NEWS

കൂട്ടുകാരീ, ഒരു കുടന്ന കണ്ണീരോടെ വിട…

കുവൈറ്റിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ഡിംപിൾ യൂജിനെക്കുറിച്ച് കൂട്ടുകാരിയും കോളജ് അദ്ധ്യാപികയുമായ ആതിര പ്രകാശ് മാടപ്പാട്ട് എഴുതിയ കുറിപ്പ്.

അന്നൊക്കെ ഓണപ്പരീക്ഷയിലോ ക്രിസ്മസ് പരീക്ഷയിലോ തൊട്ടടുത്ത ഡിവിഷനിലെ നീലിമയെക്കാൾ ഒന്നോ രണ്ടോ മാർക്ക്‌ കുറയുക എന്നാൽ അതൊരു ലോകാവസാനം പോലെയായിരുന്നു എനിക്ക്.

സങ്കടം കൊണ്ടു കണ്ണു നിറഞ്ഞൊഴുകുമെന്ന് തോന്നുമ്പോൾ സഹപാഠികൾ അതു കാണാതിരിക്കാൻ ക്ലാസ്സിലെ ബ്ലാക്ക് ബോർഡിന്റെ പിറകിൽ പോയി ഒളിക്കും. പക്ഷേ ക്ലാസ്സിലെ ഏറ്റവും ഉത്സാഹവതിയും സന്തോഷവതിയുമായ എന്റെ കൂട്ടുകാരി ഡിംപിളിന്റെ കണ്ണു വെട്ടിച്ച് ആ ക്ലാസ്സിൽ ഒന്നും നടക്കില്ല.

“പോട്ടെടേ….. ഇതെന്നാ അവസാനത്തെ പരീക്ഷ ഒന്നുമല്ലല്ലോ… പരീക്ഷ ഇനിയും വരും.. നീ ഒന്നാമത്തെത്തും…”
സെൻ്റ് തെരേസാസ് സ്കൂളിലെ വെറും ഒരു ആറാം ക്ലാസ്സു കാരി ആയിരുന്നു ഇത് പറയുമ്പോൾ എന്റെ കൂട്ടുകാരി ഡിംപിൾ യൂജിൻ.

ഒരു തോൽവിക്കും മുന്നിൽ തോറ്റുപോകാതെ തലയുയർത്തി നിൽക്കാൻ എന്നെ പഠിപ്പിച്ചവളെയാണ് ഞാൻ ഇപ്പോൾ യാത്രയാക്കുന്നത്.
വർഷങ്ങൾക്കു ശേഷം കൂട്ടുകാർ എല്ലാരും വാട്സാപ്പ് വഴി കണ്ടുമുട്ടിയപ്പോൾ പ്രതീക്ഷ കെ. മാത്യുവാണ് അവളോട്‌ ഒരു പ്രാർത്ഥന ചൊല്ലിതരാൻ പറഞ്ഞത്. ആറു വർഷം എല്ലാ സ്കൂൾ ദിനങ്ങളും പുലരുന്നത് അവളുടെ സംഗീതത്തിൽ ആയിരുന്നല്ലോ.

ഗോഡ് ഈ മൈ ഷപ്പേർഡ് എന്ന് പറയുമായിരുന്നവൾ തന്നെയാണ് സങ്കടങ്ങൾ വന്നാൽ മാതാവിനോട് പ്രാർത്ഥിക്കാൻ കൊന്ത ചൊല്ലാൻ എന്നെ പഠിപ്പിച്ചത്.
അതേ പ്രാർത്ഥന ചൊല്ലി ഞാൻ നിന്നെ യാത്രയാക്കുന്നു കൂട്ടുകാരീ….

സ്‌പോർട്സെന്നും തയ്യൽ ക്ലാസ്സെന്നും കേൾക്കുമ്പോൾ പേടിച്ചു മുട്ടുകാലിടിക്കുന്ന ഈയുള്ളവൾ, മറ്റുള്ളവർ കരുതുംപോലെ അത്ര ബഹുമുഖ പ്രതിഭ അല്ലെന്നു സ്വയം തിരിച്ചറിഞ്ഞത് കലാകായിക രംഗത്തും പഠനത്തിലും നേതൃ പാടവത്തിലും ഒരേപോലെ ശോഭിച്ച ഡിമ്പിൾനെ കാണുമ്പോളാണ്.

മൂക്കിൽ നിന്ന് ചോര വരുമായിരുന്നു എനിക്ക് പണ്ട്. അപ്പോളൊക്കെ സംസ്‌കൃതം ക്ലസിലെ കൊച്ചു മുറിയിൽ എന്നെ കിടത്തും. സ്കൂളിലെ ഞങ്ങളുടെ കാവൽ മാലാഖ ആയിരുന്ന സിസ്റ്റർ മാവുരൂസമ്മ…

എനിക്ക് കാവലിരുന്നു കരുതലോടെ പരിചരിക്കുവാൻ സിസ്റ്റർ ഏൽപ്പിക്കുക ഡിമ്പിളിനെ ആണ്. ചോര കണ്ട പേടിയോടെ, ഇപ്പോൾ ചത്തുപോകുമെന്ന ആധിയിൽ ഞാൻ കണ്ണടച്ച് കിടക്കും. നെറ്റിയിലും തലയിലും ഒരു കുഞ്ഞു കൈ എന്നെ തഴുകുന്നുണ്ടാവുമപ്പോൾ…

കുവൈറ്റിലെ മുബാറക് ഹോസ്പിറ്റലിലെ പ്രഗത്ഭയായ നേഴ്സ് ആയി ജോലി ചെയ്യുമ്പോൾ എത്രയോ മനുഷ്യർ അവളുടെ കരുതലേറ്റ് സുഖപ്പെട്ടിട്ടുണ്ടാവും. തന്നതൊന്നും തിരിച്ചു തരാതെ ഞാൻ നിന്നെ യാത്രയാക്കുന്നു കൂട്ടുകാരീ…

എന്റെ ഡാൻസിനും പ്രസംഗത്തിനും പിശുക്കില്ലാതെ കയ്യടിച്ചവൾ… എന്നെ സ്കൂൾ ലീഡർ ആക്കാൻ ഓടിനടന്നവൾ… സ്കൂളിലും പിന്നീട് സ്വകാര്യ ജീവിതത്തിലും ഒപ്പം നടന്നവരുടെ എല്ലാം വിജയം മാത്രം ആഗ്രഹിച്ചവൾ… ശ്വാസം കിട്ടാതെ നീ പിടയുന്നതിന് തൊട്ടുമുമ്പും നീ വ്യാകുലപ്പെട്ടത് നിന്റെ പങ്കാളിയുടെ നന്മക്കു വേണ്ടി ആയിരുന്നല്ലോ എന്നറിഞ്ഞു കൊണ്ടു ഞാൻ നിന്നെ യാത്രയാക്കുന്നു ഡിംപിൾ….

ആൺ വർഗ്ഗത്തിനെ കണികാണാൻ പോലും കിട്ടാത്ത കോൺവെൻ്റ് സ്കൂളിൽ കണക്കു പഠിപ്പിക്കാൻ വന്ന തോമസ് കുട്ടി എന്ന സുന്ദരൻമാഷിന്റെ ക്ലാസ്സിലെ ബാക്ക് ബെഞ്ചിലിരുന്ന് ഓരോ കുസൃതി ഒപ്പിക്കുന്ന ആ ദിവസങ്ങൾ ഉണർന്നു വരുന്നു എന്റെ മറവിയിൽ നിന്നും. വഴക്ക് പറയാൻ സാർ അടുത്തുവരുമെങ്കിലും ക്ലാസ്സിൽ ആരെക്കാളും ആദ്യം കണക്കിന് ഉത്തരം കിട്ടിയ അവളെ ഒന്നും പറയാതെ സാറങ്ങു പോകും.
‘തോമസ് കുട്ടീ വിട്ടോടാ…: എന്ന് പിന്നിൽ നിന്നാരോ അടക്കം പറയുന്നതു ഞാൻ കേട്ടിട്ടുണ്ട് പലപ്പോഴും.

എന്തൊരു കുസൃതിക്കാരിയും ഉത്സാഹവതിയും സന്തോഷവതിയുമായിരുന്നു നീ എന്നോർത്തോർത്തു ഞാൻ നിന്നെ യാത്രയാക്കുന്നു…
നോൺ വെജ് ആഹാരം ഞങ്ങളുടെ മാടപ്പാട്ട് വീട്ടിൽ നിഷിദ്ധം ആയിരുന്ന കാലം…. ഉച്ചക്ക് ബ്ലാക്ക് ബോർഡിന്റെ പിന്നിൽ വട്ടത്തിലിരുന്നു പൊതിച്ചോർ അഴിക്കുമ്പോൾ എനിക്കായി മീൻ പൊരിച്ചത് മാറ്റിവെച്ച് ഞാൻ ആർത്തിയോടെ അതു കഴിക്കുന്നത്‌ കണ്ട് സന്തോഷിച്ച അവൾക്കു എന്റെ അമ്മയുടെ….അല്ല ലോകത്തുള്ള എല്ലാ അമ്മമാരുടെയും മുഖത്തെ വാത്സല്യത്തിന്റെ ഛായ ആയിരുന്നില്ലേ…?

ആ മാതൃ സ്നേഹം മൂന്നു കുരുന്നുകൾക്ക് നിഷേധിച്ച ക്രൂരമായ വിധിയെ പഴിച്ചു കൊണ്ടല്ലാതെ നിന്നെ യാത്രയാക്കുവതെങ്ങനെ കൂട്ടുകാരീ….
പല കൂട്ടുകാരും എന്നെ ഓർക്കുന്നത് വിജയിയായും മിടുക്കിയായും കലാപ്രതിഭയായും ധീരയായും നേതാവായും ആണെങ്കിൽ, ഡിംപിൾ എന്ന കൂട്ടുകാരി എന്റെ പരാജയങ്ങൾക്കും രോഗത്തിനും നിരാശയ്ക്കും കണ്ണുനീരിനുമൊക്കെ സാക്ഷിയായവൾ ആണ്….

രണ്ടു ദിവസമായി വെന്റിലേറ്ററിൽ മരണത്തോട് ജയിക്കാൻ നീ ശ്രമിച്ചപ്പോളൊക്കെ നീറുന്ന മനസ്സോടെ പ്രാർത്ഥിക്കുകയായിരുന്നു ഞങ്ങൾ…. നിഷ്കളങ്ക ബാല്യം മുതൽ സൗഹൃദക്കൂട്ടിൽ ചേക്കേറിയ ഒരു സ്നേഹപക്ഷി കൂടൊഴിയുന്നതു സഹിക്കാവുന്നതിലും അപ്പുറം…
എന്നിട്ടും

ഞാൻ നിന്നെ യാത്രയാക്കുമ്പോൾ കരയാതിരിക്കണമെന്നോ…..
കാലം പോകേ പോകേ നീ പോയ ദൈവസന്നിധിയിലേക്ക് ഞങ്ങളും വരുമെന്ന് പറഞ്ഞു മാത്രമേ യാത്രയാക്കാനാവു നിന്നെ….
മാലാഖാമാർക്കൊപ്പം പാടുന്ന നിന്നെ ഓർക്കുമ്പോൾ ഞാൻ കരയാൻ പാടില്ല എന്നാണോ, പറയാനാകുമായിരുന്നെങ്കിൽ നീ എന്നോട് അവസാനമായി പറയുക…

https://www.facebook.com/athiramadappattu/posts/3664596850240428

Back to top button
error: