NEWS

ജോസ് കെ മാണി ബാക്കി വെ്ച്ച സീറ്റുകള്‍ ഇനി ആര്‍ക്ക്..?

ജോസ് കെ മാണിയും കൂട്ടരും പുറത്തേക്ക് പോയപ്പോള്‍ പലര്‍ക്കും കണ്ണ് ജോസ് പക്ഷം ബാക്കി വെച്ചിരിക്കുന്ന സീറ്റുകളിലേക്കാണ്. ജോസും കൂട്ടരും പുറത്തേക്ക് പോയതോടെ ഇനി ആ സീറ്റുകളില്‍ ഏതെങ്കിലും ഒപ്പിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് പലരും. കോട്ടയം ജില്ലയില്‍ ഇടതു പക്ഷത്തിന് സ്ഥിരമായി പച്ച തൊടാനാവുന്നത് വൈക്കത്തും പഴയ കോട്ടയം സീറ്റുകളില്‍ മാത്രമാണ്. ജോസ് പക്ഷം ഇടത്തേക്ക് പോയതോടെ ജില്ലയില്‍ അവര്‍ മത്സരിച്ച് അഞ്ച് സീറ്റുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. ജോസഫ് പക്ഷം വില പേശുമെങ്കിലും കോണ്‍ഗ്രസ്സ് പൂര്‍ണമായും വിട്ടു നല്‍കില്ല. ഇടുക്കി ജോസഫിന് നല്‍കി കാട്ടയം കോണ്‍ഗ്രസ്സിന്റെ കൈയ്യില്‍ തന്നെ ഭദ്രമാക്കാനാവും സാധ്യത.

എം.പി സ്ഥാനം വിട്ടെറിഞ്ഞ് ജോസ് കെ മാണി എത്തുക അച്ചന്റെ തട്ടകമായ പാലായിലേക്ക് തന്നെയാണ്. ഇടതു പക്ഷവുമായി ഇക്കാര്യത്തില്‍ ധാരണകളുമായിട്ടുണ്ട്. ഇനി കഥ മാറി ജോസ് രാജ്യസഭയില്‍ തന്നെ തുടരാനാണ് തീരുമാനമെങ്കില്‍ റോഷി അഗസ്റ്റിനാവും പാലായിലേക്ക് പറന്നെത്തുക. അല്ലെങ്കില്‍ റോഷി രാജ്യസഭയിലേക്കും ജോസ് പാലായിലേക്കും എന്ന് മാറ്റി ചിന്തിക്കുകയും ആവാം. പാലായിലെ അന്തിമ ട്വിസ്റ്റ് മാണി സി കാപ്പന്റെ മറുപടിയിലാണ് ഒളിഞ്ഞിരിക്കുന്നത്. രാജ്യസഭ സീറ്റെന്ന പാരിതോഷികം കാപ്പന്‍ സ്വീകരിച്ചില്ലെങ്കില്‍ എന്‍സിപി യിലെ ഒരു വിഭാഗം യുഡിഎഫിലേക്ക് വന്നേക്കാം. അങ്ങനെയെങ്കില്‍ പാലയില്‍ ജോസിന് നേരിടേണ്ടി വരിക കാപ്പനെത്തന്നെയാകും. കാപ്പനെ കിട്ടിയില്ലെങ്കില്‍ ജോസഫ് വാഴക്കന്റെ പേരിനാണ് സാധ്യത കൂടുതല്‍

വാഴയ്ക്കന്‍ പാലായിലേക്ക് മാറിയാല്‍ പൂഞ്ഞാറില്‍ ടോമി കല്ലാനിയുടെ പേര് മുഴങ്ങി കേള്‍ക്കാനാണ് സാധ്യത കൂടുതലും. ജോസഫ് പക്ഷത്ത് നിന്നും ആവശ്യം ഉയരുമെന്നത് നിശ്ചയമാണ്. എല്‍.ഡി.എഫില്‍ ജോസ് പക്ഷത്തിനുള്ള സീറ്റാണ് പൂഞ്ഞാര്‍. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ മത്സരിക്കാനാണ് സാധ്യതകള്‍

ജോസ് പക്ഷവും സിപിഐ ഉം ഒരുപോലെ ആവശ്യപ്പെടുന്ന സീറ്റാണ് കാഞ്ഞിരപ്പള്ളി. സിറ്റിംഗ് എം.എല്‍.എ ആയ ജയരാജിന് തന്നെ ഒടുക്കം നറുക്ക് വീഴാനാണ് സാധ്യത. പകരം സിപിഐ ക്ക് മറ്റൊരു സീറ്റ് നല്‍കും. മറുവശത്താണെങ്കില്‍ കോണ്‍ഗ്രസ്സ് ഏറ്റെടുക്കാന്‍ സാധ്യതയുള്ള സീറ്റാണ് കാഞ്ഞിരപ്പള്ളി.

സി.എഫ് തോമസിന്റെ സീറ്റായിരുന്നതിനാല്‍ ചങ്ങനാശേരി ജോസഫ് പക്ഷത്തിന് ലഭിക്കാനാണ് സാധ്യത. സി.എഫ് തോമസിന്റെ മകളുടേതടക്കം പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കോണ്‍ഗ്രസ്സില്‍ നിന്നും മുന്‍മന്ത്രി കെ.സി ജോസഫും ഈ സീറ്റ് നോട്ടമിട്ടുണ്ട്.

കഴിഞ്ഞ രണ്ട് തവണയായി തോമസ് ചാഴിക്കാടന്‍ മത്സരിച്ച് പരാജയപ്പെട്ട ഏറ്റുമാനൂരില്‍ സിപിഎം തന്നെ തുടര്‍ന്ന് മത്സരിക്കാനാണ് സാധ്യത. ജോസഫ് പക്ഷത്തിന്റെ ജില്ലയിലെ ഏക സീറ്റാണ് കടുത്തുരുത്തി. ഇവിടെ മോന്‍സ് ജോസഫ് തന്നെ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ജോസ് പക്ഷത്തിന് കിട്ടാന്‍ സാധ്യതയുള്ള സീറ്റു കൂടിയാണിത്.

പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ സീറ്റുകളാണ് ജോസ് വിഭാഗത്തിന് സിപിഎം ഉറപ്പ് നല്‍കിയിരിക്കുന്ന സീറ്റുകള്‍. ജോസ് പക്ഷത്തിന് എല്‍.ഡി.എഫില്‍ 10 സീറ്റെങ്കിലും ലഭിക്കുമെന്നുറപ്പാണ്. ഇത് ജോസഫ് പക്ഷത്തിന് വെല്ലുവിളിയാകും. അത്രയും തന്നെ സീറ്റ് നേടിയെടുക്കാന്‍ ജോസഫും ശ്രമിക്കും

Back to top button
error: