാം. സ്വന്തം ഭാര്യയെ കെട്ടിപ്പിടിക്കാന്‍ പോലും മടിക്കുന്ന ഷെരിഫ് ചിലരുടെയൊക്കെ പ്രതീകമാണ്. ചിത്രം അവസാനിക്കുമ്പോള്‍ പോലും അവശേഷിപ്പിക്കുന്ന ചില കാഴ്ചകളുണ്ട്. പുരോഗമനം എത്താത്ത ചുരം ഇറങ്ങുന്ന ബസുകള്‍ ഇനിയും ഈ നാട്ടിലുണ്ട് എന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ചിത്രം.

Back to top button
error: