NEWS

ട്രംപിന്റെ ഇന്ത്യന്‍ ആരാധകന് വിട

അലഹബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് പൂജയും പ്രാര്‍ത്ഥനയും നടത്തിയ ഇന്ത്യന്‍ ആരാധകന്‍ മരിച്ചു.

തെലങ്കാനയിലെ കോണി സ്വദേശിയായ ട്രംപ് രാജു എന്ന ബസ്സ കൃഷ്ണ രാജു(38) ആണ് കുഴഞ്ഞു വീണ് മരിച്ചത്. ട്രംപിന് കോവിഡ് സ്ഥിരീകരിച്ച വാര്‍ത്തയറിഞ്ഞ് ഊണും ഉറക്കവുമുപേക്ഷിച്ച് തന്റെ ആരാധനാമൂര്‍ത്തിയുടെ സൗഖ്യത്തിനായി പൂജയും പ്രാര്‍ഥനയുമായി കഴിഞ്ഞു വരികയായിരുന്നു ബസ്സ കൃഷ്ണ രാജു.

ട്രംപിനോടുള്ള കടുത്ത ആരാധന മൂലം ട്രംപിന്റെ ആറടി ഉയരമുള്ള പ്രതിമ സ്ഥാപിച്ച് നേരത്തെ ശ്രദ്ധ നേടിയ വ്യക്തിയായിരുന്നു. ഞായറാഴ്ച ഉച്ച കഴിഞ്ഞ് ബന്ധുവിന്റെ വീട്ടില്‍ ചായ കുടിച്ചു കൊണ്ടിരിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ബസ്സ കൃഷ്ണ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

ട്രംപിനെ ഈശ്വരതുല്യനായി കണ്ട ബസ്സ കൃഷ്ണ രാജു വീടിന് സമീപത്ത് തന്നെ ട്രംപിന്റെ പ്രതിമ സ്ഥാപിച്ച് ദിവസവും പൂജയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്തിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജില്‍ ട്രംപിന്റെയും ട്രംപിനെ ആരാധിക്കുന്നതിന്റെയും ഫോട്ടോകളും വീഡിയോകളും അദ്ദേഹം പങ്കുവെച്ചിരുന്നു. ട്രംപിന് കോവിഡ് ബാധിച്ച വാര്‍ത്തയറിഞ്ഞ് ഇദ്ദേഹം വളരെ ദുഃഖിതനായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു.

https://www.facebook.com/krish.raju.9231/posts/814849712677360

Back to top button
error: