NEWS

സ്വപ്‌നയ്ക്ക് പ്രളയ പദ്ധതിയിലും കമ്മീഷന്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ നിരവധി വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇപ്പോഴിതാ പ്രതിസ്വപ്‌ന സുരേഷിന്റെ മറ്റൊരു മൊഴി പുറത്ത്. കേരളത്തിലെ മഹാപ്രളയത്തിലും പ്രതിയായ സ്വപ്ന സുരേഷിന് കമ്മീഷന്‍ ലഭിച്ചിരുന്നു എന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. വിവിധ കേന്ദ്ര ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴിയില്‍ സ്വപ്‌നതന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിനായി യുഎഇ കോണ്‍സുലേറ്റ് നടപ്പാക്കിയ 5 കോടി രൂപയുടെ പദ്ധതിയില്‍ തനിക്ക് 25 ലക്ഷം രൂപ കമ്മീഷനായി കിട്ടിയെന്നാണ് സ്വപ്ന പറയുന്നത്.

പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ പുതുക്കിപ്പണിയാനുള്ള പദ്ധതിയില്‍ നിന്നാണ് സ്വപ്ന സുരേഷ് കമ്മീഷന്‍ പറ്റിയത്. പ്രളയത്തില്‍ ഏറെ നാശനഷ്ടങ്ങളുണ്ടായ പന്തളത്തെ വീടുകള്‍ പുതുക്കിപ്പണിഞ്ഞു കൊടുക്കുന്ന പദ്ധതി യുഎഇ കോണ്‍സുലേറ്റ് ഏറ്റെടുത്തിരുന്നു. ഇത് യുഎഇ കോണ്‍സുലേറ്റ് തന്നെ സന്നദ്ധരായി മുന്നോട്ടുവന്ന പദ്ധതിയാണ്. ഇതിനായി കോണ്‍സുലേറ്റ് നീക്കി വെച്ചത് അഞ്ച് കോടി രൂപയാണ്. 150 വീടുകളാണ് പുതുക്കിപ്പണിതു കൊടുക്കാന്‍ തീരുമാനിച്ചിരുന്നത്. ഇത് പണിയാനായി കരാറുകാരനെ കണ്ടെത്താന്‍ കോണ്‍സുല്‍ ജനറല്‍ തന്നോട് ആവശ്യപ്പെട്ടുവെന്നാണ് സ്വപ്ന സുരേഷ് മൊഴിയില്‍ പറയുന്നത്.

അങ്ങനെ നിര്‍മാണക്കരാറിന് ആളെ കണ്ടെത്തിക്കൊടുത്തതിന് കോണ്‍സുല്‍ ജനറല്‍ തന്നെയാണ് തനിക്ക് കമ്മീഷന്‍ തന്നത് എന്നാണ് സ്വപ്‌ന മൊഴിയില്‍ പറയുന്നത്. കോണ്‍സുല്‍ ജനറല്‍ ഇത് തനിക്ക് സമ്മാനമായി തന്നതാണെന്നും സ്വപ്‌ന പറയുന്നു.

Back to top button
error: