NEWS

ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ച്; സ്വപ്‌നയുടെ നിര്‍ണായക മൊഴി പുറത്ത്‌

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ ഓരോ ദിവസവും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴിയാണ് നിര്‍ണായകമായിരിക്കുന്നത്.

എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിയില്‍ വച്ചായിരുന്നെന്ന് സ്വപ്‌ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കി.
2017ല്‍ നടന്നത് അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നെന്നും സ്വപ്‌ന പറഞ്ഞു.

യുഎഇ കോണ്‍സല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലായിരുന്നു കൂടിക്കാഴ്ച. ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും സ്വപ്നയുടെ മൊഴിയിലുണ്ട്. കോണ്‍സുലേറ്റിലെ സെക്രട്ടറിയായതു മുതല്‍ മുഖ്യമന്ത്രിക്കു തന്നെ അറിയാം. 48.5 ലക്ഷം രൂപയുടെ നിക്ഷേപം ഉണ്ടെന്നും സ്വപ്ന സുരേഷ് ഇഡിയോടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്‌പേസ് പാര്‍ക്കില്‍ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും സ്വപ്‌ന മൊഴി നല്‍കി.

2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയില്‍ യുഎഇ കോണ്‍സുലേറ്റും സര്‍ക്കാരുമായുള്ള കാര്യങ്ങള്‍ക്ക് ശിവശങ്കറെയാണ് ബന്ധപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിക്കുകയായിരുന്നു.

കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് താനും ശിവശങ്കറെ സ്ഥിരമായി വിളിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള സംഭാഷണങ്ങളിലൂടെയാണ് തങ്ങള്‍ തമ്മിലുള്ള ബന്ധം വളര്‍ന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു.

Back to top button
error: