LIFENEWS

ബിജെപിയുടെ കടുത്ത വിമർശകയായിരുന്ന ഖുശ്‌ബു എന്തുകൊണ്ട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നു ?

മൂഹ മാധ്യമങ്ങളിൽ ബിജെപിയുടെ ,പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത വിമർശക ആയിരുന്നു ഖുശ്‌ബു .അതേ ഖുശ്‌ബു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുന്നത് കണ്ടു പലരും നെറ്റി ചുളിച്ചു .എന്തുകൊണ്ടാവും ഖുശ്‌ബു കോൺഗ്രസ്സ് വിട്ടത് ?

ആരാണ് ഖുശ്‌ബു ?

മുംബൈയിലെ പടിഞ്ഞാറൻ അന്ധേരിയിൽ ഒരു മുസ്ലിം കുടുംബത്തിലാണ് ഖുശ്‌ബുവിന്റെ ജനനം .1980 കളിൽ ബാലനടി ആയാണ് ഖുശ്‌ബു സിനിമയിൽ തിളങ്ങുന്നത് .സ്വയം യുക്തിവാദി എന്ന് വിളിക്കുന്ന ഖുശ്‌ബു അത്തരം ചർച്ചകളിൽ മടി ഇല്ലാതെ കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്ന വ്യക്തിയാണ് .

“തന്റെ ആശയങ്ങൾ പറയുമ്പോൾ ഖുശ്‌ബുവിൽ ലാളിത്യം കാണാം .കഠിനാധ്വാനി ആണ് ഖുശ്‌ബു .അവർക്ക് പറ്റിയ പാർട്ടി കോൺഗ്രസ് തന്നെയാണ് .എന്നാൽ ഖുശ്‌ബുവിലെ കഠിനാദ്ധ്വാനിയെ ഉൾക്കൊള്ളാൻ ആ പാർട്ടിക്കായില്ല .ഇന്നലെ വരെയുള്ള നിലപാടുകൾ എന്തുമാകട്ടെ ,ഖുശ്‌ബുവിന്‌ പ്രവർത്തിക്കാൻ ഒരു ഇടം എന്നതാകും ബിജെപിയെ തെരഞ്ഞെടുക്കാൻ കാരണം .”ഖുശ്ബുവിന്റെ സിനിമ മേഖലയിലെ ഒരു സുഹൃത്ത് വ്യക്തമാക്കി .

സാധാരണ സിനിമാക്കാരെ പോലെ തന്റെ രാഷ്ട്രീയം മൂടി വെക്കുന്ന ശീലമല്ലായിരുന്നു ഖുശ്‌ബുവിന്റേത് .2005ൽ വിവാഹ പൂർവ ലൈംഗിക ബന്ധത്തെ കുറിച്ച് ഖുശ്‌ബു ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖം ഏറെ വിവാദമായി .അഞ്ച് വർഷം വേണ്ടി വന്നു ആ പരാമർശവുമായി ബന്ധപ്പെട്ട കേസുകളിൽ നിന്ന് ഖുശ്ബുവിന് മുക്തി നേടാൻ .

ഡിഎംകെയിൽ ചേർന്നപ്പോൾ സാക്ഷാൽ കരുണാനിധി തന്നെ ഖുശ്‌ബുവിലെ പുരോഗമന ചിന്താഗതിക്കാരിയെ പുകഴ്ത്തി .പെരിയാറിന്റെ കഥ പറയുന്ന ചിത്രത്തിലെ മണിയമ്മയ് എന്ന കഥാപാത്രം രാഷ്ട്രീയത്തിൽ നിന്ന് ധാരാളം ആരാധകരെ ഖുശ്‌ബുവിന്‌ നേടിക്കൊടുത്തു .

എംകെ സ്റ്റാലിന്റെ പാർട്ടിയിലെ വളർച്ചയുടെ ഭാഗമായാണ് ഖുശ്‌ബു ഒതുക്കപ്പെടുന്നതും പിന്നീട് കോൺഗ്രസിൽ ചേരുന്നതും .അന്നത്തെ തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ ഇ വി കെ എസ് ഇളങ്കോവൻ ഖുശ്‌ബുവിലെ കഠിനാദ്ധ്വാനിയെ നന്നായി ഉപയോഗപ്പെടുത്തി .എന്നാൽ അദ്ദേഹം ആ സ്ഥാനത്ത് നിന്ന് മാറ്റപ്പെട്ടപ്പോൾ പാർട്ടിയിലെ ഖുശ്ബുവിന്റെ കഷ്ടകാലവും തുടങ്ങി .

2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന്റെ താര പ്രചാരക ഖുശ്‌ബു ആയിരുന്നു .തെക്കൻ തമിഴ്‌നാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി ഖുശ്‌ബു നയിച്ച പ്രചാരണത്തെ ഡി എം കെ നേതാക്കൾ തന്നെ വാഴ്ത്തി .

എന്നാൽ ഖുശ്ബുവിന് രാഷ്ട്രീയത്തിൽ ഭാഗ്യമുണ്ടായില്ല എന്ന് പറയുന്നവർ ഉണ്ട് .10 വർഷം മുൻപ് നിരവധി ഹിറ്റുകളും ,എന്തിന് ആരാധകർ അമ്പലം നിർമ്മിച്ച താരം എന്ന ബഹുമതിയുമായാണ് കരുണാനിധിയുടെ സാന്നിധ്യത്തിൽ ഖുശ്‌ബു ഡി എം കെയിൽ ചേരുന്നത് .

നാല് വർഷത്തിന് ശേഷം 2014 നവംബറിൽ ഡിഎംകെ വിട്ട് ഖുശ്‌ബു കോൺഗ്രസിൽ ചേരുന്നു .തമിഴ്‌നാട്ടിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ കോൺഗ്രസ് പ്രതിസന്ധിയിൽ ആയ സമയം ആയിരുന്നു അത് .ഡി എം കെ വിടാൻ ഖുശ്‌ബുവിനെ പ്രേരിപ്പിച്ചത് എന്തായിരുന്നു അത് തന്നെയാണ് കോൺഗ്രസ് വിടാൻ ഖുശ്‌ബുവിനെ പ്രേരിപ്പിച്ചതും .

വിവിധ ഭാഷകളിൽ ഉള്ള നിപുണതയും പരന്ന വായനയുമെല്ലാം മറ്റു താര രാഷ്ട്രീയക്കാരിൽ നിന്ന് ഖുശ്‌ബുവിനെ വ്യത്യസ്തയാക്കുന്നു .എന്നാൽ എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം ഡി എം കെയിലും കോൺഗ്രസിലും അവർക്ക് ശത്രുക്കളെ ഉണ്ടാക്കി .

കോൺഗ്രസിനെ പോലെയല്ല ഡിഎംകെയും ബിജെപിയും .കേഡർ പാർട്ടികളിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയും പരിമിതിയുമുണ്ട് .ഖുശ്‌ബുവിലൂടെ ബിജെപിയ്ക്ക് കുറച്ച് വോട്ട് കൂടുതൽ കിട്ടിയേക്കാം എന്ന് കോൺഗ്രസ് ,ഡിഎംകെ നേതാക്കൾ വിലയിരുത്തുന്നുണ്ട് .എന്നാൽ ഖുശ്‌ബുവിന്റെ ആശയങ്ങളുമായി യോജിച്ച് പോകുന്ന പാർട്ടികൾ ആയിട്ട് കൂടി ഡിഎംകെയിലും കോൺഗ്രസിലും ഖുശ്‌ബു രാഷ്ട്രീയമായി വളർന്നില്ല .ഈ സാഹചര്യത്തിൽ ബിജെപി അത് പ്രതീക്ഷിക്കാമോ എന്നതാണ് ചോദ്യം .

Back to top button
error: